പെരിങ്ങളം: ഉരുള്‍പൊട്ടലിന്റെ കുത്തൊഴുക്കില്‍ ഒഴുകിയെത്തിയ വലിയ ആഞ്ഞിലി മരം വീടിനുള്ളിലേക്ക് കുത്തികയറി വീട്ടുടമസ്ഥന്റെ കാലിനു ഗുരുതര പരിക്ക്. പെരിങ്ങുളം വെട്ടുകല്ലേല്‍ മാര്‍ട്ടിന്റെ വീട്ടിലേക്കാണ് ഉരുള്‍ മലവെള്ളപ്പാച്ചില്‍ വലിയ ആഞ്ഞിലിമരം ഒഴുകിയെത്തിയത്.
ഇവിടെ മൂന്ന് ഉരുളുകളാണ് പൊട്ടിയത്. ആദ്യ ഉരുളില്‍ ചെറിയ മുഴക്കത്തോടെ വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായി. രണ്ടാമതും മലവെള്ളപ്പാച്ചിലുണ്ടായി. മൂന്നാമത്തെ മലവെള്ളപ്പാച്ചിലിലാണ് വലിയ മരങ്ങള്‍ ഉള്‍പ്പെടെ കുത്തിയൊഴുകിയെത്തിയത്.
മാര്‍ട്ടിന്റെ ഭാര്യയേയും മക്കളേയും ഈ സമയം വീട്ടില്‍ നിന്നു മാറ്റിയിരുന്നു. മാര്ട്ടിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശക്തമായ കുത്തൊഴുക്കില്‍ ആഞ്ഞിലി മരം ഒഴുകിയെത്തി വീടിന്റെ ഭിത്തിയിലിടിച്ച് മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തേക്ക് കയറിയത്. ഈ സമയം മാര്‍ട്ടിന്റെ ഒരു കാല് വീടിനകത്തായി പോയി. കാലിന്റെ മുട്ടിനു താഴെ അസ്ഥിപൊട്ടി തൊലി പൊളിഞ്ഞുപോയിരിക്കുകയാണ്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഒരു വീട് ഒലിച്ചു പോകുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു.