Sports
ഫ്ളോറിഡ: മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ നേടിയ മത്സരത്തില്‍ ഇന്റര്‍ മയാമിക്കു ജയം.
എവേ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 3-2ന് ന്യൂയോര്‍ക്ക് സിറ്റിയെ കീഴടക്കി. ടീമിന്റെ രണ്ടാം ഗോളായിരുന്നു മെസി (61) നേടിയത്.
Sports
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും ലാമിന് യമാലിന്റെ സ്പെയിനും തമ്മിലുള്ള ഫൈനലിസിമ ഫുട്ബോള്‍ പോരാട്ടം റദ്ദാക്കി.
നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരാണ് സ്പെയിന്, അര്‍ജന്റീന ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരും.
ദോഹയിലെ ലൂസൈല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 27നായിരുന്നു മെസി Vs യമാല്‍ പോരാട്ടം അരങ്ങേറേണ്ടിയിരുന്നത്.
ഇറാന് എതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണത്തിന്റെ പ്രത്യാക്രമണങ്ങള്‍ അറേബ്യന്‍ നാടുകളെ ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കിയത്.
അതേസമയം, യുവേഫയും കോണ്‍മെബോളും മറ്റൊരു വേദിയിലേക്ക് ഫൈനലിസിമ മാറ്റാനുള്ള ചര്‍ച്ച നടത്തുന്നുണ്ട്.
Sports
ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളില്‍ ഇന്റര്‍ മയാമിക്കു ജയം.
എവേ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 4-2ന് ഒര്‍ലാന്റൊ സിറ്റിയെ കീഴടക്കി. 24 മിനിറ്റിനുള്ളില്‍ ഒര്‍ലാന്റൊ സിറ്റി 2-0ന്റെ ലീഡ് നേടി. 57, 90 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍.
മെസി @ 898
കരിയറില്‍ മെസിയുടെ ഗോള്‍ സമ്പാദ്യം ഇതോടെ 898ല്‍ എത്തി. രണ്ട് ഗോള്‍കൂടി നേടിയാല്‍ അതിവേഗത്തില്‍ 900 ഗോള്‍ എന്ന റിക്കാര്‍ഡ് മെസിക്കു സ്വന്തമാക്കാം.
Sports
ബ്രസീലിയ: ബ്രസീല്‍ ഫുട്ബോളര് നെയ്മര്‍, തന്റെ ക്ലബ്ബായ സാന്റോസിലെ ജഴ്സി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും മക്കള്‍ക്കും സമ്മാനിച്ചു.
സാന്റോസ് ക്ലബ്ബിലെ തന്റെ 10-ാം നമ്പര്‍ ജഴ്സിയാണ് മെസിക്കും മക്കള്‍ക്കും നെയ്മര്‍ സമ്മാനിച്ചത്. ബ്രസീല്‍ ഇതിഹാസം പെലെ സാന്റോസ് എഫ്സിയിലായിരുന്നപ്പോള് അണിഞ്ഞതും 10-ാം നമ്പര്‍ ജഴ്സിയായിരുന്നു.
അടുത്ത സുഹൃത്തുക്കളായ മെസിയും നെയ്മറും സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ, ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് എന്നിവിടങ്ങളില്‍ ഒന്നിച്ചുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനം കോടിക്കണക്കിന് രൂപ മുടക്കി മെസിയെ കൊണ്ടുവരുന്നതിനേക്കാൾ അതിനായി ചെലവഴിക്കേണ്ട തുക ഉപയോഗിച്ച് കായികതാരങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് വേണ്ടതെന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ്. തിരുവനന്തപുരം എൽഎൻസിപിയിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു അഞ്ജുവിന്റെ പ്രതികരണം.
