Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lunch Scheme

വിലക്കയറ്റം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ

ആലപ്പുഴ: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം മൂലം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പോലും അവതാളത്തിലാണ്. പാചകവാതക വില കുതിച്ചുയർന്നതും കടുത്ത സിലിണ്ടർ ക്ഷാമവും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ പ്രതിസന്ധിയിലാക്കി.

വാണിജ്യ സിലിണ്ടറുകളുടെ വില 4,000 രൂപയിൽ എത്തിനിൽക്കെ, പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പ്രഥമാധ്യാപകരും പാചകത്തൊഴിലാളികളും നെട്ടോട്ടത്തിലാണ്. എന്നാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2026-27 വർഷത്തെ മാർഗനിർദേശങ്ങളിൽ ഈ ഗുരുതര പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു പരാമർശവുമില്ല. പ്രതിസന്ധി പരിഹരിക്കാൻ യൂഡിഎഫ് സർക്കാർ നയം വ്യക്തമാക്കാത്തതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയിൽ പ്രതിഷേധം ശക്തമാവുകയാണ്.

100 കുട്ടികളുള്ള ഒരു സ്കൂളിന് ഒരു മാസം കുറഞ്ഞത് 19 കിലോഗ്രാമിന്റെ രണ്ട് വാണിജ്യ സിലിണ്ടറുകൾ ആവശ്യമാണ്. സിലിണ്ടറിന് മാത്രം നിലവിൽ 8000 രൂപയോളം ചെലവ് വരുന്നു. എൽപി സ്കൂൾ വിദ്യാർഥിക്ക് 6.19 രൂപയും യുപിക്ക് 9.29 രൂപയുമാണ് സർക്കാർ നൽകുന്ന തുക. കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരച്ച് ഈ തുക വീണ്ടും കുറയും. ഹോട്ടലുകൾ ഉയർന്ന വില നൽകി സ്വകാര്യ ഏജൻസികളിൽ നിന്ന് സിലിണ്ടർ വാങ്ങാറുണ്ടെങ്കിലും സ്കൂളുകൾക്ക് അധിക തുക കണക്കിൽ കാണിക്കാൻ അനുവാദമില്ല. തന്മൂലം പ്രധാനാധ്യാപകർ സ്വന്തം കൈയിൽ നിന്ന് പണമെടുത്ത് പദ്ധതി മുന്നോട്ട് കൊണ്ടുപോകേണ്ട ഗതികേടിലാണ്.

പുതിയ സ്കൂൾ കെട്ടിടങ്ങളിൽ വിറകടുപ്പില്ലാത്ത ആധുനിക അടുക്കളകൾ നിർമ്മിച്ചതിനാൽ ഗ്യാസ് തീർന്നാൽ വിറക് കത്തിച്ചു ഭക്ഷണം പാചകം ചെയ്യാനും നിർവ്വാഹമില്ല. പഴയ വിറകടുപ്പുകൾ പൊളിച്ചുമാറ്റാൻ കർശന നിർദേശമുണ്ടായിരുന്നതിനാൽ പലയിടത്തും താൽക്കാലിക അടുപ്പുകൾ ഉണ്ടാക്കിയാണ് നിലവിൽ പാചകം ചെയ്യുന്നത്. കാലവർഷം കനക്കുന്നതോടെ ഇതും വലിയ പ്രതിസന്ധിയിലാകും.

ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് പാലും ഒരു ദിവസം മുട്ടയും നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ വിപണിയിൽ പാൽ വില വർധിച്ചതും പ്രതിദിന പ്രവർത്തനങ്ങളെ ബാധിച്ചു. ഭൂരിഭാഗം സ്കൂളുകളിലും പാലും മുട്ടയും ആഴ്ചയിൽ ഒരു ദിവസമാക്കി പരിമിതപ്പെടുത്തി. ആവശ്യമായ സമയത്ത് പാചകവാതകം ലഭിക്കാത്തതിനാൽ പല സ്കൂളകളിലും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. ഇത് വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളെയും ക്ലാസുകളുടെ സമയക്രമത്തെയും സാരമായി ബാധിക്കുന്നു. കുട്ടികളുടെ ഭക്ഷണവും സുരക്ഷയും സംബന്ധിച്ച് രക്ഷിതാക്കളും വലിയ ആശങ്കയിലാണ്.

പ്രതിദിനം 450 രൂപ വേതനത്തിൽ ജോലി ചെയ്യുന്ന പാചകത്തൊഴിലാളികളും അധ്യാപകരും വലിയ ജോലിഭാരമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഭക്ഷണത്തിനുള്ള കുട്ടികളുടെ വിഹിതം അടിയന്തരമായി വർധിപ്പിക്കാൻ സർക്കാർ തയാറാകണമെന്നാണ് അധ്യാപക സംഘടനകളുടെ പ്രധാന ആവശ്യം.

Latest News

Corehub Up