കൊച്ചി: പരാതിക്കാരന് പണം തിരികെ നല്‍കിയതോടെ മെന്റലിസ്റ്റ് ആദിക്കെതിരായ സാമ്പത്തിക കേസ് ഒത്തുതീര്‍പ്പിലേക്ക്. അഭിഭാഷക ചെലവ് ഉള്‍പ്പെടെയുള്ള തുക ആദി പരാതിക്കാരന് മടക്കിനല്കിയതോടെ കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
മെന്റലിസം പരിപാടി നടത്തിപ്പിനായി പണം കൈപ്പറ്റിയശേഷം നിക്ഷേപത്തുകയും ലാഭവിഹിതവും നല്‍കാതെ വഞ്ചിച്ചുവെന്നു കാണിച്ച് ഇന്തോനേഷ്യയില്‍ ബിസിനസ് ചെയ്യുന്ന മറൈന്‍ ഡ്രൈവ് ബ്ലൂ ക്രഷ് ടവറില്‍ താമസിക്കുന്ന വി.ജെ. മാത്യു (ബെന്നി) വാഴപ്പിള്ളില്‍ ആണ് ആദിക്കും സംവിധായകന് ജിസ് ജോയി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ മിഥുന്, അരുണ്‍ എന്നിവര്‍ക്കുമെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
സംഭവം വാര്‍ത്തയായതിനു പിന്നാലെ ആദിയടക്കമുള്ളവര് ഒത്തുതീര്‍പ്പിനായി വിളിച്ചതായി പരാതിക്കാരന് പറഞ്ഞു. ഇതോടെ ഇന്‍സോംനിയ എന്ന പരിപാടിയുടെ പേരില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍നിന്നു വാങ്ങിയ 35 ലക്ഷം രൂപ തിരികെ നല്കിയാല് കേസ് പിന്‍വലിക്കാമെന്ന് അറിയിച്ചു.
ഇതേത്തുടര്‍ന്ന് കോടതിച്ചെലവടക്കം 37 ലക്ഷം രൂപ ആദി മടക്കിനല്കിയെന്നും പരാതിക്കാരന് വ്യക്തമാക്കി. കേസ് ഒഴിവാക്കാനുള്ള നടപടികളും അഭിഭാഷകന് മുഖേന ആരംഭിച്ചു. എഫ്ഐആര്‍ റദ്ദാക്കുന്നതിന് സംയുക്തമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന് പറഞ്ഞു.