വിവിധ കന്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് മെസിയെ കൊണ്ടുവരാൻ സംസ്ഥാനം തീരുമാനിച്ചത്. അത്തരത്തിൽ കണ്ടെത്തുന്ന പണം കായികമേഖലയുടെ അടിസ്ഥാനസൗകര്യങ്ങൾക്ക് ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
സ്ഥാന ബജറ്റിൽ കായിക മേഖലയ്ക്കായി കാര്യമായ തുക നീക്കിവച്ചിട്ടില്ലെന്നും ദേശീയ ചാന്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാൻ കേരളം ഇപ്പോൾ താൽപര്യം പ്രകടിപ്പിക്കുന്നില്ലെനും അഞ്ജു കൂട്ടിച്ചേർത്തു.
Sports
കോല്‍ക്കത്ത: ഈ മാസം 13 മുതല്‍ 15വരെ അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയില്‍ നടത്തിയ ഗോട്ട് ടൂര്‍ 2025ന്റെ സാമ്പത്തിക കണക്കുകള്‍ പുറത്ത്.
ഗോട്ട് ടൂറിനായി മെസിക്ക് 89 കോടി രൂപ പ്രതിഫലം നല്‍കിയതായാണ് വിവരം. കൂടാതെ 11 കോടി രൂപ ടാക്സ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിനും നല്കി. ഫലത്തില്‍ മെസിയുടെ മാത്രം വരവിനായി 100 കോടി രൂപ സ്പോണ്‍സര്‍മാര്‍ മുടക്കി.
ഗോട്ട് ടൂറിന്റെ കോല്‍ക്കത്ത സ്പോണ്‍സറായ ശതദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോല്‍ക്കത്തയിലെ പരിപാടിയില്‍ ആരാധകര്‍ മൈതാനത്തേക്ക് ഇറങ്ങി സുരക്ഷാ വീഴ്ചയുണ്ടായതിനായിരുന്നു അറസ്റ്റ്.
ദത്തയുടെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ 20 കോടി രൂപ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. മെസിയുടെ കോല്‍ക്കത്ത, ഹൈദരാബാദ് പരിപാടിയിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചതാണ് ഈ തുകയെന്നാണ് ദത്തയുടെ അവകാശവാദം.
National
ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർ ദിവസേന അനുഭവിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും ഇന്നലെ അനുഭവിച്ചു.
മലിനീകരണം മൂലമുള്ള പുകമഞ്ഞ് രൂക്ഷമായ ഇന്നലെ രാജ്യത്തെ വ്യോമ, റെയിൽ ഗതാഗതം താറുമാറായപ്പോൾ മെസിയും മോദിയും സഞ്ചരിക്കേണ്ട വിമാനങ്ങളെയും അതു ബാധിക്കുകയായിരുന്നു.
മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിൽ മാത്രം നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ഡൽഹിയിലേക്കെത്തുന്നതും പുറപ്പെടുന്നതുമായ നൂറിലധികം ട്രെയിനുകൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു.
ഇന്ത്യ ടൂർ 2025ന്റെ ഭാഗമായി ഇന്നലെ ഡൽഹിയിലേക്കു പറക്കാനൊരുങ്ങിയ ലയണൽ മെസിയുടെ ചാർട്ടേഡ് വിമാനം കനത്ത പുകമഞ്ഞിനെത്തുടർന്ന് വൈകിയതുമൂലം മെസി മണിക്കൂറുകളോളം മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി.
ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ടിയിരുന്ന മെസി, അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വൈകുന്നേരം നാലരയായി. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം ഇന്നലെ രാവിലെ എട്ടരയോടെ പുറപ്പെടേണ്ടതായിരുന്നെങ്കിലും മോശം ദൃശ്യപരത മൂലം 9.30നാണ് വിമാനം പുറപ്പെട്ടത്.
470 എന്ന "ഗുരുതര’വിഭാഗത്തിലായിരുന്നു ഇന്നലെ ഡൽഹിയിലെ ശരാശരി വായു നിലവാരസൂചിക (എക്യുഐ). അതിരൂക്ഷമായ മലിനീകരണത്തെ ചെറുക്കാൻ തലസ്ഥാനത്തെ സ്കൂളുകൾ ഓണ്‍ലൈനാക്കുകയും നിർമാണപ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തു.
