ന്യൂഡൽഹി: വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെറ്റയുടെ വ്യക്തിഗത എഐ അസിസ്റ്റന്റായ 'മ്യൂസ്' (Muse) ഉടൻ ഇന്ത്യയിലുമെത്തുന്നു. ഔദ്യോഗിക റിലീസ് തീയതി മെറ്റ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിലെ വരിസംഖ്യ എത്രയായിരിക്കും എന്നതിന്റെ വിവരങ്ങൾ പുറത്തുവന്നു.
രണ്ട് പ്രീമിയം പ്ലാനുകളിലാവും മ്യൂസ് ലഭ്യമാകുക: പവർ (Power) പ്ലാൻ: മാസം ഏകദേശം 1,799 രൂപ. മാക്സ് (Max) പ്ലാൻ: മാസം ഏകദേശം 8,999 രൂപ.
അമേരിക്കയിലെ നിരക്കുകൾക്ക് (പവർ പ്ലാനിന് $20, മാക്സ് പ്ലാനിന് $100) സമാനമായ നിരക്കുകളാണ് ഇന്ത്യയിലും പ്രതീക്ഷിക്കുന്നത്. പവർ പ്ലാനിൽ ആഴ്ചയിൽ 500 ദശലക്ഷം ടോക്കണുകളും, മാക്സ് പ്ലാനിൽ ആഴ്ചയിൽ 3 ബില്യൺ ടോക്കണുകളും ലഭിക്കും.
എന്താണ് മെറ്റ മ്യൂസ്?
വെറുമൊരു ചാറ്റ് ബോട്ട് എന്നതിലുപരി ഉപയോക്താക്കൾക്ക് വേണ്ടി കാര്യങ്ങൾ സ്വയം ചെയ്തു നൽകാൻ മ്യൂസിന് സാധിക്കും.
ഇമെയിലുകൾ തയ്യാറാക്കുക, യാത്രാ പ്ലാനുകൾ ഉണ്ടാക്കുക, ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുക, ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുക തുടങ്ങിയവ വാട്സാപ്പ് പോലെയുള്ള ആപ്പുകളിലൂടെ നേരിട്ട് ചെയ്യാൻ മ്യൂസിന് സാധിക്കും. ആഗോളതലത്തിൽ അവതരിപ്പിച്ച് രണ്ടു മാസത്തിനകം 10 ദശലക്ഷത്തിലധികം ഡൗൺലോഡുകളാണ് മ്യൂസ് നേടിയത്.
നിലവിൽ യുഎസ്, കാനഡ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് മ്യൂസ് ലഭ്യമായിട്ടുള്ളത്. ഇന്ത്യയിൽ പൂർണതോതിൽ നടപ്പിലാക്കുന്നതിന് മുൻപ് പ്രധാനമായും രണ്ട് വെല്ലുവിളികളുണ്ട്:
ഇന്ത്യൻ ബാങ്കിംഗ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഐ സ്വയം പണം അടയ്ക്കുന്നതിലെ സാങ്കേതിക തടസങ്ങൾ. ബോട്ട് ട്രാഫിക്കും തട്ടിപ്പുകളും തടയാൻ ഇന്ത്യൻ വെബ്സൈറ്റുകൾ ഉപയോഗിക്കുന്ന ക്യാപ്ച സുരക്ഷാ സംവിധാനങ്ങൾ മറികടക്കുന്നത് സംബന്ധിച്ച തടസങ്ങൾ.
ഇന്ത്യൻ ഉപയോക്താക്കൾക്ക് മ്യൂസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഇപ്പോൾ 'വെയിറ്റ്ലിസ്റ്റിൽ' പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.