മട്ടന്നൂർ: വിഷുത്തലേന്നു ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ സാമൂഹ്യവിരുദ്ധർ ഊരി വലിച്ചെറിഞ്ഞതായി പരാതി. ഇതോടെ നെല്ലൂന്നി, പഴശി പ്രദേശങ്ങൾ ഇരുട്ടിലായി. 22 ഫ്യൂസുകളാണ് ഊരിമാറ്റിയ നിലയിൽ കണ്ടെത്തിയത്. കെഎസ്ഇബി മട്ടന്നൂർ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലൂന്നി അരയാൽ, നെല്ലൂന്നി പള്ളി, പഴശി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.50 യോടെ വൈദ്യുതി ഇല്ലെന്നുള്ള പരാതിയെ തുടർന്നു കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ ഊരിയ നിലയിൽ കണ്ടെത്തിയത്.
ട്രാൻസ്ഫോർമറുകളിലെ 18 ഫ്യൂസുകളും ബ്രാഞ്ച് ലൈനിന്റെ നാല് ഫ്യൂസുകളും ആരോ മനപൂർവം ഊരിമാറ്റിയ നിലയിലായിരുന്നു. പ്രദേശത്ത് നാട്ടുകാരും കെഎസ്ഇബി അധികൃതരും ചേർന്നു നടത്തിയ പരിശോധനയിൽ 19 ഫ്യൂസുകൾ കണ്ടെത്തി. കാട്ടിലേക്കും മറ്റുമായാണ് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൂന്നു ഫ്യൂസുകൾ ഇനിയും കണ്ടെത്താനുണ്ട്. ഫ്യൂസുകൾ ഊരി വലിച്ചെറിഞ്ഞതിനാൽ പഴശി, നെല്ലൂന്നി പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഇതു കാരണം വൈദ്യുതി ബോർഡിനും നഷ്ടമുണ്ടാകുകയും ചെയ്തു. വിഷു തലേന്നു വൈദ്യുതി മുടങ്ങിയതിൽ നാട്ടുകാരുടെ പ്രതിഷേധ ത്തിനും കാരണമായി.
ഇത്തരം പ്രവർത്തികൾ വൈദ്യുതി മുടക്കത്തിന് പുറമെ സുരക്ഷക്കും ഭീഷണിയായതിനാൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ അസി. എജിനിയർ മട്ടന്നൂർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.