ലൈവ് വീഡിയോ സ്ട്രീമിംഗുകൾക്കിടയിൽ സംസാരിക്കുന്ന വ്യക്തിയുടെ വാക്കുകളും മുഖഭാവങ്ങളും തത്സമയം തിരുത്താൻ ശേഷിയുള്ള പുതിയ എഐ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് നേടി മൈക്രോസോഫ്റ്റ്. സ്ട്രീമിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സംസാരിക്കുന്നയാളുടെ വാക്കുകൾ മാറ്റാനും, ആവശ്യമില്ലാത്ത പ്രയോഗങ്ങൾ നീക്കം ചെയ്യാനും, ചുണ്ടുകളുടെ അനക്കവും മുഖഭാവവും മാറ്റാനുമുള്ള സംവിധാനമാണ് മൈക്രോസോഫ്റ്റ് വികസിപ്പിക്കുന്നത്.
സാധാരണയായി നൽകുന്ന സബ്ടൈറ്റിലുകൾക്കോ ശബ്ദ ഫിൽട്ടറുകൾക്കോ പപ്പുറം, വീഡിയോയിലെ വ്യക്തിയുടെ യഥാർഥ പ്രകടനത്തെ തന്നെ മാറ്റിമറിക്കാൻ ഈ എഐ സാങ്കേതികവിദ്യയ്ക്ക് കഴിയും. ലൈവ് സംപ്രേഷണം നടക്കുന്ന വേളയിൽ തന്നെ മറ്റ് ഭാഷകളിലേക്ക് ശബ്ദം മാറ്റാനും, അതിനനുസരിച്ച് സംസാരിക്കുന്നയാളുടെ ചുണ്ടുകളുടെ അനക്കം (Lip-sync) കൃത്യമായി ഒപ്പിയെടുക്കാനും ഈ സിസ്റ്റത്തിന് കഴിയും.
സംസാരത്തിനിടയിലെ തടസ്സങ്ങൾ, 'Um', 'Ah' തുടങ്ങിയ അനാവശ്യ വാക്കുകൾ, തെറ്റായ ഉച്ചാരണങ്ങൾ എന്നിവ ലൈവിൽ തന്നെ തിരുത്തപ്പെടും. പ്രാദേശിക പ്രയോഗങ്ങൾ, അധിക്ഷേപകരമായ വാക്കുകൾ അല്ലെങ്കിൽ കാണുന്നയാൾക്ക് ഇഷ്ടപ്പെടാത്ത ശൈലികൾ എന്നിവ കണ്ടെത്തി പകരം അനുയോജ്യമായ വാക്കുകൾ ചേർക്കാൻ എഐക്ക് സാധിക്കും.
ഒരേ ലൈവ് വീഡിയോ കാണുന്ന ഓരോ വ്യക്തിയുടെയും മുൻഗണനകൾക്ക് അനുസരിച്ച് വ്യത്യസ്തമായ ശബ്ദവും മുഖഭാവങ്ങളുമുള്ള വീഡിയോകൾ സ്ട്രീം ചെയ്യാൻ ഇതിലൂടെ സാധിക്കും. ലൈവ് സംപ്രേഷണങ്ങളിൽ ഒരാളുടെ യഥാർഥ സംസാരവും ശൈലിയും മാറ്റിമറിക്കുന്നത് വരിതെറ്റിച്ചുള്ള വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതിനായി യഥാർത്ഥ വീഡിയോ മാറ്റമില്ലാതെ സൂക്ഷിക്കാനുള്ള സംവിധാനവും പേറ്റന്റിൽ നിർദ്ദേശിക്കുന്നുണ്ട്.
നിലവിൽ ഇതിനായി പേറ്റന്റ് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഈ സാങ്കേതികവിദ്യ എപ്പോൾ പൊതുജനങ്ങളിലേക്ക് എത്തിക്കുമെന്ന കാര്യം മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.