തൃശൂർ: കത്തുന്ന വേനലിൽ നഗരത്തിലൂടെ യാത്ര ചെയ്യുന്പോൾ ഒരു ചെറുതണൽ കൊതിക്കാത്തവരുണ്ടാകില്ല. എന്നാൽ, ചിയ്യാരം മുനയം ബണ്ട് റോഡിലേക്കു കയറിയാൽ ചൂടൊക്കെ പന്പകടക്കും. റോഡരികിൽ നിരനിരയായി പച്ചക്കുട നിവർത്തിനിൽക്കുന്ന മരങ്ങളും കണ്കുളിർപ്പിക്കുന്ന ചെടികളും യാത്രക്കാരെ വരവേൽക്കും. പരിസ്ഥിതിദിനം വെറും പ്രസംഗത്തിൽ മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സ്വന്തം അധ്വാനംകൊണ്ട് ഒരു നാടിനെ കുളിരണിയിച്ച ചിയ്യാരത്തെ വിശ്വകല ആർട്സ് ക്ലബിന്റെ ഈ ഹരിതമാതൃക.
ഇത് ആറുവർഷത്തെ കെയറിംഗ്’
കൃത്യം ആറുവർഷംമുൻപ്, 2019 ജൂണ് അഞ്ചിലെ ഒരു പരിസ്ഥിതിദിനത്തിലാണ് വിശ്വകല ആർട്സ് ക്ലബ് അംഗങ്ങൾ ഈ വഴിയിൽ വൃക്ഷത്തൈകൾ നടാൻ ഇറങ്ങിത്തിരിച്ചത്. പാടശേഖരത്തിനു നടുവിലൂടെ കടന്നുപോകുന്ന 700 മീറ്റർ വരുന്ന തുറസായ റോഡിന്റെ വശങ്ങളിലാണ് അന്ന് 70 മരങ്ങൾ നട്ടത്. ഫോട്ടോ എടുത്തു പിരിയുന്ന പതിവുരീതി അവർക്കില്ലായിരുന്നു. ചിട്ടയായ പരിചരണവും വളവുംനൽകി മക്കളെപ്പോലെ നോക്കിയതോടെ റോഡരികിലെ ഈ മരങ്ങൾ വളർന്നുപന്തലിച്ച് തണൽ വിരിച്ചുതുടങ്ങി.
മാവ്, അശോകം, ഇലഞ്ഞി, ഞാവൽ, ആര്യവേപ്പ്, പേര, ആൽ തുടങ്ങിയ മരങ്ങളാണ് ഇന്നു റോഡരികിൽ തണലൊരുക്കുന്നത്. ഇതുകൂടാതെ റോഡരികിലെ വാക് വേയോട് ചേർന്ന് 700 മീറ്റർ നീളത്തിൽ പ്രത്യേകം തയാറാക്കിയ 610 നന്ത്യാർവട്ടച്ചെടികളും പൂത്തുലഞ്ഞുനിൽക്കുന്നു. ഇവ ഉണങ്ങിപ്പോകാതിരിക്കാൻ ദിവസവും നനയ്ക്കാൻ പ്രത്യേക ജലവിതരണസംവിധാനവും ക്ലബ് ഒരുക്കിയിട്ടുണ്ട്.
സിസിടിവി കാവലിൽ സൂര്യാസ്തമയം
സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കാനായി റോഡിൽ 11 സിസിടിവി കാമറകളാണ് ക്ലബിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ഇതോടെ തൃശൂർക്കാരുടെ പ്രിയപ്പെട്ട സായാഹ്നകേന്ദ്രമായി ഈ ബണ്ട് റോഡ് മാറി. ദിവസവും നിരവധിപേരാണ് ഇവിടെയെത്തി സൂര്യാസ്തമയഭംഗി ആസ്വദിക്കുന്നതെന്ന് വിശ്വകല ആർട്സ് ക്ലബ് പ്രസിഡന്റ് ജയപ്രകാശ് പറഞ്ഞു.
കൈയിൽനിന്നു പണമെടുത്തു, ഒടുവിൽ കോർപറേഷൻ ഒപ്പംകൂടി
45 അംഗങ്ങളുള്ള ക്ലബിലെ അംഗങ്ങൾ സ്വന്തം കൈയിൽനിന്നു പണമെടുത്തും പരിസ്ഥിതിസ്നേഹികളുടെ സംഭാവനകൾ സ്വീകരിച്ചുമാണ് ഈ പദ്ധതിക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ കോർപറേഷന്റെ ഭാഗത്തുനിന്നു യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല. എന്നാൽ, ഇവരുടെ കഠിനാധ്വാനവും നാടിനുണ്ടായ മാറ്റവും കണ്ടതോടെ ഇപ്പോൾ കോർപറേഷനും പദ്ധതിയുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഇന്നും ക്ലബ് ചെടികളും വൃക്ഷത്തൈകളും നടാനുള്ള ഒരുക്കത്തിലാണ്.
ഒരു പരിസ്ഥിതിദിനത്തിൽ റോഡരികിൽ നട്ട തൈകൾകൊണ്ട് ഒരു നാടിന്റെ കാലാവസ്ഥ തന്നെ മാറ്റിയെഴുതാം എന്നു തെളിയിക്കുകയാണ് ഈ കൂട്ടായ്മ. സോഷ്യൽമീഡിയയിലും ഈ വഴി ഇപ്പോൾ വൈറലാണ്.