National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻ എംപി. കുടുംബവുമായി ഡൽഹിയിലെത്തിയാണ് സുധാകരൻ രാഹുലിനെ കണ്ടത്. കോൺഗ്ര്സ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും സുധാകരൻ കണ്ടു.
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ സുധാകരനെന്നും യഥാർഥ കോൺഗ്രസ് പോരാളിയാണെന്നും രാഹുൽ ഗാന്ധി എക്സില് കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണ സഹകരണം ഉറപ്പാക്കാനാണ് കൂടിക്കാഴ്ച.
കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തെ സുധാകരനെ സ്റ്റാർ ക്യാംപെയ്നർ ആക്കിയത് ശ്രദ്ധേയമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില് യുഡിഎഫ് ഒറ്റക്കെട്ടെന്നും നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നും രാഹുൽ എക്സില് കുറിച്ചു.
സ്ഥാനാര്ത്ഥി നിര്ണയവുമായി ബന്ധപ്പെട്ട് സുധാകരന് പാര്ട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തില് കുറേ ദിവസം ഡല്ഹിയില് തന്നെ തുടര്ന്ന സുധാകരന് ഒടുവില് ഹൈക്കമാന്ഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.
സുധാകരന് മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എംപിമാര് മത്സരിക്കേണ്ടെന്ന നിലപാടില് ഉറച്ച് നില്ക്കുകയായിരുന്നു ഹൈക്കമാന്ഡ്. പിന്നീട് സുധാകരന് തെരഞ്ഞെടുപ്പ് പ്രവര്ത്തങ്ങളില് സജീവമാകുകയായിരുന്നു.
Kerala
ആലപ്പുഴ: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ജാവദേക്കർ വെള്ളാപ്പള്ളിയെ കണ്ടത്.
രാഷ്ട്രീയ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയ്ക്കായി ജാവദേക്കർ എത്തിയത്. ഉച്ചവരെ വെള്ളാപ്പള്ളി നടേശനൊപ്പം ജാവദേക്കര് കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സന്ദീപ് വാചസ്പതിയടക്കമുള്ള ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും ജാവദേക്കറിനൊപ്പമുണ്ടായിരുന്നു.
മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്ഗീയ പരാമര്ശങ്ങള്ക്കെതിരെ വലിയ വിമര്ശനം ഉയരുന്നതിനിടെയാണ് വെള്ളാപ്പള്ളിയെ കൂടെ കൂട്ടാനുള്ള ബിജെപിയുടെ നീക്കം. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് നേതാക്കള് ഇതുവരെ പ്രതികരിച്ചിട്ടില്ല.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ അറിയിച്ചു.
ക്രെംലിനിലെ സെനറ്റ് കൊട്ടാരത്തിലെ പ്രതിനിധി ഓഫീസിൽ വച്ച് പുടിൻ ജയ്ശങ്കറിനെ സ്വീകരിച്ചതായി റഷ്യൻ വാർത്ത ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
"ഇന്ന് മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് പുടിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു'- ജയ്ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വരാനിരിക്കുന്ന വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ അറിയിച്ചു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ച ചെയ്തു. നമ്മുടെ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും മാർഗനിർദ്ദേശങ്ങളെയും ആഴത്തിൽ വിലമതിക്കുന്നു'- മന്ത്രി കൂട്ടിച്ചേർത്തു.
ജയ്ശങ്കറിനൊപ്പം ഇന്ത്യൻ അംബാസഡർ വിനയ് കുമാറും ജോയിന്റ് സെക്രട്ടറി മായങ്ക് സിംഗും ഉണ്ടായിരുന്നു. യോഗത്തിൽ പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഹെഡ് മാക്സിം ഒറെഷ്കിൻ, പ്രസിഡൻഷ്യൽ സഹായി യൂറി ഉഷാക്കോവ്, സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷെറ്റ്നിക്കോവ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രി റുഡെൻകോ എന്നിവർ പങ്കെടുത്തു.
വർഷാവസാനത്തിൽ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാർഷിക ഉച്ചകോടി ചർച്ചകൾ നടത്താൻ വ്ളാഡിമിർ പുടിൻ ഡിസംബർ അഞ്ചിന് ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
National
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാർ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന വിവരം.
ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് ഇത്തവണ ആറ് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കോൺഗ്രസും ആർജെഡിയും ഇടത് പാർട്ടികളും അടങ്ങിയ മഹാസഖ്യത്തിന് 35 സീറ്റ് ആണ് ലഭിച്ചത്.
എൻഡിഎ വൻ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിർത്തിയത്. 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. മഹാബലിപുരത്തെ പൂഞ്ചേരിയിലുള്ള സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ഞായറാഴ്ചയോടെ പാർട്ടി ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളെ കരൂരിൽ നിന്ന് മഹാബലിപുരത്ത് എത്തിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെയോടെയാണ് വിജയ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. മാധ്യമങ്ങളടക്കമുള്ളവർക്ക് പരിപാടിയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
മരിച്ചവരുടെ ബന്ധുക്കളോട് വിജയ് ക്ഷമ ചോദിച്ചു. ഓരോ കുടുംബങ്ങളെയും പ്രത്യേകം കണ്ട വിജയ്, വിദ്യാഭ്യാസം, സ്വയംതൊഴിൽ, വീട് എന്നിവയ്ക്ക് പുറമെ സാമ്പത്തിക സഹായവും ഇവർക്ക് വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ച മൂന്നുമണിക്കൂറോളം നീണ്ടു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബിജെപി നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. 30 വർഷത്തെ ദേവസ്വം ബോര്ഡ് റിപ്പോര്ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര് ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന കേന്ദ്ര ഏജൻസി അന്വേഷിക്കണം.
ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വീഴ്ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ചയല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.