തിരുവനന്തപുരം: കസ്റ്റഡി മർദനത്തിൽ വിവാദത്തിലായ ഡിവൈഎസ്പി മധു ബാബുവിന് സ്ഥാനക്കയറ്റം നല്കാന് നീക്കം. എസ്പിയായി സ്ഥാനക്കയറ്റം നൽകാൻ ഡിപ്പാർട്ടുമെന്റിൽ പ്രമോഷൻ കൗൺസിൽ അംഗീകാരം നൽകി.
മധു ബാബു കോന്നി എസ്ഐയായിരിക്കെ എസ്എഫ്ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന് തണ്ണിത്തോടിനെ മര്‍ദിച്ചിരുന്നു. കർണപടം അടിച്ച് തകർത്തുവെന്നും പെപ്പർ സ്പ്രേ പ്രയോഗിച്ചുവെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു. തുടർന്ന് ക്രമസമാധാന ചുമതയിൽ നിന്ന് മധു ബാബുവിനെ നീക്കിയിരുന്നു.
2006 ഓഗസ്റ്റിൽ പള്ളിപ്പുറം സ്വദേശിയെ മർദിച്ച കേസിൽ കോടതി ഈ ഉദ്യോഗസ്ഥനെ തടവും പിഴയും ശിക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പായാണ് സാധാരണഗതിയിൽ ഡിപ്പാർട്ടുമെന്റിൽ പ്രമോഷൻ കൗൺസിൽ കൂടുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്.