മലിനീകരണം കണക്കിലെടുത്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ വീഡിയോ കോണ്‍ഫറൻസിലൂടെ പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്തും കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
Sports
ഫ്ളോറിഡ: 2025 മേജര്‍ ലീഗ് സോക്കര്‍ (എംഎസ്എല്‍ ) കപ്പ് ഫൈനലില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ജര്‍മന്‍ താരം തോമസ് മ്യുള്ളറും കൊമ്പുകോര്‍ക്കും.
മെസി നയിക്കുന്ന അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയും തോമസ് മ്യുള്ളറിന്റെ കനേഡിയല്‍ ടീമായ വാന്‍കൂവര്‍ വൈറ്റ്ക്യാപ്സ് എഫ്സിയും തമ്മിലാണ് എംഎസ്എല്‍ കപ്പ് കിരീട പോരാട്ടം. ഇന്ത്യന്‍ സമയം ഈ രാത്രി ഒരു മണിക്ക്, മയാമിയുടെ ഹോം ഗ്രൗണ്ടായ ഫ്ളോറിഡയിലെ ചേസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്. കന്നി എംഎസ്എല്‍ കപ്പിനായാണ് ഇരുടീമും ഇറങ്ങുന്നത്.
മെസി വസന്തകാലം
ലയണല്‍ മെസി എത്തിയശേഷം ഇതിനോടകം നാല് ട്രോഫികള്‍ ഇന്റര്‍ മയാമി സ്വന്തമാക്കി. 2023 ജൂലൈയിലായിരുന്നു ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നില്‍നിന്ന് മെസി ഇന്റര്‍ മയാമിയില്‍ എത്തിയത്. മെസിയുടെ വരവിനു മുമ്പ് ഇന്റര്‍ മയാമിക്ക് ഒരു ട്രോഫിപോലും ഇല്ലായിരുന്നു എന്നതും ശ്രദ്ധേയം.
2023ല്‍ ലീഗ്സ് കപ്പ്, 2024ല്‍ എംഎസ്എല്‍ സപ്പോട്ടേഴ്സ് ഷീല്‍ഡും ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കപ്പും, 2025ല്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫ് കപ്പ് എന്നിങ്ങനെ നാല് ട്രോഫികളാണ് മെസി വസന്തകാലത്ത് ഇന്റര്‍ മയാമി സ്വന്തമാക്കിയത്. ഇതിനെല്ലാം ഒപ്പം എംഎസ്എല്ലിലെ പരമോന്നത ട്രോഫിയായ എംഎസ്എല്‍ കപ്പിനായാണ് മെസിയുടം സംഘവും ബൂട്ടണിയുക.
മ്യുള്ളറിന്റെ വരവ്
ഈ വര്‍ഷം ഓഗസ്റ്റിലാണ് തോമസ് മ്യുള്ളര്‍ വാന്‍കൂവര്‍ വൈറ്റ്ക്യാപ്സില്‍ ചേര്‍ന്നത്. 25 വര്‍ഷം ജര്‍മന്‍ സൂപ്പര്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനൊപ്പം ജീവിച്ചശേഷമാണ് മ്യുള്ളര്‍ കാനഡയിലേക്ക് എത്തിയതെന്നതും ശ്രദ്ധേയം. സെപ്റ്റംബര്‍ 13ന് തന്റെ 36-ാം ജന്മദിനത്തില് മ്യുള്ളര്‍ ഹാട്രിക് നേടിയിരുന്നു.
മ്യുള്ളര്‍ എത്തിയശേഷം രണ്ട് ട്രോഫി വാന്‍കൂവര്‍ വൈറ്റ്ക്യാപ്സ് സ്വന്തമാക്കി. 2025 കനേഡിയല്‍ ചാമ്പ്യന്‍ഷിപ്പും 2025 എംഎസ്എല്‍ വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫ് കപ്പും.
