വിസ്മയ മോഹൻലാൽ നായികയായി തുടക്കം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിൽ അമ്മ സുചിത്രയെ കൂടി അഭിനയിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
മോഹൻലാൽ വരെ സമ്മതിച്ചുവെന്നും എന്നാൽ അവസാനം ചേച്ചി കാലുമാറിയെന്നും തമാശരൂപേണ ജൂഡ് പറഞ്ഞു.
''ചേച്ചിയുടെ അടുത്ത് ഞാൻ ഒരുപാട് ചോദിച്ചു. ചേച്ചി കൂടി വന്നാലേ ഇത് പൂർത്തിയാവുകയുള്ളൂ എന്ന് പറഞ്ഞു. പക്ഷേ ചേച്ചി വന്നില്ല. ചേച്ചി അവസാന നിമിഷം കാലുവാരി. ഫുൾ ഫാമിലി പടത്തിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. ലാൽ സാർ അടക്കം അത് സമ്മതിച്ചതായിരുന്നു. പക്ഷേ ചേച്ചി പറഞ്ഞു, ഞാൻ ഇല്ല, ഇല്ലായെന്ന്''. ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. ബസിൽ ഒരു യാത്രക്കാരിയായി ഇരുന്നാലെങ്കിലും മതിയെന്ന് പറഞ്ഞെന്നും എന്നാൽ ചേച്ചി സമ്മതിച്ചില്ലെന്ന് ആന്റണി പെരുമ്പാവൂരും പറയുന്നു.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.