ഏഴു മാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് മരിച്ചതിനെക്കുറിച്ചും പിന്നീട് ആ നിമിഷത്തെ അതിജീവിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മേഘ്ന രാജ്. കന്നട നടൻ ചിരഞ്ജീവി സർജയായിരുന്നു മേഘ്നയുടെ ഭർത്താവ്. 10 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം 2019-ൽ നടന്നത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.
2020-ൽ മേഘ്ന ഏഴുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 39-ാം വയസില്‍ സര്‍ജ അന്തരിച്ചത്. സർജ മരിച്ച് മൂന്ന് മാസത്തിന് ശേഷം മേഘ്ന മകൻ റയാന് ജന്മം നൽകി.
ഭർത്താവ് മരിച്ച സമയം തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളായിരുന്നുവെന്നും എന്നാൽ മകനായി അതിനെ അതിജീവിച്ചെന്നും താരം പറയുന്നു. അമ്മയുടെ മനസ് ഛിന്നഭിന്നമായാല്‍ അത് കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ മേഘ്ന വിഷമങ്ങളെ സ്വയം കുഴിച്ചുമൂടി മനക്കരുത്ത് ആര്‍ജിക്കാന്‍ ശ്രമിച്ചു.
ചീരു എന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ ഓമനപ്പേര്. റയാനെ അവര്‍ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി ജൂനിയര്‍ ചീരു എന്ന് വിളിച്ചു. റയാൻ മിഥുൻ അവതാരകിയായ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.
''മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവരെന്നെ നോക്കി. എന്നാൽ ആ സമയത്ത് എന്നോട് വളരെ മോശമായി പെരുമാറിയവരുമുണ്ട്.
ഇന്ന് ഞാനവരുടെ പേര് പറയുന്നില്ല. എനിക്കെന്ത് സംഭവിച്ചു എന്നത് അവർ മറന്നു. ഞാൻ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർ മനസിലാക്കിയില്ല. അത്തരം കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ല.
ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. സുഹൃത്തുക്കളോടും പബ്ലിക്കിനോടും ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിനെക്കുറിച്ചെല്ലാം ആലോചിച്ചു. പെട്ടെന്ന് തന്നെ ഗർഭകാലം ഒരു സർവൈവൽ ആയി മാറി.
കുഞ്ഞിനെ ആരോഗ്യത്തോടെ ജന്മം നൽകാനുള്ള സർവൈവൽ. നമ്മൾ ചിന്തിക്കുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് എല്ലാവരും പറയും. അപ്പോൾ നിർബന്ധിതമായി സന്തോഷിക്കാൻ നോക്കും. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകില്ലായിരുന്നു.
പൊതുസ്ഥലത്ത് ചിരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. കുഞ്ഞിന് ജന്മം നൽകണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാൻ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. മനസിൽ അത് മാത്രമായിരുന്നു. അവൻ ജനിച്ചതോടെ എന്റെ ജീവിതം പല തരത്തിൽ മാറി. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു. പിന്നീട് എനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കണമെന്ന് തീരുമാനിച്ചു.
ചീരുവിൽ (ചിരഞ്ജീവി) നിന്നും ഞാൻ പഠിച്ച പാഠം ഇന്നിൽ ജീവിക്കാനും ഒരുപാട് ആളുകളെ വിശ്വസിക്കരുതെന്നുമാണ്. വേർപാടിന്റെ വേദന പരസ്യമായി പ്രകടിപ്പിക്കേണ്ടായിരുന്നു. ഒരു പബ്ലിക് പേഴ്സൺ ആകുമ്പോഴുള്ള പ്രശ്നമാണത്.
എന്റെ ദുഃഖം സ്റ്റാർഡത്തിന് വേണ്ടി ചിലർ ഉപയോഗിച്ചു. മേഘ്നയുടെ പേര് ഉപയോഗിക്കൂ, നീ ഉയർന്ന് വരും എന്ന രീതി. ഇപ്പോൾ ഇന്റർവ്യൂകൾ ചെയ്യുമ്പോൾ ഞാൻ ആദ്യം പറയുന്ന കാര്യം ചീരുവിനെക്കുറിച്ച് ചോദിക്കരുതെന്നാണ്.
ഞാനുമായി വളരെ അടുത്ത ആളുകൾ ഞങ്ങളുടെ പേര് ഉപയോഗിച്ചിട്ടുണ്ട്. ചിരുവിന്റെ മരണശേഷം പലരും അവരുടെ തനിനിറം കാണിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തവർ. അവർക്കിനി എന്നിൽ നിന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം കൂടെക്കൂടിയത് എനിക്കൊപ്പമുള്ള പേര് കൊണ്ടായിരുന്നു." മേഘ്നയുടെ വാക്കുകൾ.