മലയാളികളുടെ വികാരമാണ് കേരള ബ്ലാസ്റ്റേഴ്സ്. അങ്ങനെ ഉറപ്പിച്ച് പറയാമോ എന്നറിയില്ല. പക്ഷെ ലക്ഷക്കണക്കിന് ആരാധകരുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്. ഫുട്ബോളിന്റെ ഇന്ത്യയിലെ ഈറ്റില്ലങ്ങളിൽ ഒന്നായ കേരളത്തിൽ നിന്നുള്ള ഈ സംഘമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ആരാധക പിന്തുണയുള്ള ടീം. കോൽക്കത്തയിലെ ക്ലബുകളെ മറന്നിട്ടില്ല. അവർ ഏതാണ്ട് അങ്ങനെത്തനെയാണ്. എന്നാലും കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ എന്നും മഞ്ഞ കടലായിരുന്നു ഗാലറികൾ. ആദ്യ സീസണുകളിൽ 70000 ത്തോളം ഒക്കെ എത്തിയിട്ടുണ്ട് സ്റ്റേഡിയത്തിലെ അറ്റൻഡൻസ് എന്നാണ് കണക്കുകൾ പറയുന്നത്. ഔദ്യോഗികമായി അത്രയും ചിലപ്പോൾ കാണിക്കില്ലായിരിക്കും, എന്നാലും അത്രയും ഒക്കെ ഉണ്ടായിരുന്നു.
നിറഞ്ഞുകവിഞ്ഞിരുന്ന ഗാലറികൾ
2014ൽ ചെന്നൈയ്ക്കെതിരായ ആദ്യ പാദ സെമിഫൈനലിലും 2016 ൽ എടികെയ്ക്കെതിരായ ഫൈനലിലുമൊക്കെ സ്റ്റേഡിയം അക്ഷരാർഥത്തിൽ നിറഞ്ഞ് കവിഞ്ഞിരുന്നു. 2014ൽ ഐഎസ്എൽ തുടങ്ങിയത് മുതൽ ഒരു കിരീടം പോലും നേടിയിട്ടില്ലെങ്കിലും ആരാധകർ എന്നും ബ്ലാസ്റ്റേഴ്സിനെ ഹൃദയം നിറഞ്ഞ് സ്വീകരിച്ചു. ഇയാൻ ഹ്യൂമിനെയും ഹോസു കുര്യാസിനെയും സി.കെ. വിനീതിനെയും മുഹമ്മദ് റാഫിയെയും മാർക്കോ ലെസ്ക്കോവിച്ചിനെയും ബർത്തലോമിയോ ഒഗ്ബച്ചെയെയും അൽവാരോ വാസ്കസിനെയും ഡിമിത്രിയോസ് ഡയമന്റകോസിനെയും സഹൽ അബ്ദുൽ സമദിനെയും അഡ്രിയാൻ ലൂണയെയും ഒക്കെ അവർ പല കാലങ്ങളിലായി മനം നിറയെ സ്നേഹിച്ചു. ഗാലറികളിൽ ആരാധകർ ഇവർക്കൊക്കെ വേണ്ടി ആർത്തുവിളിച്ചുകൊണ്ടിരുന്നു. ഒരു കപ്പ് പോലും ഇല്ലെങ്കിലും ഉയിര് കൊടുത്ത് അവർ സ്നേഹിച്ചു.
മാനേജ്മെന്റ് വില്ലനായപ്പോൾ
എന്നാൽ മാഗ്നത്തിനെ പോലുള്ള മാനേജ്മെന്റുകൾ ആരാധകരെ എന്നും നിരാശപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു സീസണിൽ മികച്ച രീതിയിൽ കളിക്കുന്ന താരങ്ങളെ തൊട്ടടുത്ത സീസണിൽ വിറ്റൊഴുവാക്കി അവർ ടീമിനെ ചതിച്ച് കൊണ്ടിരുന്നു. വളരെ ചുരുക്കം താരങ്ങളെ മാത്രമാണ് നിലനിർത്തിയിരുന്നത്. അഡ്രിയാൻ ലൂണയെയും സന്ദീപ് സിംഗിനെയും വിപിൻ മോഹനനെയും പോലുള്ളവരെ മാത്രം..മറ്റ് ക്ലബുകൾ ബ്ലാസ്റ്റേഴ്സ് കണ്ടെത്തി കൊണ്ടുവന്ന താരങ്ങളെ റാഞ്ചികൊണ്ട് പോയി തങ്ങളുടെ പടയാളികളാക്കി മാറ്റിക്കൊണ്ടിരുന്നു. അവർ അവിടെ മിന്നും പ്രകടനം നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. യോർഗെ പെരേര ഡയസ് ഒക്കെ ഉദാഹരണമാണ്.
