പ്രവിത്താനം: ജീവിത നൈപുണി കോഴ്സുകള്‍ക്ക് പ്രാധാന്യം നല്കിയ സിലബസ് പരിഷ്കരണം കാലോചിതമാണെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. ഉപജില്ലാതല ശാസ്ത്രമേളയിലും കലോത്സവത്തിലും കായികമേളയിലും കെസിഎസ്എല്‍ സാഹിത്യോത്സവത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വിജയദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍തന്നെ പ്രായോഗിക പരിജ്ഞാനം കുട്ടികള്‍ ആര്‍ജിക്കുന്നതു മുന്നോട്ടുള്ള അവരുടെ ജീവിതപ്രയാണത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലാ രൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ ഭാഗമായി 20 വര്‍ഷവും അതിലധികവും സേവനം പൂര്‍ത്തിയാക്കിയ അധ്യാപകരെയും അനധ്യാപകരെയും ഉപജില്ലാ ശാസ്ത്ര, കായിക, കലാമേളകളില്‍ തിളക്കമാര്‍ന്ന നേട്ടം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം മനോഹരമായ ഒരു ഗാനവും അദ്ദേഹം ആലപിച്ചു.
ഇക്കഴിഞ്ഞ ഉപജില്ലാതല ശാസ്ത്രമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂള്‍ ഗ്രാന്‍ഡ് ഓവറോള്‍ സ്ഥാനത്തിന് അര്‍ഹരായി.
സ്കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോളും ഹൈസ്കൂള്‍ വിഭാഗത്തില്‍ തേര്‍ഡ് ഓവറോളും നേടിയ വിദ്യാലയം ഗ്രാന്‍ഡ് ഓവറോളില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കായികമേളകളിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ച സ്കൂളിലെ ഹാന്‍ഡ്ബോള്‍ താരങ്ങള്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
കെസിഎസ്എല്‍ സാഹിത്യോത്സവത്തില്‍ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി തേര്‍ഡ് ഓവറോള്‍ നേടാനും സ്കൂളിന് സാധിച്ചു.
പ്രവിത്താനം ഫൊറാന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ഡാന്‍ കടുപ്പില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് ജിനു ജെ. വല്ലനാട്ട്, പൂര്‍വവിദ്യാര്‍ഥി സിബിച്ചന് ജോസഫ് കൂടമറ്റത്തില്‍, പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, സെന്റ് അഗസ്റ്റിന്‍സ് എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് ബാബു ജോസഫ്, പിടിഎ പ്രസിഡന്റ് ജോബി ജോസഫ്, എംപിടിഎ പ്രസിഡന്റ് സോനാ ഷാജി, സ്റ്റാഫ് സെക്രട്ടറി ജോജിമോന് ജോസ് എന്നിവര്‍ പ്രസംഗിച്ചു.