മേജര്‍ ലീഗില്‍ 30 ടീമുകളാണ് ഉള്ളത്. 27 എണ്ണം അമേരിക്കയില്‍നിന്നും മൂന്ന് എണ്ണം കാനഡയില്‍നിന്നും. ഈസ്റ്റേണ്‍, വെസ്റ്റേണ്‍ എന്നിങ്ങനെ രണ്ട് കോണ്‍ഫറന്‍സ് തിരിച്ചാണ് ലീഗ് റൗണ്ട്. ഇരു കോണ്‍ഫറന്‍സിലെയും ലീഗ് ചാമ്പ്യന്മാര്ക്ക് റെഗുലര്‍ സീസണ് ഷീല്‍ഡ് ലഭിക്കും. ഇരു കോണ്‍ഫറന്‍സും ഒന്നിച്ചുള്ള പോയിന്റ് പട്ടികയുടെ തലപ്പത്തെത്തുന്ന ടീമിനു സപ്പോട്ടേഴ്സ് ഷീല്‍ഡും നല്‍കും.
ഇരു കോണ്‍ഫറന്‍സിലെയും ആദ്യ ഒമ്പതു ടീമുകളില്‍നിന്ന് പ്ലേ ഓഫിലൂടെ ഏഴ് ക്ലബ്ബിനെ കണ്ടെത്തി അവര്‍ തമ്മില്‍ നോക്കൗട്ട് അരങ്ങേറും. ഫൈനലില്‍ ജയിക്കുന്ന ടീമിന് എംഎസ്എല്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫ് ട്രോഫി ലഭി ക്കും. ഇരു കോണ്‍ഫറന്‍സിലെയും പ്ലേ ഓഫ് ട്രോഫി ജേതാക്കള്‍ തമ്മിലാണ് എംഎസ്എല്‍ കപ്പ് പോരാട്ടം .എംഎസ്എല്‍ കപ്പ്
Sports
ബാഴ്സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസി തന്റെ പഴയ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്കു തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം.
മെസി ബാഴ്സയിലേക്കു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കു സ്ഥാനമില്ല. അത്തരമൊരു സംഭവം നടക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് ഹ്വാന്‍ ലാപോര്‍ട്ട അറിയിച്ചു.
ഞായറാഴ്ച രാത്രിയില്‍ മെസി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗവില്‍ എത്തിയിരുന്നു. കാമ്പ് നൗവില്‍ നില്ക്കുന്ന ചിത്രത്തിനൊപ്പം “ഒരു ദിവസം എനിക്കു തിരിച്ചുവരാന്‍ കഴിയും, ഒരു കളിക്കാരന് എന്ന നിലയില്‍ വിടപറയാന്‍ മാത്രമല്ല, അങ്ങനെ ചെയ്യാന്‍ കഴിയില്ല’’ എന്ന കുറിപ്പും മെസി പങ്കുവച്ചിരുന്നു. ഇതോടെ മെസി ബാഴ്സയിലേക്കു തിരിച്ചെത്തിയേക്കുമെന്ന വാര്‍ത്ത പരന്നു.
Sports
ബ്യൂണസ് ഐറിസ്: അംഗോളയ്ക്കെതിരായ അന്താരാഷ്്ട്ര സൗഹൃദ മത്സരത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ലയണൽ സ്കലോനി പ്രഖ്യാപിച്ച 24 അംഗ ടീമിനെ സൂപ്പർ താരം ലയണൽ മെസി നയിക്കും.
