തിരുവനന്തപുരം: ലോക്ഭവനിൽ മാംസാഹാരം പാകം ചെയ്യരുതെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എല്ലാവരും വെജിറ്റേറിയൻ ആകണമെന്ന തരത്തിലുള്ള തിട്ടൂരം കടന്ന കൈയായിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
കേരളം സമ്മിശ്ര ഭക്ഷണസംസ്കാരമുള്ള നാടാണെന്നും ജനങ്ങളുടെ ഭക്ഷണശീലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഭക്ഷണത്തിന് ആരെങ്കിലും വിലക്കേർപ്പെടുത്താൻ ശ്രമിച്ചാൽ അത് അംഗീകരിക്കില്ലെന്നും കെ.സി പറഞ്ഞു. ഗവർണറുടെ നിർദേശം വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.
വ്യക്തികളുടെ ഭക്ഷണരീതികൾ അവരുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള ഭരണഘടന നൽകുന്ന അവകാശമാണ്. ഭരണഘടനാ അവകാശം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി തന്നെയാണ് ഇവിടെ തന്റെ ഭക്ഷണ രീതി തന്നെ മറ്റുള്ളവർ പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നത്.
അധികാരം ഉപയോഗിച്ച് ഇവിടെ വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുകയാണ് നിയുക്ത ഗവർണർ ചെയ്യുന്നത്. കാലങ്ങളായി കവർന്നെടുക്കലെന്ന അജണ്ട പിന്തുടരുന്ന സംഘപരിവാറിന്റെ ഭരണഘടനാ വിരുദ്ധ താത്പര്യങ്ങളുടെ തുടർച്ചയാണിത്. വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ നമ്മളിൽ നിന്ന് ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.