തിരുവനന്തപുരം: സിബിഎസ്ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു കോടതിയിൽ പോയ കുട്ടികൾക്ക് സംസ്ഥാന സർക്കാർ നിയമസഹായം നൽകുന്നതു പരിഗണനയിലാണെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. കഷ്ടപ്പെട്ടു പഠിച്ച വിദ്യാർഥികൾ നിരാശയിലാണ്.
പലർക്കും മാനസിക വിഭ്രാന്തിയുണ്ടായി. അനഭിലഷണീയ പ്രവണതകളാണുണ്ടായത്. മാഫിയ ബന്ധവും സംശയമിക്കുന്നു. കേന്ദ്രം ഇക്കാര്യത്തിൽ അലസമായാണ് പെരുമാറിയത്.
നീറ്റ് പരീക്ഷാ നടത്തിപ്പും സിബിഎസ്ഇ മൂല്യനിർണയവും പൂർണമായി കേന്ദ്ര നിയന്ത്രണത്തിലായതിനാൽ സംസ്ഥാനത്തിന് ഇടപെടാനും നടപടിയെടുക്കാനും പരിമിതിയുണ്ട്.
കുട്ടികളുടെ പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയും ആശങ്കകൾ അറിയിച്ചും കേന്ദ്രത്തിനു കത്തുനൽകി. ഓണ്‍സ്ക്രീൻ മൂല്യനിർണയത്തിലെ പിഴവ് കണ്ടെത്താൻ വിദഗ്ധസമിതിയെ നിയോഗിക്കണം, സാങ്കേതിക പിഴവുകൾ തിരുത്താൻ സാങ്കേതിക ഓഡിറ്റ് നടത്തണം, സമയബന്ധിതമായും സുതാര്യമായും പരാതി പരിഹരിക്കാൻ സംവിധാനമൊരുക്കണം എന്നീ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചിരുന്നു.
പ്രതിഷേധമുയർന്നപ്പോൾ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാൻ പേരിന് നടപടിയെടുത്തു. വിദ്യാർഥികൾക്ക് ആശ്വാസം ലഭിക്കാൻ സർക്കാർ ഇനിയും ഇടപെടുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കു വേണ്ടി മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു.
ദേശീയതലത്തിൽ രാഷ്ട്രീയ പിന്തുണയുള്ള മാഫിയയാണ് അട്ടിമറികൾ നടത്തിയതെന്ന് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച ജി.ആർ.അനിൽ പറഞ്ഞു. പൊതുസമൂഹം ആശങ്കയോടെയാണ് കുട്ടികളുടെ പ്രശ്നത്തെ കാണുന്നതെന്നും നിയമസഭയുടെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും സ്പീക്കർ പറഞ്ഞു.