കൊല്ലങ്കോട്: മുതലമടയിലെ സിപിഎം പാർട്ടി ഓഫിസിലിരുന്നു മദ്യപിച്ച ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. ബ്രിജേഷിന്റെ നേതൃത്വത്തിൽ പാർട്ടി ഓഫിസിൽ നടന്ന മദ്യപാനദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു.
സംഭവം പാർട്ടി അണികളിലും പ്രാദേശികനേതൃത്വത്തിലും കടുത്ത അമർഷത്തിനിടയതോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ ബ്രിജേഷിനെയും രണ്ടു പ്രവർത്തകരെയും സസ്പെൻഡ് ചെയ്തത്.
ഓഫിസിനകത്തെ മേശയിൽ മദ്യക്കുപ്പികൾവച്ച് മദ്യപിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരേ നടപടി ആവശ്യപ്പെട്ട് പാർട്ടി ഭാരവാഹികൾ ജില്ലാ സെകട്ടറിക്കു പരാതി നൽകിയിരുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽനിന്ന് വ്യക്തമായ ഭൂരിപക്ഷത്തിൽ എൽഡിഎഫ് മുതലമട പഞ്ചായത്തുഭരണം തിരിച്ചുപിടിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടി ഭാരവാഹി തന്നെ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്ന രീതിയിൽ പരസ്യമദ്യപാനം നടത്തിയതാണ് അണികളിൽ അമർഷത്തിനിടയാക്കിയത്.