കൊക്കയാര്‍: പൂത്തുലഞ്ഞ ബന്ദിപ്പൂപ്പാടം വാങ്ങാൻ ആളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഓണത്തിന് വിളവെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊക്കയാർ പഞ്ചായത്തിലെ സിഡിഎസ് അംഗങ്ങളായ മൂന്നു വനിതകൾ ചേർന്ന് ബന്ദിപ്പൂകൃഷി നടത്തിയത്. ജില്ലാ കുടുംബശ്രീ മിഷന് മുഖാന്തരം കൂട്ടിക്കല്‍ കാര്‍ഷിക സേവാസംഘത്തില്നിന്നു വാങ്ങിയ ചെടികളാണ് ഇവർ നട്ട് പരിപാലിച്ചത്.
വെംബ്ലി പ്ലാന്തറ പ്രബിന രാജേഷ്, ഇടമണ്ണില്‍ സരിത രതീഷ്, മാക്കല്‍ മിനി ചന്ദ്രന് എന്നിവര്‍ ചേർന്ന് കല്ലുപുരയ്ക്കല്‍ സീന നൗഷാദിന്റെ പത്തു സെന്റ് സ്ഥത്താണ് ബന്ദിച്ചെടികൾ നട്ട് പരിപാലിച്ചത്.
കാലാവസ്ഥയിലുണ്ടായ വ്യതിയാനംമൂലം ചെടികൾ പൂക്കാൻ താമസിച്ചു. ഇതോടെ ഓണം വിപണിയിൽ പൂക്കൾ വിൽക്കാനായില്ല. ഇപ്പോൾ മഞ്ഞയും ഓറഞ്ചും നിറത്തിൽ പൂത്തുനിൽക്കുന്ന ബന്ദിത്തോട്ടം നയന മനോഹരമാണ്. എന്നാൽ, പൂക്കൾ വാങ്ങാൻ ആളില്ലാത്തത് ഇവരെ പ്രതിസന്ധിയിലാക്കുകയാണ്.
ഓണത്തിന് മികച്ച വില ലഭിക്കുമായിരുന്നെങ്കിലും സീസൺ കഴിഞ്ഞതോടെ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. ഒടുവിൽ വണ്ടിപ്പെരിയാർ സ്വദേശിയായ വ്യാപാരി പൂ വാങ്ങാമെന്ന് ഏറ്റതോടെ നഷ്ടം സഹിച്ചും ഇവർ വിൽക്കാൻ തയാറാകുകയായിരുന്നു.
പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുഗുണൻ നിർവഹിച്ചു. എഡിഎസ് പ്രസിഡന്റ് ഓമന ശശി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി രാജന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ പ്രിയ മോഹനന്, വൈസ് ചെയര്‍പേഴ്സണ്‍ സുറുമി അന്‍വര്‍, ബാങ്ക് വൈസ് പ്രസിഡന്റ് ഈപ്പന് മാത്യു, കുടുംബശ്രീ പ്രവര്‍ത്തകരായ നിഷ ദിലീപ്, പ്രീതി രാജേഷ്, മഞ്ജു സന്ദീപ്, പ്രബിനി രാജേഷ്, മിനിചന്ദ്രന്‍, സരിത രതീഷ് എന്നിവര്‍ പ്രസംഗിച്ചു.