മാങ്ങാനം: നാലുദിവസം മുൻപ് മരിച്ച അമ്മയുടെ മൃതദേഹത്തിനു മാനസിക വെല്ലുവിളി നേരിടുന്ന മകൻ കാവലിരുന്നു. മാങ്ങാനം താമരശ്ശേരി അമ്പലത്തിനു സമീപം പരേതനായ പി.ഐ. ഭാസ്കരന്റെ ഭാര്യ കെ.കെ. ഭാനുമതി (80) യുടെ മൃതദേഹത്തിനരികിലാണ് മകൻ പ്രവീൺ കാവലിരുന്നത്.
ഇന്നലെ വൈകുന്നേരം വീട്ടിൽനിന്ന് ദുർഗന്ധം ഉണ്ടായതോടെ സമീപവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയിൽ ഭാനുമതിയെ കണ്ടെത്തിയത്.
കോടതി ഉദ്യോഗസ്ഥയായിരുന്ന ഭാനുമതിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുന്പ് മരണമടഞ്ഞിരുന്നു. തുടർന്ന് അമ്മയും മകനും മാത്രമായിരുന്നു താമസം.
പ്രവീണിനെ പോലീസ് പുതുപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള ബന്ധുക്കളുമായി ഇവർക്ക് ബന്ധമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.