പോത്തൻകോട്: പഞ്ചായത്ത് മാർക്കറ്റിലെയും നടപ്പാതകളിലെയും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി നടത്തിയ പരിശോധനയ്ക്കിടെ ഇറച്ചിക്കടയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. പോത്തൻകോട് രാജകുമാരിക്കു സമീപം പ്രവർത്തിക്കുന്ന മീറ്റ് സ്റ്റാളിലാണ് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഭരണസമിതി നേരിട്ടെത്തി പരിശോധന നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, വൈസ് പ്രസിഡന്റ് സുമേഷ്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, ടൗൺ വാർഡ് മെമ്പർ സാജൻലാൽ, മറ്റ് വാർഡ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കടയ്ക്കുള്ളിലെ ഫ്രീസറുകളിൽ രക്തം കെട്ടിക്കിടക്കുന്നതും ദിവസങ്ങൾ പഴക്കമുള്ളതുമായ മാംസശേഖരം കണ്ടെത്തിയതായി ഭരണസമിതി വ്യക്തമാക്കി.
കൂടാതെ, കടയുടെ പിൻഭാഗത്തായി തീർത്തും അനാരോഗ്യകരമായ സാഹചര്യത്തിൽ പശുക്കളെ കെട്ടിയിട്ടിരിക്കുന്നതായും പരിശോധനാ സംഘം കണ്ടെത്തി. ബോർഡിൽ മട്ടൻ, ബീഫ്, ചിക്കൻ എന്ന് പ്രദർശിപ്പിച്ചിട്ടുള്ള കടയിൽ ലൈസൻസോ മാനദണ്ഡങ്ങളോ പാലിക്കാതെ അനധികൃതമായി പശുക്കളെ അറുത്ത് മറ്റു പേരുകളിൽ വിൽക്കുന്നുണ്ടോയെന്ന കാര്യത്തിൽ ശക്തമായ സംശയം ഉയർന്നതായി ടൗൺ വാർഡ് മെമ്പർ സാജൻലാൽ പറഞ്ഞു.
പൊതുജനാരോഗ്യത്തിനു ഗുരുതര ഭീഷണി ഉയർത്തുന്ന സ്ഥാപനത്തിനെതിരേ ഭക്ഷ്യസുരക്ഷാ വകുപ്പിനും പൊലിസിനും പരാതി കൈമാറി കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.