വടക്കഞ്ചേരി: മിഥുനം പകുതിയായിട്ടും മഴയില്ലാത്ത സാഹചര്യത്തിൽ ഒന്നാം വിളകൃഷിയിറക്കാൻ മംഗലംഡാമിലെ കനാലുകൾവഴി വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർ ജില്ലാ കളക്ടർക്കു നിവേദനം നൽകി.
നടീലിനായി പാകിയ ഞാറ്റടികൾ പറിച്ചുനടാൻ പാകമായിട്ടും പാടങ്ങളിൽ വെള്ളമില്ല. പലരുടെയും ഞാറ്റടികൾ മൂപ്പുകൂടി ഇനി നടാൻ പോലും പറ്റാത്ത സ്ഥിതിയിലായി. 90 ദിവസമാകുമ്പോൾ കൊയ്ത്തെടുക്കേണ്ട നെല്ലിന്റെ ഞാറ് 25 ദിവസത്തിനുള്ളിൽ പറിച്ചുനട്ടാലേ വിളവുകിട്ടുകയുള്ളൂ. എന്നാൽ 40, 45 ദിവസമായിട്ടും ഞാറുനടാൻ കഴിയാതെ കർഷകരാകെ വിഷമത്തിലാണ്.
ഇതിനാൽ മംഗലംഡാം തുറക്കാൻ അടിയന്തിര നടപടിയുണ്ടാകണമെന്നായിരുന്നു കർഷകരുടെ ആവശ്യം. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് സുബ്രഹ്്മണ്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി മുല്ലമംഗലം, ബെന്നി വല്ലയിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.