മഹാരാഷ്ട്രയിൽ എംപിമാരെ കൂറുമാറ്റാൻ 50 കോടി രൂപ വാഗ്ദാനമുണ്ടെന്ന് ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചു. ഇതിൽ 15 കോടി രൂപ ആദ്യം കൈമാറുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും റൗത്ത് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2022ലേതുപോലെ പാർട്ടിയിൽ പിളർപ്പിനു ശ്രമിച്ചാൽ വിമതരെ ശിവസേന പ്രവർത്തകർ വെറുതെ വിടില്ല. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർ ആദ്യം തങ്ങളുടെ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കണം. ഞങ്ങളുടെ പാർട്ടിയുടെ ടിക്കറ്റിലാണ് അവർ പാർലമെന്റിലെത്തിയത്. ജനവിധി ലംഘിക്കാൻ ആർക്കും അവകാശമില്ല.
എന്നാൽ പാർട്ടിയിൽ പിളർപ്പുള്ളതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു പ്രതികരിക്കുന്നതെന്നും റൗത്ത് വ്യക്തമാക്കി. പാർട്ടി പാർലമെന്ററി യോഗം ഇന്നു വിളിച്ചിട്ടുണ്ട്.
യോഗത്തിൽ പങ്കെടുക്കാത്ത എംപിമാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്നവർ ആദ്യം രാജിവയ്ക്കണം - റൗത് കൂട്ടിച്ചേർത്തു. പാർട്ടിയിൽ വിമതനീക്കം ശക്തമായതോടെ റൗത് ഡൽഹിയിൽ ക്യാന്പ് ചെയ്യുകയാണ്. ഇന്നലെ ഡൽഹിയിൽ റൗത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മൂന്ന് എംപിമാർ മാത്രമാണു പങ്കെടുത്തത്.
താൻ ഉദ്ധവ് താക്കറെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്ന് വിമതപക്ഷത്തുള്ള നാഗേഷ് പാട്ടീൽ അഷ്ടികറുടെ മകൻ കൃഷ്ണ പാട്ടീൽ പറഞ്ഞു. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ നാന്ദെഡിലെ മഹാ വികാസ് അഗാഡി സ്ഥാനാർഥിയാണ് കൃഷ്ണ.