പറവൂർ: വിഷുവിനോടനുബന്ധിച്ച് ചേന്ദമംഗലം പാലിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുസിരിസ് മാറ്റച്ചന്തയിൽ ഏറ്റവും പ്രധാനമായ വലിയ മാറ്റച്ചന്ത ഇന്ന് നടക്കും. രാജഭരണ കാലത്ത് നാണയ വ്യവസ്ഥ നിലവിലില്ലാതിരുന്ന സമയത്ത് ആരംഭിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള മാറ്റച്ചന്ത ഇന്ന് ജനകീയ ഉത്സവമായാണ് ചേന്ദമംഗലത്തുകാർ നടത്തിവരുന്നത്.
സമീപ പഞ്ചായത്തുകളിൽ നിന്നും കർഷകർ അവരുടെ ഉത്പന്നങ്ങളുമായി മാറ്റച്ചന്തയിൽ എത്തും. വിവിധ ഇനം മാമ്പഴങ്ങൾ, കത്തികൾ, ഉണക്കമീനുകൾ, കളിമൺ പാത്രങ്ങൾ, ഈറ്റക്കൊട്ടകൾ, അലങ്കാരച്ചെടികൾ, അലങ്കാര മത്സ്യങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ തുടങ്ങിയവ മാറ്റച്ചന്തയിൽ ലഭിക്കും. ഇത്തവണ 285 സ്റ്റാളുകളാണ് ഒരുക്കിയിട്ടുളത്. പുൽപ്പായയും മുറവും പാലക്കാടൻ കത്തിയും നാടൻ ചക്കരയും പൊട്ടു വെള്ളരിയും ഇഞ്ചയും വിശറിയും നാഴിയും ചൂലും എല്ലാം ഒരേ സ്ഥലത്ത് കിട്ടുന്ന സ്ഥലമാണ് മാറ്റച്ചന്ത.
പനം ചക്കര, തെങ്ങിൻ ചക്കര, പനം കൽക്കണ്ടം, കരിപ്പട്ടി എന്നിവ തേടിയെത്തുന്നവർ ഏറെയാണ്. ഈറ്റയിൽ വിവിധയിനം കൊട്ടകൾ സ്ഥലത്തുവെച്ചു തന്നെ നെയ്തു നൽകും. ചിരട്ടയിൽ തീർക്കുന്ന, മണി നാദം ഉയർത്തുന്ന കളി ഉപകരണമായ മകുടം വർഷത്തിൽ ഒരിക്കൽ മാറ്റച്ചന്തയിൽ മാത്രം കിട്ടുന്ന ഉപകരണമാണ്. ഇത്തവണ സാംസ്കാരിക ഘോഷയാത്ര, നാടൻ കലാമേള, വനിതാ സംഗമം, ഗാനമേള തുടങ്ങിയവ ഉണ്ടായിരുന്നു. നാളത്തെ വിഷുവിന്റെ ഒരുക്കത്തിനുള്ള സാധനങ്ങൾ തേടി നിരവധി പേർ കുടുംബ സമേതം ഇന്ന് മാറ്റപ്പാടത്ത് എത്തും.