ടീമിൽ അരങ്ങേറ്റം കുറിക്കാത്ത മൂന്ന് കളിക്കാരും ഉൾപ്പെടുന്നു. നവംബറിലെ ഫിഫ വിൻഡോയിൽ അർജന്റീനയുടെ ഏക സൗഹൃദ മത്സരമാണ് അംഗോളയിൽ നടക്കുന്നത്. നവംബർ 14ന് ലുവാൻഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന ടീമിൽ, ജിയാൻലൂക്ക പ്രെസ്റ്റിയാനി, ജോക്വിൻ പാനിച്ചെല്ലി, മാക്സിമോ പെറോണ്‍ എന്നീ പുതുമുഖങ്ങളാണ് ഇടംപിടച്ചത്. അതേസമയം പരിക്കേറ്റ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് സ്ക്വാഡിലില്ല.
2026 ഫിഫ ലോകകപ്പിന് മുന്‍പായി ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള സ്കലോനിയുടെ അവസാന അവസരങ്ങളിലൊന്നാണ് ഈ മത്സരം.
അർജന്റീന ടീം:
ഗോൾകീപ്പർമാർ: ജെറോനിമോ റൂളി, വാൾട്ടർ ബെനിറ്റസ്.
പ്രതിരോധനിര: നഹുവൽ മോളിന, യുവാൻ ഫോയ്ത്ത്, ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ഓട്ടമെൻഡി, മാർക്കോസ് സെനേസി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റീൻ ബാർക്കോ.
മധ്യനിര: അലക്സിസ് മാക് അലിസ്റ്റർ, മാക്സിമോ പെറോണ്‍, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, തിയാഗോ അൽമാഡ, ജിയോവാനി ലോ സെൽസോ, നിക്കോളാസ് പാസ്.
മുന്നേറ്റനിര: ലയണൽ മെസി, ജൂലിയാനോ സിമിയോണി, ജിയാൻലൂക്ക പ്രെസ്റ്റിയാനി, നിക്കോളാസ് ഗോണ്‍സാലസ്, ലൗട്ടാരോ മാർട്ടിനെസ്, ഹോസെ മാനുവൽ ലോപ്പസ്, ജൂലിയൻ അൽവാരസ്, ജോക്വിൻ പാനിച്ചെല്ലി.
നേരത്തേ മെസിയടങ്ങുന്ന അർജന്റീന ടീം നവംബറിൽ കേരളത്തിൽ സൗഹൃദ മത്സരത്തിനെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്റ്റേഡിയമടക്കമുള്ള കാര്യങ്ങളിൽ ഫിഫ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ വരവ് വൈകുമെന്നും അടുത്ത വിൻഡോയായ മാർച്ചിലെത്തുമെന്നുമാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.
Sports
മയാമി: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക്, മേയര്‍ ഫ്രാന്‍സിസ് സുവാരസ് കീ ടു ദ സിറ്റി ഓഫ് മയാമി പുരസ്കാരം നല്കി.
മയാമിക്കും അമേരിക്കയ്ക്കും ലോക ഫുട്ബോളിനും വേണ്ടി ചെയ്ത കാര്യങ്ങള്‍ക്കുള്ള സ്മരണാര്‍ഥമാണ് പുരസ്കാരം. 2023 ജൂലൈ 15നാണ് ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ എത്തിയത്.
Sports
റിയാദ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന പ്രഖ്യാപനവുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) ആരാണെന്നതില്‍, മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന വിലയിരുത്തല്‍ മുമ്പും റൊണാള്‍ഡോ നടത്തിയിരുന്നു.
പിയേഴ്സ് മോര്‍ഗനുമായി നടത്തിയ അഖിമുഖത്തിലാണ് മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന വിലയിരുത്തല്‍ റൊണാള്‍ഡോ നടത്തിയത്. “മെസി എന്നേക്കാള്‍ മികച്ചതാണെന്നോ? അതിനോട് ഞാന്‍ യോജിക്കുന്നില്ല. അത്രയും എളിമ എനിക്കു വേണ്ട’’- പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തിന്റെ പുറത്തുവന്ന ക്ലിപ്പിംഗില്‍ റൊണാള്‍ഡോ പറയുന്നു. അഭിമുഖം പൂര്‍ണമായി പുറത്തുവരുന്നതിനു മുമ്പുള്ള ക്ലിപ്പിംഗാണിത്.
