കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല. നേരത്തെ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മുട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു. ആ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തില്ലെങ്കിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും മമ്മൂട്ടി വോട്ടു ചെയ്തിരുന്നു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 7.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ എട്ടുശതമാനവും ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഏഴു ശതമാനവും എറണാകുളത്ത് 8.5 ശതമാനവും വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്.