2014ലും 2016ലും 2021-22 സീസണിലും ഫൈനലിൽ എത്തിയതാണ് ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രകടനം. ഡേവിഡ് ജെയിംസിനെയും സ്റ്റീവ് കോപ്പലിനെയും ഇവാൻ വുക്കുമനോവിച്ചിനെയും പോലുള്ള കോച്ചുമാർ മാത്രമാണ് ബ്ലാസ്റ്റേഴ്സിനെ മിന്നും ഫോമിൽ കളിപ്പിച്ചിരുന്നത്. തങ്ങൾക്ക് കിട്ടിയ താരങ്ങളെയും കൊണ്ടവർ അത്ഭുതങ്ങൾ കാണിച്ചു. മൂവരും ഫൈനലിലെത്തിച്ചിരുന്നു ബ്ലാസ്റ്റേഴ്സിനെ.
മാനേജ്മെന്റിന്റെ പിടിപ്പുക്കേടും ആരാധകരുടെ ബഹിഷ്കരണവും
എന്നാൽ മാനേജ്മെന്റ് ഇവരെയൊക്കെ ഒഴുവാക്കിക്കൊണ്ടിരുന്നു. ആശാൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന ഇവാൻ വുക്കുമനോവിച്ചിനെ ഒക്കെ മാനേജ്മെന്റ് ഒഴുവാക്കിയത് ആരാധകർ ഇന്നും അംഗീകരിച്ചിട്ടില്ല. പുതിയ പുതിയ സീസണുകളിൽ മാനേജ്മെന്റ് ചില കളിക്കാരെ മാത്രം നിലനിർത്തുകയും കൊച്ചുമാരെയും മികച്ച കളിക്കാരെയും ഒക്കെ ഒഴിവാക്കുകയും ചെയ്ത് കൊണ്ടിരുന്നു. ഓരോ സീസൺ വരുമ്പോഴും ആരാധകർ പ്രതീക്ഷിച്ചിരുന്നു കലിപ്പടക്കുമെന്നും കപ്പെടുക്കുമെന്നും, എന്നാൽ കപ്പ് മാത്രം വന്നില്ല. മികച്ച ടീമുകൾ വന്ന് ബ്ലാസ്റ്റേഴ്സിനെ തകർത്ത് കൊണ്ടിരുന്നു. ഒടുവിൽ സഹികെട്ട് മഞ്ഞപ്പട അടക്കമുള്ള ആരാധകർ ബഹിഷ്കരണം തുടങ്ങി. കഴിഞ്ഞ സീസണുകളിൽ അവർ ഗാലറികളിൽ നിന്ന് വിട്ടുനിന്നു. ഐഎസ്എൽ പോലും പ്രതിസന്ധി നേരിട്ട കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഏതാണ്ട് പൂർണമായി വിട്ടുനിന്നു.
എന്നാൽ, കഴിഞ്ഞുപോയ സീസണിന്റെ അവസാന മത്സരങ്ങളിൽ ടീം മികച്ച പ്രകടനം പുറത്തെടുത്തു. ഡേവിഡ് കറ്റാല മാറി, ആഷ്ലി വെസ്റ്റ്വുഡ് വന്നപ്പോൾ മുതൽ ടീം അപരാജിത മുന്നേറ്റം നടത്തി. അവസാന അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയിച്ചു. 17 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും സ്വപ്നസമാനമായ പ്രകടത്തിലൂടെ മികച്ച പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം കളംവിട്ടത്. ഇത്രയും ചരിത്രം, ഇനി പറയാനുള്ളത് ഈ സീസണിലെ കാര്യം.
