കുമരകം: കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാത താഴ്ന്ന് അപകടാവസ്ഥയിലായതിനെത്തുടർന്ന് നടത്താൻ തീരുമാനിച്ച അടിയന്തര അറ്റകുറ്റപ്പണികൾക്ക് മഴ വില്ലനായി.
കഴിഞ്ഞയാഴ്ച മധ്യത്തോടെ അറ്റകുറ്റപ്പണി നടത്താനായിരുന്നു നാട്ടകം സുരേഷ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ തീരുമാനം. ഇതിനാവശ്യമായ മെറ്റലും ടാറും യന്ത്രങ്ങളും എല്ലാം സ്ഥലത്ത് എത്തിക്കുകയും ചെയ്തു. എന്നാൽ മഴമൂലം ഇതുവരെ പണി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് നിർമാണം നടത്താനാകുമെന്ന പ്രതീക്ഷയും ഇന്നലെ രാത്രിയിലെ മഴയെത്തുടർന്ന് ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.
പാലത്തിന്റെ കിഴക്കേക്കരയിലെ പ്രവേശന പാത താഴ്ന്നതോടെ ഇതുവഴിയുള്ള വാഹനയാത്ര അതീവ അപകടകരമായ അവസ്ഥയിലാണ്. രണ്ട് അപകടങ്ങൾ നടന്നു കഴിഞ്ഞു. പാലത്തിന്റെ ഇറക്കത്തിൽ ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
എൻജിനിയറിംഗിലെ അപാകത ഗുരുതരം
സ്റ്റോൺ കോളം ചെയ്ത് മണ്ണ് ബലപ്പെടുത്തി പ്രവേശന പാത നിർമിച്ചാലും 54 സെ.മീ. താഴുമെന്ന് കേരള ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പു നൽകിയെങ്കിലും കാര്യമായി എടുത്തില്ല. പെട്ടെന്ന് ഇടിഞ്ഞു താഴാതിരിക്കാൻ വേണ്ടിയായിരുന്നു സ്റ്റോൺ കോളം നിർമിച്ചത്. എന്നാൽ സ്റ്റോൺ കോളം ചെയ്ത ഭാഗം താഴുകയും കൽക്കെട്ട് താഴോട്ട് ഇരിക്കുകയും വിള്ളലുകൾ വീഴുകയും ചെയ്യാൻ ഏറെ നാൾ വേണ്ടി വന്നില്ല.
മണ്ണിന്റെ ഭാരവാഹക ശേഷി (എൻ-വാല്യൂ) കുറവായതിനാൽ പാലത്തിന്റെ ഇരുവശത്തും മൂന്നു ലാൻഡ് സ്പാൻ വീതം നിർമിച്ചിരുന്നു. ആലപ്പുഴ എസി റോഡ് ചെയ്തതു പോലെ പ്രവേശന പാതയുടെ പൂർണ നീളത്തിൽ അപ്റോച്ച് സ്പാനായി വാർക്കണമെന്ന നിർദ്ദേശം പരിഗണിക്കപ്പെട്ടില്ല. കിഴക്ക് ഭാഗത്തെങ്കിലും 12 മീറ്റർ നീളമുള്ള മൂന്ന് സ്പാൻകൂടി നിർമിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് നിർമാണ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
മാത്രവുമല്ല ടാറിംഗിനു പകരം 100 എംഎം ഘനത്തിലുള്ള ലോക്ക് കട്ടപാകണമെന്ന നിർദ്ദേശവും ചെവിക്കൊണ്ടില്ല, കട്ട പാകുകയായിരുന്നെങ്കിൽ ഒരു രാത്രി കൊണ്ടു തന്നെ താഴുന്ന അത്രയും ജിഎസ്ബി ഇട്ട് ഉറപ്പിച്ച് കട്ട തിരിച്ചിട്ടാൽ മതിയായിരുന്നു. പിന്നീട് താഴ്ന്നാലും ഇതേ നടപടി വേഗം പൂർത്തിയാക്കാം. അഞ്ചു വർഷമെങ്കിലും പ്രവേശന പാത താഴ്ന്നു കൊണ്ടിരിക്കുമെന്നാണ് വിവരം. നടപ്പാത പൊളിച്ച് ഉയർത്താനുള്ള പണി മാത്രമാണ് ആരംഭിച്ചിട്ടുള്ളത്.