കൊച്ചി: മഹാരാജാസ് കോളജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ കടത്താൻ ശ്രമിച്ച പൂർവ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ എട്ട് കട്ടിലുകൾ കടത്താൻ ശ്രമിച്ച ആന്സ്റ്റനാണ് പിടിയിലായത്. പ്രതി കട്ടിലുകൾ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഹോസ്റ്റൽ വാർഡൻ ഉടൻ തന്നെ ഇയാളെ തടഞ്ഞു.
എന്തിനാണ് കട്ടിലുകൾ കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോൾ മൂട്ട ശല്യം ഒഴിവാക്കാൻ കെമിക്കൽ അടിക്കാൻ കൊണ്ടുപോവുകയാണെന്നായിരുന്നു ഇയാളുടെ മറുപടി. എന്നാൽ ഇതിനായി ആരാണ് ചുമതലപ്പെടുത്തിയത് എന്ന വാർഡന്റെ അടുത്ത ചോദ്യത്തിന് മറുപടിയില്ലാതെ ഇയാൾ പരുങ്ങി.
ഇതോടെ മോഷണശ്രമമാണെന്ന് ബോധ്യപ്പെട്ട അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ മുമ്പും ഇങ്ങനെ കട്ടിൽ കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കോളജ് അധികൃതർ നൽകിയ പരാതിയിൽ പറയുന്നു.