മുംബൈ: പുതിയൊരു സ്കൂട്ടർ വാങ്ങാൻ ഷോറൂമിൽ എത്തിയപ്പോൾ എടുത്ത ഒരൊറ്റ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ താരമായി മഹാരാഷ്ട്രയിലെ യവത്മാലിലുള്ള വാഘാപൂർ സ്വദേശിയായ രുദ്രാൻഷ് താക്കൂർ എന്ന രണ്ടുവയസുകാരൻ.അച്ഛനമ്മമാർക്കൊപ്പം പുതിയ ഹോണ്ട ആക്ടിവ സ്കൂട്ടർ ഡെലിവറി എടുക്കാൻ എത്തിയപ്പോഴാണ് രുദ്രാൻഷിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ വീഡിയോ പിറന്നത്.
പുതിയ വണ്ടിക്ക് മുന്നിൽ പോക്കറ്റിൽ കൈയിട്ട് നിന്ന് സ്റ്റലിഷായി ഫോട്ടോ എടുക്കുമ്പോൾ ഈ കൊച്ചുമിടുക്കൻ നൽകിയ കൂൾ ആയ ഭാവങ്ങളും, ആത്മവിശ്വാസം നിറഞ്ഞ പോസുകളും ആറ്റിറ്റൂഡ് ലുക്കുമൊക്കെയാണ് ആളുകളുടെ മനം കവർന്നത്. നവംബർ 9-ന് @bhonduuu_baccha എന്ന പേജിലൂടെ പങ്കുവെച്ച പുതിയ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലായി. ആദ്യ 7-8 മണിക്കൂറിനുള്ളിൽ പത്ത് മില്യൺ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഓറ കിംഗ്' എന്നും 'മിനി സഞ്ജയ് ദത്ത്' എന്നുമാണ് ഇന്റർനെറ്റ് ലോകം അവനെ ഓമനപേരിട്ട് വിളിച്ചത്.
വീഡിയോ തരംഗമായതോടെ ഇവർ സ്കൂട്ടർ വാങ്ങിയ സായ് പോയിന്റ് ഹോണ്ട ഷോറൂമിന്റെ ഉടമയായ ദിലീപ് ബോബഡെ പാട്ടീൽ രുദ്രാൻഷിനെയും കുടുംബത്തെയും വീണ്ടും ഷോറൂമിലേക്ക് ക്ഷണിക്കുകയും, അവന്റെ എൽ.കെ.ജി മുതൽ ബിരുദം വരെയുള്ള മുഴുവൻ പഠനച്ചെലവും താൻ ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. സാധാരണക്കാരായ തങ്ങളുടെ കുടുംബത്തിന് മകന്റെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇനി ആശങ്ക വേണ്ടല്ലോ എന്ന വലിയ സന്തോഷത്തിലാണ് രുദ്രാൻഷിന്റെ മാതാപിതാക്കൾ.
ആറുമാസം മുന്പ് യഷ് ചിഞ്ചോൾക്കർ എന്ന യുവാവാണ് രുദ്രാൻഷിന്റെ കുസൃതികൾ പകർത്തി പോസ്റ്റ് ചെയ്യാൻ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്. ഒരൊറ്റ വീഡിയോയിലൂടെ അമ്പതിനായിരത്തിലധികം ഫോളോവേഴ്സിനെ നേടിയ ഈ കൊച്ചുമിടുക്കൻ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ മിന്നും താരമാണ്.