കൊച്ചി: തൃക്കാക്കര മുനിസിപ്പല്‍ സഹകരണ ആശുപത്രിയില്‍ വീണ്ടും മലിന ജലം കയറിയ സംഭവത്തില്‍ കെഎംആര്‍എല്ലിനെതിരെ പ്രതിഷേധം. മെട്രോ റെയില്‍ അധികൃതരുടെ അനാസ്ഥ മൂലം ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ആശുപത്രിയിലേക്ക് മലിന ജലം ഇരച്ചുകയറി.
ഇതോടെ മോര്‍ച്ചറി, സ്കാനിംഗ്, എക്സ്റേ മുറികള്‍ ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ വെള്ളത്തിനടിയിലായത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി. മെട്രോയുടെ പൈലിംഗ് അവശിഷ്ടങ്ങളും മണ്ണും തള്ളിയതാണ് ഈ പ്രതിസന്ധിക്ക് കാരണം.
നഗരസഭയ്ക്കും ആശുപത്രിക്കും ഇടയിലുണ്ടായിരുന്ന നീരൊഴുക്ക് കാന മെട്രോ മാലിന്യങ്ങള്‍ വീണാണ് അടഞ്ഞുപോയത്. മൂന്ന് മാസം മുമ്പ് കാന തുറന്നെങ്കിലും വെള്ളം ഒഴുകിപ്പോകാന്‍ ശാശ്വതമായ സംവിധാനം ഒരുക്കുന്നതില്‍ കെഎംആര്‍എല്‍ പരാജയപ്പെട്ടതാണ് വീണ്ടും ദുരിതത്തിന് കാരണമായത്.
മാസങ്ങള്‍ക്ക് മുമ്പും ഇവിടെ സമാനമായ രീതിയില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നു. അന്ന് ഉമ തോമസ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ പ്രശ്നം പരിഹരിക്കാമെന്ന് കെഎംആര്‍എല്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ആ വാഗ്ദാനം പാലിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു.
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് അടിയിലുള്ള പഴയ കലുങ്ക് തുറന്നെങ്കിലും മലിനജല ഭീഷണിക്ക് പരിഹാരമായില്ല. ആശുപത്രിക്ക് സമീപം മണ്ണ് കൂട്ടിയിട്ടിരിക്കുന്നതുമൂലം വെള്ളം ഒഴുകി പോകാന്‍ കഴിയാത്ത അവസ്ഥയാണ്. തുടര്‍ന്ന് കെഎംആര്‍എല്‍ അധികൃതര്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റിയാണ് താല്‍ക്കാലിക പരിഹാരം കണ്ടത്. പ്രശ്നം ഏഴു ദിവസത്തിനകം പരിഹരിക്കാമെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കിയിട്ടുണ്ട്.