ടെക്സസ്: ലീഗ് സിറ്റി മലയാളി സമാജത്തിന്റെ (എൽസിഎംഎസ്) പത്താം വാർഷികാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ അരങ്ങേറിയ "വിന്റർ ബെൽസ് 2025' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ക്രിക്കറ്റ് താരം ശിവനാരായണൻ ചന്ദർപോൾ മുഖ്യ അതിഥിയായി സമാജത്തിന്റെ പത്താം വാർഷികാഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായിക - നിയമ രംഗത്തെ പ്രമുഖരായ പത്മശ്രീ ഷൈനി വിൽസൺ, അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ, പ്രമുഖ നിയമവിദഗ്ധൻ ജോസ് ഏബ്രഹാം എന്നിവരും വിശിഷ്ട അതിഥികളായി വേദി പങ്കിട്ടു.
"തട്ടുകട തെരുവ്' ജനസാഗരത്തെ ആകർഷിച്ചു. നൂറിലധികം തനത് കേരളീയ വിഭവങ്ങൾ തത്സമയം തയ്യാറാക്കി നൽകി. റീവ റെജി, ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവരുടെ ഇൻസ്ട്രമെന്റൽ മ്യൂസിക്കും, ലക്ഷ്മി മെസ്മിൻ, രശ്മി നായർ, ജസ്റ്റിൻ തോമസ് എന്നിവർ നയിച്ച 'വിന്റർ മെലഡി' ഗാനനിശയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.