പിയേഴ്സ് മോര്‍ഗനുമായി 2022ല്‍ നടത്തിയ വിവാദ അഭിമുഖത്തിനുശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലണ്ട് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി വിട്ടത്. അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിക്കാരനായിരുന്ന റൊണാള്‍ഡോ, ക്ലബ്ബിന്റെ രീതികളെയും കോച്ച് എറിക് ടെന്‍ ഹഗിനെയുമെല്ലാം കുറ്റപ്പെടുത്തിയാണ് അഭിമുഖത്തില്‍ സംസാരിച്ചത്. അഭിമുഖം വിവാദമായതിനു പിന്നാലെ ക്ലബ്ബുമായി പരസ്പരധാരണയില്‍ റൊണാള്‍ഡോ വഴിപിരിഞ്ഞു. തുടര്‍ന്നാണ് നിലവിലെ ക്ലബ്ബായ സൗദി പ്രൊ ലീഗിലെ അല്‍ നസര്‍ എഫ്സിയില്‍ എത്തിയത്.
സിആര്‍7 Vs മെസി
2008 മുതല്‍ 2017വരെ സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡിലും ബാഴ്സലോണയിലുമായിരുന്നു റൊണാള്‍ഡോയും മെസിയും. ഇക്കാലയളവില്‍ ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം ഇരുവരും മത്സരിച്ച് പങ്കിട്ടു. യുവേഫ ചാമ്പ്യന്‍സ് ലീഗ് റൊണാള്‍ഡോ അഞ്ച് തവണ നേടിയപ്പോള്‍ മെസിക്കു നാല് പ്രാവശ്യമേ ലഭിച്ചുള്ളൂ. അതേസമയം, കരിയറില്‍ ഇതുവരെയായി ബലോണ്‍ ദോര്‍ പുരസ്കാരം റൊണാള്‍ഡോ അഞ്ച് പ്രാവശ്യം നേടിയപ്പോള്‍ മെസി എട്ട് തവണ സ്വന്തമാക്കി.
കരിയറില്‍ റൊണാള്‍ഡോ 952 ഗോള്‍ നേടിക്കഴിഞ്ഞു. മെസിക്കുള്ളത് 892 ഗോള്‍ മാത്രം. കരിയറില്‍ റൊണാള്‍ഡോ 259 അസിസ്റ്റ് നടത്തിയപ്പോള്‍ മെസിക്ക് 399 എണ്ണമുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയ്ക്ക് 140ഉം മെസിക്ക് 129ഉം ഗോളാണ്.
രാജ്യാന്തര ഫുട്ബോളില്‍ 225 മത്സരങ്ങളില്‍നിന്ന് റൊണാള്‍ഡോ 143 ഗോള്‍ നേടിയപ്പോള്‍ മെസി 195 മത്സരങ്ങളില്‍നിന്ന് 114 ഗോള്‍ സ്വന്തമാക്കി. പ്രഫഷണല്‍ കരിയറില്‍ 1000 ഗോള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന എന്ന ചരിത്രനേട്ടത്തിലേക്കു കുതിക്കുകയാണ് റൊണാള്‍ഡോ.
Sports
മലപ്പുറം: അർജന്റീന ഫുട്ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് മന്ത്രി വി. അബ്ദുറഹ്്മാൻ.
നേരത്തേ ലയണൽ മെസിയുടെ അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തുമെന്ന് പറഞ്ഞത് യാഥാർഥ്യമായില്ലെങ്കിലും ഇത്തവണ അർജന്റീന ടീം എത്തുമെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു.
മെസിയുടെ വരവിനെച്ചൊല്ലിയുണ്ടായ വിവാദം തെല്ലൊന്നു കെട്ടടങ്ങിയപ്പോഴാണു മന്ത്രി ഫുട്ബോൾ ആരാധകർക്ക് ആഹ്ലാദത്തിനു വക നൽകിയിരിക്കുന്നത്.
