കണ്ണൂർ: നഗരത്തിലെ ദീർഘകാല പാർക്കിംഗ് പ്രശ്നങ്ങൾക്ക് ഓണത്തിരക്കിനിടെ അല്പം ആശ്വാസം. ജവഹർ സ്റ്റേഡിയം കോർണറിലെ അത്യാധുനിക മൾട്ടി ലെവൽ പാർക്കിംഗ് സെന്റർ തുറന്നുകൊടുത്തു. പ്രഭാത് ജംഗ്ഷനിലെ രണ്ടാമത്തെ കേന്ദ്രം ഉടൻ തുറക്കും. അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്ത പൂർണമായും ഓട്ടോമേറ്റഡ് പാർക്കിംഗ് സെന്ററുകൾ പൂനെ ആസ്ഥാനമായുള്ള ആദി സോഫ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് 12.4 കോടി രൂപ ചെലവിലാണ് നിർമിച്ചത്
സ്റ്റേഡിയം കോർണർ സെന്ററിൽ ആറ് നിലകളിലായി നാല് യൂണിറ്റുകൾ ഉൾപ്പെടുന്നു. ആകെ 124 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും, ഓരോ നിലയിലും 31 വാഹനങ്ങൾ പാർക്ക് ചെയ്യാം. പ്രഭാത് ജംഗ്ഷനു സമീപമുള്ള സൗകര്യത്തിൽ 31 കാറുകൾക്ക് സഞ്ചരിക്കാവുന്ന ആറു നിലകളുള്ള ഒരു സിംഗിൾ യൂണിറ്റ് ഉൾപ്പെടുന്നു. സെന്ററിൽ ഒരു സെക്യൂരിറ്റിയേയും ഓപ്പറേറ്ററേയും നിയോഗിച്ചു ട്ടുണ്ട്. കുറച്ചു കാലത്തേയ്ക്ക് കന്പനി അധികൃതർ തന്നെയായിരിക്കും സംവിധാനത്തെ നിയന്ത്രി ക്കുക.
കണ്ണൂർ റെയിൽവേ സ്റ്റേഷനു ചുറ്റുമുള്ള പ്രദേശങ്ങളിൽ, വർഷങ്ങളായി പാർക്കിംഗ് ഒരു പ്രശ്നമായി നിലനിൽക്കുന്നതിനാൽ, പുതിയ സൗകര്യം ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുമെന്ന് മേയർ പറഞ്ഞു. ഇനി രണ്ട് ദിവസം കൂടി പാർക്കിംഗ് പൂർണമായി സൗജന്യമായിരിക്കും. ഈ ആഴ്ച തന്നെ നിരക്ക് നിശ്ചയിക്കും.
സൗകര്യങ്ങൾ ഇങ്ങനെ
24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് കേന്ദ്രം. ആദ്യ രണ്ടു മണിക്കൂറിൽ 30 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയും എന്ന നിരക്കിൽ എട്ടു മണിക്കൂർ വരെ പാർക്ക് ചെയ്യാം. 24 മണിക്കൂർ വാഹനം പാർക്ക് ചെയ്യുന്നതിനായി 150 രൂപ. 30 ദിവസത്തേക്ക് വാഹനം പാർക്ക് ചെയ്യുന്നതിനായി 3500 രൂപ ഒടുക്കണം. വാഹന ഉടമകളിൽനിന്നു ടാഗ് നഷ്ടപ്പെട്ടാൽ പുതിയ ടാഗിന് 300 രൂപ പിഴ ഈടാക്കും. നേരത്തെ ഇത്തരത്തിലാണ് നിരക്ക് നിശ്ചയിച്ചതെങ്കിലും ഇതിൽ മാറ്റം വരുത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
അനധികൃത പാർക്കിംഗ് തകൃതി
മൾട്ടി ലവൽ പാർക്കിംഗ് കേന്ദ്രത്തിനു സമീപവും പോലീസ് മൈതാനിക്കടുത്തും അനധികൃത വാഹന പാർക്കിംഗ് തകൃതിയാണ്. പോലീസ് ഇവിടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെ ങ്കിലും കാര്യമൊന്നുമില്ല. യഥേഷ്ടം വാഹനങ്ങൾ ഇവിടെ നിർത്തിയിടുന്നത് കാണാം. പാർക്കിംഗ് സംവിധാനം വരുന്നതോടെ ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാകും. സാധനം വാങ്ങാൻ കടയിൽ വരുന്നവരുടെ വാഹനം അനധികൃത പാർക്കിംഗ് കാരണം കടയ്ക്ക് മുന്നിലുള്ള പാർക്കിംഗ് സ്ഥലത്ത് നിർത്താൻ കഴിയാത്ത സാഹചര്യം മൾട്ടി കാർ പാർക്കിംഗ് വന്നതോടെ പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് വ്യാപാരികൾ.
തീരാത്ത വിവാദം
മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്തതിനുശേഷവും വാഹനങ്ങൾ എത്താതിരുന്നതും, ഡിപിആറിലെ അപാകതകളും സാങ്കേതിക വീഴ്ചകളും എൽഡിഎഫ് - യുഡിഎഫ് മുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരിന് കഴിഞ്ഞ നവംബറിൽ വഴിവച്ചിരുന്നു.
പ്ലാനിംഗ് പാളിയെന്നായിരുന്നു യുഡിഎഫ് ആരോപണം. 2015-2019 കാലഘട്ടത്തിലെ എൽഡിഎഫ് ഭരണസമിതിയാണ് കിറ്റ്കോയ്ക്ക് അപര്യാപ്തമായ പഠനങ്ങളോടെ ഡിപിആർ തയാറാക്കാൻ അനുമതി നൽകിയത്. മുൻ ഭരണകൂടത്തിന്റെ തിടുക്കത്തിലുള്ള തീരുമാനങ്ങളാണ് പദ്ധതിയിൽ സാങ്കേതിക വീഴ്ചകൾക്കും കാലതാമസത്തിനും വലിയ സാമ്പത്തിക ബാധ്യതയ്ക്കും കാരണമായതെന്ന് മേയർ പി. ഇന്ദിര ആരോപിച്ചിരുന്നു. എന്നാൽ കോടികൾ മുടക്കി നിർമിച്ച പദ്ധതി ജനങ്ങൾക്ക് ഉപകാരപ്പെടാതെ നോക്കുകുത്തിയായി മാറിയെന്നായിരുന്നു എൽഡിഎഫ് ആരോപണം.