കോൽക്കത്ത: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വിദ്യാർത്ഥിനിക്ക് പരീക്ഷ എഴുതാൻ പ്രത്യേക മെഡിക്കൽ സൗകര്യങ്ങളൊരുക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് കോൽക്കത്തയിലെ ബിനോദിനി ഗേൾസ് ഹൈസ്കൂൾ പരീക്ഷാ കേന്ദ്രത്തിൽ വിദ്യാർത്ഥിനിക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയത്.
ജൂൺ 14-നുണ്ടായ ഒരു വാഹനാപകടത്തിൽ ഒൻപത് വാരിയെല്ലുകൾക്ക് ഒടിവുപറ്റുകയും ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സൃഷ്ടി ദുബെ എന്ന പെൺകുട്ടിയാണ് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും പരീക്ഷ എഴുതിയത്. വാസ്കുലാർ സർജറിക്ക് ശേഷം വെന്റിലേറ്ററിലായിരുന്ന സൃഷ്ടി, തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് പുറത്തുവന്നയുടൻ പരീക്ഷ എഴുതാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ താഴത്തെ നിലയിൽ പ്രത്യേക മുറി, മേശ, കസേര എന്നിവ അധികൃതർ അനുവദിച്ചു. ആശുപത്രി വസ്ത്രം ധരിക്കാനും ചെസ്റ്റ് ഡ്രെയിൻ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ പരീക്ഷാ ഹാളിൽ കൂടെക്കരുതാനും എൻടിഎ പ്രത്യേക അനുമതി നൽകി. പരീക്ഷാ സമയത്ത് ഐഎൽഎസ് ആശുപത്രിയിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്ന പ്രത്യേക സംഘവും ഒരു അടിയന്തര ആംബുലൻസും വിദ്യാലയ മുറ്റത്ത് സജ്ജമാക്കിയിരുന്നു.
ഒരു വർഷത്തെ കഠിനാധ്വാനം വെറുതെയാകരുത് എന്ന വിദ്യാർത്ഥിനിയുടെയും കുടുംബത്തിന്റെയും അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടത്.