ആരാധകരുടെ വിജയം, മാനേജ്മെന്റ് മാറുന്നു, മികച്ച സൈനിംഗുകൾ നടക്കുന്നു
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി ടീം മാനേജ്മെന്റ് മാറി. മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഷെയറുകൾ വിറ്റതോടെ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ടീമിനെ ഏറ്റെടുത്തു. പുതിയ സൈനിംഗുകൾ വന്നു, കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ആഷ്ലി വെസ്റ്റ്വുഡിനെ പരിശീലകനായി നിലനിർത്തുന്നു. ലോണിൽ പോയ അഡ്രിയാൻ ലൂണ തിരിച്ചെത്തുന്നു. വിപിൻ മോഹനനും, സന്ദീപ് സിംഗും, നവോച്ച സിംഗും, ഹോർമിപാം റുയ്വും ഒക്കെ ടീമിൽ തുടരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ അമരീന്ദർ സിംഗിനെ എത്തിക്കുന്നു. മുഹമ്മദ് സനാനെയും ടീമിലെത്തിച്ചു. മുൻ ആസ്റ്റൺ വില്ല താരം ആൻഡ്രെ ഗ്രീനിനെയും ഗിനിയൻ ഫോർവേഡ് മോമോ യാൻസനെയും ഇംഗ്ലീഷ് ഡിഫൻഡർ ജെയിംസ് ബോൾട്ടണെയും മോണ്ടിനെഗ്രൻ മധ്യനിരക്കാരൻ നൊബോഷ കോസോവിച്ചിനെയും കൊണ്ടുവന്ന് മാനേജ്മെന്റ് ആരാധകരെ ഞെട്ടിച്ചു.
നന്നായി തുടങ്ങി; പക്ഷെ മികവ് നിലനിർത്താനായില്ല
ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്താണ് ബ്ലാസ്റ്റേഴ്സ് സീസണ് തുടക്കമിട്ടത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജയം. വിപിൻ മോഹനനും ആൻഡ്രെ ഗ്രീനും സ്കോർ പട്ടികയിലിടം നേടി. പൂർണമായി ഇന്ത്യൻ താരങ്ങളുമായി ഇറങ്ങിയ ഇന്റർ കാശിയെ പരാജയപ്പെടുത്താനായെങ്കിലും തൊട്ടടുത്ത മത്സരത്തിൽ ബ്ലാസ്റ്റ്ഴേസിന് അടിതെറ്റി. ഗോഹട്ടിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട ബ്ലാസ്റ്റേഴ്സ് വൻ പരാജയമാണ് നേരിട്ടത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പരാജയം. പ്രതിരോധം പാളുന്നതടക്കമുള്ള ബ്ലാസ്റ്റേഴ്സിന്റെ കുറവുകൾ എടുത്തുക്കാട്ടപ്പെട്ട മത്സരമായിരുന്നു അത്. മോമോ യാൻസാനെ ഗോൾ നേടിയത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുണ്ടായിരുന്നത്.
അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയെ കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വച്ചാണ് ബ്ലാസ്റ്റേഴ്സ് നേരിട്ടത്. പിണക്കം മാറി തിരിച്ചെത്തിയ ആരാധകർ സ്റ്റേഡിയത്തെ മഞ്ഞയിൽ മുക്കി. 40014 പേരാണ് കളി കാണാനെത്തിയത്. ആർത്തിരമ്പിയ ഗാലറിക്ക് മുന്നിൽ ആദ്യ പകുതിൽ ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചെങ്കിലും രണ്ടാം പകുതിയിൽ മികവ് നിലനിർത്താനായില്ല. ഒടുവിൽ ഗോൾരഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. അന്ന് അമരീന്ദർ സിംഗിന്റെ സേവുകളില്ലായിരുന്നെങ്കിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നേനെ ബ്ലാസ്റ്റേഴ്സിന്. അടുത്ത മത്സരം ചെന്നൈയിൽ ആയിരുന്നു. വേദി മാറിയെങ്കിലും ഇതേ സ്കോറിലാണ് മത്സരം അവസാനിച്ചത്. അതേ അമരീന്ദർ തന്നെ പിന്നെയും തിളങ്ങി. അല്ലായിരുന്നെങ്കിൽ കാണായിരുന്നു.