Kerala
തൃശൂര്‍: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രകോപിതനായി കായികമന്ത്രി വി. അബ്ദുറഹിമാന്. തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്കൂള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.
മന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പാണ് ഹൈബി ഈഡന് വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചത്. അര്‍ജന്റീന ഫുട്ബോള്‍ ടീം എത്തുന്നുവെന്ന് പറഞ്ഞ് ദുരൂഹ ഇടപാടുകള്‍ നടന്നുവെന്നും ഹൈബി ഈഡന് ആരോപിച്ചിരുന്നു.
ഇതിനോടുള്ള പ്രതികരണം ചോദിക്കാന്‍ ശ്രമിക്കവേയാണ് മന്ത്രി ചാനല്‍ മൈക്കുകള്‍ തട്ടിത്തെറിപ്പിച്ച് കുപിതനായത്.
Sports
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തില്ല. ഫിഫ അനുമതി ലഭ്യമാകാതെ വന്നതോടെയാണിത്. ഇതോടെ അര്‍ജന്റീനയുടെ എതിരാളികളാകാന്‍ പരിഗണിച്ച ഓസ്ട്രേലിയയും കേരളത്തില്‍ വരില്ല.
ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി സ്പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിന് പറഞ്ഞു.
അടുത്തമാസം അംഗോളയുമായാണ് അര്‍ജന്റീനയുടെ മറ്റൊരു മത്സരം നടക്കുന്നത്. അവിടെനിന്നും കേരളത്തിലേക്കുള്ള യാത്രയുടെ പ്രശ്നങ്ങളും കളി മാറ്റിവയ്ക്കുന്നതിനു കാരണമായെന്ന് സ്പോണ്സര് പറഞ്ഞു. നവംബറില്‍ അംഗോളയില്‍ മാത്രമാണ് അര്‍ജന്റീന സൗഹൃദമത്സരം കളിക്കുകയെന്ന് അര്‍ജന്റീന മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 14, 18 തീയതികളില്‍ വെനസ്വേലയ്ക്കും കൊളംബിയയ്ക്കുമെതിരേ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ടീമിനു മത്സരങ്ങളുണ്ട്. അംഗോളയില്‍ കളിക്കുന്നതിനുമുമ്പ് അര്‍ജന്റീന സ്പെയിനിലാണു പരിശീലിക്കുക. മത്സരവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്നലെ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് സ്പോണ്‍സറായ ആന്റോ അഗസ്റ്റിന്റെ പ്രഖ്യാപനം.
നവംബറിലെ വിന്‍ഡോയില്‍ മത്സരം നടക്കില്ലെന്നും അടുത്ത വിന്‍ഡോയില്‍ അര്‍ജന്റീന സംഘമെത്തുമെന്നും ഇക്കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. മാര്‍ച്ചിലാണ് അടുത്ത വിന്‍ഡോ. ഫിഫ അനുമതി ലഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണു നിലവിലെ തീരുമാനം.
അടുത്ത വിന്‍ഡോയില്‍ കേരളത്തിലെത്തുമെന്നാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) അറിയിച്ചിട്ടുള്ളതെന്നും ആന്റോ അഗസ്റ്റിന് പറയുന്നു. എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി ബ്യൂണസ് അയേഴ്സില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം.
District News
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളാ സന്ദർശവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രിമാരായ വി.അബ്ദുറഹിമാന്, പി.രാജീവ്, ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്റ്റേഡിയത്തിന് കർശന സുരക്ഷ ഒരുക്കണമെന്നും വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു.
