പാലക്കാട്: പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച് സിപിഎം പ്രവർത്തകർ. മണ്ണാർക്കാട്ടെ സിപിഎം പ്രവർത്തകരാണ് ലഡു വിതരണം ചെയ്ത് ആഘോഷിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഒഴിവാക്കിയത്.
പാർട്ടിക്കൊപ്പം നിന്നാൽ പി.കെ. ശശി ഇല്ലെങ്കിൽ വെറും ശശിയെന്ന് ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഒരു പീഡന വീരനെ കൂടി യുഡിഎഫിന് കിട്ടിയെന്നും ശ്രീരാജ് അഭിപ്രായപ്പെട്ടു.
തീവ്രത അളക്കാൻ ഇനി കുഞ്ഞാപ്പക്കും വി.ഡി. സതീശനും അവസരം കിട്ടട്ടെയെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കൂട്ടിച്ചേർത്തു.