നിറം മങ്ങുന്ന ലൂണയും; ഫോമിലെത്താത്ത ഗ്രീനും യാൻസാനെയും
ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലൂണ നിറം മങ്ങുന്നതാണ്. മുമ്പ് മാന്ത്രികമായ പ്രകടനത്തിലൂടെ മനം കവർന്നിട്ടുള്ള ലൂണയ്ക്ക് ഇപ്പോൾ പഴയ നിലവാരത്തിലെക്കെത്താനാകുന്നില്ല. അവസരം സൃഷ്ടിക്കുന്നത് പോയത് നല്ല രീതിയിൽ പോസിസഷൻ എടുക്കാൻ കൂടി സാധിക്കുന്നില്ല. ലൂണയിലേയ്ക്ക് കൊടുക്കുന്ന പന്തുകൾ പോലും എത്തിപ്പിടിക്കാൻ പറ്റുന്നില്ല. ലൂണ മിന്നും ഫോലിലേയ്ക്ക് തിരിച്ചുവന്നാൽ മാത്രമെ ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് കുതിക്കാൻ സാധിക്കുള്ളു. അതുപോലെ തന്നെ, കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആൻഡ്രെ ഗ്രീനും മോമോ യാൻസാനെയും ഒക്കെ നനഞ്ഞ പടക്കങ്ങളാകുന്നതാണ് കണ്ടത്. നല്ല ചാൻസുകൾ ലഭിക്കുന്നത് കുറവാണെങ്കിലും വല്ലപ്പോഴും കിട്ടുന്ന അവസരങ്ങൾ ഫിനിഷ് ചെയ്യാനും അവർക്ക് സാധിക്കുന്നില്ല.
ബോൾട്ടൺ പ്രതിരോധത്തിൽ തരക്കേടില്ലാതെ കളിക്കുമ്പോൾ മറ്റൊരു വിദേശ താരം ഫാളു എൻഡിയായെ കളത്തിൽ പോലും ഇറക്കുന്നില്ല ആഷ്ലി. വളരെ കുറച്ച് നേരം മാത്രമെ കളത്തിലിറക്കുന്നുള്ളു. വിദേശ താരങ്ങളിൽ നെബോസ കൊസോവിച്ച് മാത്രമാണ് മികച്ച രീതിയിൽ കളിക്കുന്നത്. പലപ്പോഴും ഒറ്റയാൾ പ്രകടനമായി മാറുന്നുണ്ട് ഇത്. ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സനാനും കോറുവും വിപിൻ മോഹനനും ഒക്കെ ഫോമിലെത്തിയാൽ മാത്രമെ എതിരാളികളുടെ പോസ്റ്റിലേയ്ക്ക് നമുക്ക് ഗോളടിക്കാൻ സാധിക്കുകയുള്ളു.
അമരീന്ദറെന്ന ഉരുക്കുകോട്ടയും പൊട്ടുന്ന പ്രതിരോധവും
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ ഏറ്റവും മികച്ച സൈനിംഗ് ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ പറയാം ഗോൾ കീപ്പർ അമരീന്ദർ സിംഗിന്റെയാണെന്ന്. മുംബൈയ്ക്കെതിരെയും ചെന്നൈയ്ക്കെതിരെയും ക്ലീൻ ഷിറ്റ് നേടിയതിന്റെ ക്രെഡിറ്റ് അമരീന്ദറിന് മാത്രമാണെന്ന് വേണമെങ്കിൽ പറയാം. ഗോളെന്ന് ഉറപ്പിച്ച പല അവസരങ്ങളിലും അമരീന്ദർ രക്ഷപ്പെടുത്തി. ഇനിയും മുന്നോട്ട് അമരീന്ദർ ഈ മികവ് നിലനിർത്തേണ്ടത് ബ്ലാസ്റ്റേഴ്സിന് വളരെ അത്യാവശമാണ്. അമരീന്ദർ കോട്ട കാക്കുന്നുണ്ടെങ്കിലും പ്രതിരോധ നിര പലപ്പോഴും പൊട്ടുന്നുണ്ട്. എതിരാളികൾ പന്തുമായി വരുമ്പോൾ ജെയിംസ് ബോൾട്ടണും നവോച്ചയും ഹോർമിപാമും ഒക്കെ അടങ്ങുന്ന പ്രതിരോധത്തിന് പലപ്പോഴും തടയാൻ സാധിക്കുന്നില്ല. എയ്ബാന്റെ ഒക്കെ ഒറ്റയാൾ പ്രകടനം മാത്രമാണ് ഉണ്ടാകുന്നത്, അതു വല്ലപ്പോഴും മാത്രം. കൗണ്ടർ അറ്റാക്കുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം പാളുന്നത് കൂടുതലും. ഇനിയെങ്കിലും പ്രതിരോധത്തിലെ പിഴവുകൾ തിരുത്തിയില്ലെങ്കിൽ മുന്നോട്ടുള്ള പോക്കിനെ സാരമായി ബാധിക്കും.