ജില്ലാതലത്തിലെ ഏകോപന ചുമതല കളക്ടർക്ക് നൽകി. കഴിഞ്ഞദിവസം അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
District News
കൊച്ചി: ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയും ലയണല്‍ മെസിയും കേരളത്തിലേക്ക് പന്തുതട്ടാന്‍ വരുമോ... ഇല്ലയോ... എന്ന അനിശ്ചിതത്വം നിലനില്ക്കുകയാണെങ്കിലും മത്സര വേദിയായി കണക്കാക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
സ്റ്റേഡിയം പെയിന്റ് ചെയ്ത് ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് പുറമേ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതും ചോര്‍ച്ചകള്‍ പരിഹരിക്കുന്ന പ്രവൃത്തികളുമാണ് ആരംഭിച്ചിരിക്കുന്നത്. അര്‍ജന്റീന കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ തീരുമാനമായാല്‍ അതിനു മുന്നേ അടിസ്ഥാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇപ്പോഴത്തെ നവീകരണം.
അര്‍ജന്റീന ടീം വരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികള്‍ ജിസിഡിഎയില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര മത്സര വേദിയാകാന്‍ യോഗ്യമാകും വിധം സ്റ്റേഡിയം ഫിറ്റ് ആണെന്നാണ് ജിസിഡിഎ അധികൃതര്‍ സ്പോര്‍ട്സ് കൗണ്‍സിലിനെ അറിയിച്ചത്. മാത്രമല്ല 2017ല്‍ ഫിഫ അണ്ടര്‍ 17 ലോക കപ്പ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയം ഫിഫയുടെ മാനദണ്ഡങ്ങള്‍ പ്രകാരം നവീകരിച്ചിരുന്നു. ഇനി അറ്റകുറ്റപ്പണികള്‍ മാത്രം മതിയെന്നാണ് ജിസിഡിഎയുടെ വിശദീകരണം.
സ്റ്റേഡിയത്തിന്റെ ഒന്നര ലക്ഷത്തോളം ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന ഭാഗത്തിന്റെ പെയിന്റിംഗാണ് ഇപ്പോള്‍ നടക്കുന്നത്. 1.35 കോടി രൂപയ്ക്ക് ഡുറോലാക് എന്ന സ്ഥാപനമാണ് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ളത്. ഓഗസ്റ്റ് അവസാനത്തോടെ പെയിന്റിംഗ് പൂര്‍ത്തിയാകും. തുടര്‍ന്ന് ഇരിപ്പിടങ്ങളുടെ നവീകരണവും ചോര്‍ച്ച പരിഹരിക്കുന്നതടക്കമുള്ള സിവില്‍ വര്‍ക്കുകളും നടക്കും. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് നവീകരണം.
ഇതോടൊപ്പം ഫ്ളെഡ്ലിറ്റുകള് നവീകരിക്കുന്ന ജോലികളും ആരംഭിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. നിലവിലുള്ള ലൈറ്റുകള്‍ അഴിച്ചുമാറ്റി പുതിയ ഫ്രെയ്മുകള് സ്ഥാപിച്ച ശേഷം ലൈറ്റുകള്‍ പുനസ്ഥാപിക്കുന്നതാണ് ഇതോടൊപ്പം ചെയ്യുന്നത്. ഹാലജന്‍ ലൈറ്റുകള്‍ക്ക് പകരം സ്റ്റേഡിയം മുഴുവന്‍ എല്‍ഇഡി പ്രകാശത്തിലേക്ക് മാറ്റുന്നതും ആലോചനയിലുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
1996ലാണ് ജിസിഡിഎ സ്റ്റേഡിയം നിര്‍മിച്ചത്. 34 ഏക്കർ ഭൂമിയിലെ 12 ഏക്കറില്‍ മൂന്നു നിലകളിലായി 55,000 പേര്‍ക്ക് ഇരിപ്പിട സൗകര്യം സ്റ്റേഡിയത്തിലുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഫുട്ബോള്‍ മത്സരങ്ങള്‍ക്കും ഐഎസ്എല്‍ മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയായി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കലൂര്‍ സ്റ്റേഡിയം.