ചങ്ങരംകുളം: കാഞ്ഞിയൂര്‍ തെങ്ങില്‍ റോഡിലെ പാലം അപകട ഭീഷണിയിലാണെന്നും പൊളിച്ചുപണിയണമെന്നും നാട്ടുകാര്‍. 50-വര്‍ഷം മുമ്പ് റോഡ് നിര്‍മിച്ച സമയത്താണ് ഈ പാലവും പണിതത്.
ചങ്ങരംകുളം-എരമംഗലം, ചങ്ങരംകുളം-ചെറവല്ലൂര്‍, ചങ്ങരംകുളം-എടപ്പാള്‍ എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൃഷിയിടങ്ങളിലേക്ക് ട്രാക്ടര്‍, കൊയ്ത്തുമെതി യന്ത്രങ്ങള്‍ എന്നിവ ഇറക്കുന്നത് പാലത്തിന് സമീപത്തുകൂടിയാണ്.
പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് ദ്രവിച്ച് കമ്പികള്‍ പുറത്തേക്ക് കാണുന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഫണ്ട് അനുവദിച്ച് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ പാലവും വീതികൂട്ടി പൊളിച്ചുപണിയണമെന്നാണ് ആവശ്യം.