കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്നു പേര് പോലീസിന്റെ പിടിയില്‍. ഇരിങ്ങാടന്‍പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ രാത്രി രണ്ടോടെ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാസലഹരിയെത്തിക്കുന്ന സംഘമാണ് പിടിയിലായത്.
ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍, പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശി കാമ്യക റീജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ ഇവരുടെ ബാഗിൽനിന്നും 108 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യുകയായിരുന്നു പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ അമൽ മുൻപും എംഡിഎംഎ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. അമലിന്റെ പേരിൽ മാറാട്, ബേപ്പൂര്‍, പന്നിയങ്കര, മെഡിക്കല്‍ കോളജ്, നല്ലളം പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് ഇരുന്ന് മദ്യം കഴിച്ചതിനും മദ്യപിച്ചു വാഹനം ഓടിച്ചതിനുമായി പന്ത്രണ്ടോളം കേസുകള്‍ നിലവിലുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി യുവതിയും സുഹൃത്തുക്കളും കുടുങ്ങിയത്.ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.