മമ്മൂട്ടി ചിത്രം കളങ്കാവലിനുശേഷം ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മായൻ: ചാപ്റ്റൻ വൺ’ പൂജ കഴിഞ്ഞു.
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഡാർക് ത്രില്ലറാകും. സിനിമയുടെ മോഷന് പോസ്റ്ററും റിലീസ് ചെയ്തു. അദൃശ്യശക്തിയുമായി പോരാടുന്ന പോലീസായി ജയസൂര്യ വേഷമിടുന്നു എന്നാണ് സിനിമയുടെ മോഷൻ പോസ്റ്റർ നൽകുന്ന സൂചന.
മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമാണ് കറുത്തച്ചനൂട്ട് എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വർധിപ്പിക്കുന്നുണ്ട്.
എന്നാൽ ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന സ്ഥിരീകരണം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
അടുത്ത മാസം ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ ആരംഭിക്കും. യൂറോപ്യൻ രാജ്യങ്ങളും ലൊക്കേഷനാകും.
ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ജയസൂര്യ, നൈല ഉഷ എന്നിവർക്കൊപ്പം വിജയ് ബാബുവും നിരഞ്ജന അനൂപും സുപ്രധാന വേഷങ്ങൾ ചെയ്യുന്നു.
കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. കാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. ലൈൻ പ്രൊഡ്യൂസർ രോഹിത്ത് ആർ നായർ.പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.