ആഷ്ലി തന്ത്രം മാറ്റേണ്ടതുണ്ട്; മധ്യനിര കൂടുതൽ മെച്ചപ്പെടണം
കഴിഞ്ഞ സീസണിൽ ആഷ്ലി വെസറ്റ്വുഡ് പരീക്ഷിച്ച് വിജയിച്ച തന്ത്രങ്ങൾ ഇനിയും തുടരുന്നത് നല്ലതല്ല. എതിരാളികൾ തന്ത്രം പഠിച്ച് വന്ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഓരോ എതിരാളിക്കും യോജിച്ച ശൈലിയാണ് തെരഞ്ഞെടുക്കേണ്ടത്. പ്ലെ മേക്കിംഗിലും പ്രതിരോധത്തിലും ഒക്കെ മെച്ചപ്പെടുത്താൻ ഒരുപാണ്ടുണ്ട്. ഫ്രെഡിയെയും വിപിൻ മോഹനനെയും കോസോവിച്ചിനെയും സനാനെയും ലൂണയെയും പോലുള്ള താരങ്ങൾ മധ്യനിരയിൽ കൂടൂതൽ മാന്ത്രികത പുറത്തെടുക്കേണ്ടതുണ്ട്. മികച്ച രീതിയിൽ പന്ത് മുന്നേറ്റ നിരക്കാരിലേയ്ക്ക് കൊണ്ടുക്കേണ്ടതും അത്യാവശമാണ്, അല്ലാതെ അവർക്ക് ഫിനിഷ് ചെയ്യാൻ സാധിക്കില്ല.
വിശ്രമം അവസാനിക്കുന്നു, ഇനി കളത്തിൽ മിന്നണം
ഏതായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞു, നാല് മത്സരങ്ങൾ മാത്രമെ ഈ സീസണിൽ കഴിഞ്ഞിട്ടുള്ളു. അഞ്ച് പോയിന്റും കൈയിലുണ്ട്. ഇനിയെങ്കിലും ആരാധകരെ കോരിത്തരിപ്പിക്കുന്ന പ്രകടനവുമായി തിരിച്ചെത്തണം. ഒക്ടോബർ 31ന് ചെന്നൈയ്ക്കെതിരായ മത്സരത്തിന് ശേഷം ഏതാണ്ട് ഒരു മാസത്തോളം വിശ്രമം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. നല്ലത് പോലെ കുറവുകൾ മനസിലാക്കാനും പരിശീലിക്കാനും ഒക്കെ ഇഷ്ടം പോലെ സമയം കിട്ടിക്കഴിഞ്ഞു. ഇനി നവംബർ 29ന് ഗോവയുമായി ഏറ്റുമുട്ടുമ്പോൾ കളി മറക്കരുത്. ആരാധകരെ നിരാശരാക്കരുത്. താരങ്ങൾ ഏല്ലാം മറന്ന് പൊരുതേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ പിണക്കം മാറിയെത്തിയ ആരാധകർ പിന്നെയും മടങ്ങിപ്പൊകും,...എന്നന്നേക്കുമായി..