International
റിയാദ്: ഇറാനും യുഎസും തമ്മിൽ ചർച്ചയൊന്നും നടക്കുന്നില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ജൂലൈയിൽ ഇരു രാജ്യങ്ങളും സമ്മതിച്ച ഇടക്കാല ധാരണ അമേരിക്ക പാലിക്കാത്തിടത്തോളം ഇറാൻ ചർച്ചയ്ക്കു തയാറാകില്ല. അതേസമയം, ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ ഉദ്ദേശിക്കുന്ന കരാർ അന്തിമഘട്ടത്തിലാണ്. എന്നാൽ ഈ കരാർ ഉണ്ടായതുകൊണ്ടു മാത്രം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് അരാഗ്ചി ആവർത്തിച്ചു. ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ കരാർ പ്രകാരം ഹോർമുസ് തുറക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കമുള്ള ഉപാധികളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
International
റിയാദ്: സൗദിയിലെ ജസാൻ എണ്ണശുദ്ധീകരണശാല ആക്രമിച്ചതായി ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ അറിയിച്ചു. സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും പ്രതിരോധ സഹകരണ കരാർ ഉണ്ടാക്കി രണ്ടു ദിവസത്തിനുള്ളിലാണ് ഈ ആക്രമണം.
ജസാൻ റിഫൈനറിയിലുണ്ടായ തീപിടിത്തം അണച്ചതായി സൗദി ഊർജമന്ത്രാലയം അറിയിച്ചു. അതേസമയം, തീപിടിത്തം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് മന്ത്രാലയം പരാമർശിച്ചില്ല.
സൗദി സർക്കാരിന്റെ അരാംകോ കന്പനിക്കു കീഴിലുള്ള ജസാൻ റിഫൈനറി ഓരോ ദിവസവും നാലു ലക്ഷം വീപ്പ ക്രൂഡ് കൈകാര്യം ചെയ്യുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ് അരാംകോ. ഡ്രോൺ ഉപയോഗിച്ചാണ് റിഫൈനറി ആക്രമിച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു.
ഷിയാ വിശ്വാസം പിന്തുടരുന്ന ഇറാൻ, അമേരിക്കൻ ആക്രമണത്തിനു മറുപടിയായി സുന്നി വിശ്വാസത്തിന്റെ കേന്ദമായ സൗദിയിലേക്കും ഇതര ഗൾഫ് രാജ്യങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും തൊടുത്താണ് തിരിച്ചടിക്കാറ്. ഷിയാ വിശ്വാസികളായ ഹൂതികൾ ഇറാനു പിന്തുണയുമായി സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങളിൽ ഹൂതികൾ ആക്രമണം നടത്താറുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും വെള്ളിയാഴ്ച സംയുക്ത പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചത്. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ സംയുക്തമായി പ്രതിരോധിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതുമൂലം ‘സുന്നി നാറ്റോ കരാർ’ എന്നും ഇതിനെ വിളിക്കുന്നുണ.
കരാറിനെ ഇറാൻ വിമർശിച്ചിരുന്നു. കരാർ പ്രകാരം പാക്കിസ്ഥാനും തുർക്കിയും സൗദിയുടെ സംരക്ഷണത്തിനെത്തി ഹൂതികളെ നേരിടുമോ എന്നാണ് ഇനിയറിയേണ്ടത്. പശ്ചിമേഷ്യാ സംഘർഷം വിപുലമാക്കുന്ന നടപടിയായിരിക്കുമത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഒമാനുമായി ഉടൻ കരാർ ഉണ്ടായേക്കുമെന്ന് ഇറാൻ. എന്നാൽ കരാർ ഉണ്ടായതുകൊണ്ട് ഹോർമുസ് തുറക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അവിടുത്തെ വിപ്ലവഗാർഡും മുന്നറിയിപ്പു നല്കി.
ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽ പാത സംബന്ധിച്ച് ഇറാനും ഒമാനും കരാറിന്റെ വക്കിലാണെന്നാണ് അരാഗ്ചി പറഞ്ഞത്. എന്നാൽ, യുദ്ധത്തിൽ ഇറാനിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കം മറ്റു പല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഹോർമുസ് തുറക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാലേ ഹോർമുസ് തുറക്കൂവെന്ന് വിപ്ലവഗാർഡ് വക്താവ് ഹുസൈൻ മുഹെബ്ബിയും പറഞ്ഞു. ഉപാധികൾ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പ്രാദേശികതലത്തിൽ നടക്കുന്ന ചർച്ചകളിൽ അമേരിക്ക ഇടപെടരുതെന്നും മുഹെബ്ബി ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകത്തിലേക്ക് എണ്ണയെത്തുന്ന ഹോർമുസിന്റെ ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനുമാണ്. അമേരിക്ക ആക്രമച്ചതിനെത്തുടർന്ന് ഇറാൻ ഈ കടലിടുക്ക് പൂട്ടിയിരിക്കുകയാണ്.
ഹോർമുസ് തുറക്കാൻ ഇറാൻ-ഒമാൻ കരാർ ഉടനുണ്ടാകുമെന്ന സൂചന അമേരിക്കൻ വൃത്തങ്ങളും നല്കുന്നുണ്ട്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതു മുതൽ പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷാവസ്ഥ പൂർണമായി പരിഹരിക്കുന്ന വിപുലമായ ഉടന്പടിക്ക് ഹോർമുസ് കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
..........
യുഎഇ ടാങ്കർ ആക്രമിക്കപ്പെട്ടു
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇന്നലെ യുഎഇ എണ്ണടാങ്കർ ആക്രമിക്കപ്പെട്ടു. യുഎഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനിയുടെ കപ്പലിനു നേർക്ക് ഇറാൻ മിസൈൽ അയച്ചുവെന്നാണ് റിപ്പോർട്ട്. കപ്പൽ ജീവനക്കാർക്കു പരിക്കില്ല.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച സുരക്ഷാ പരിശോധനയ്ക്കായി സൈനികർ ഒരു കെട്ടിടത്തിൽ പ്രവേശിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്.
ജൂൺ അവസാനം ഇസ്രേലി സേനയും ലബനനിലെ ഹിസ്ബുള്ള ഭീകരരും തമ്മിൽ വെടിനിർത്തലുണ്ടായശേഷം ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്.
ഇസ്രേലി സേന ബുധനാഴ്ച തെക്കൻ ലനനിലെ ടെബ്നിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജൂണിലെ വെടിനിർത്തൽ ധാരണകൾ നടപ്പാക്കുന്നതു സംബന്ധിച്ച് ഇസ്രയേലും ലബനനും റോമിൽ ചർച്ച നടത്തുന്നതിനിടെയാണ് സംഘർഷം വർധിച്ചത്.
വെടിനിർത്തിയെങ്കിലും ഇസ്രേലി സേന തെക്കൻ ലബനനിൽ തുടരുകയാണ്. ഇസ്രയേലിനും ലബനനും ഇടയിൽ ഇസ്രേലി സേന സുരക്ഷിത ബഫർസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
International
റിയാദ്: അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ സംവിധാനങ്ങളിൽ തിരിച്ചടി നല്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നയതന്ത്രമാർഗത്തിലൂടെ ഗൾഫ് പ്രതിനിധികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാന്റെ ഭീഷണി വളരെ ഉറച്ചതായിരുന്നുവെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ധാരണയുള്ള ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഊർജവിതരണ സംവിധാനങ്ങളിൽ വൻ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ജൂലൈ 28ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്റെ ഭീഷണിയുണ്ടായത്. ആക്രമണം നടത്തുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ ഇടപെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ ഭീഷണിക്കു പിന്നാലെ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സൗദി, തുർക്കി, ഖത്തർ വിദേശകാര്യമന്ത്രിമാരുമായും പാക്കിസ്ഥാൻ സൈനികമേധാവി ആസിം മുനീറുമായും ബന്ധപ്പെട്ടു. ഇറാനെതിരേ വീണ്ടും ആക്രമണം ആരംഭിക്കുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. അമേരിക്ക ആക്രമിച്ചാൽ ഇറാന്റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിലെ ഊർവിതരണ സംവിധാനങ്ങളെയും അമേരിക്കൻ താവളങ്ങളെയും ലക്ഷ്യമിട്ടായിരിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പു നല്കി.
“തിരിച്ചടിക്കാൻ ഇറാൻ തയാറായിക്കഴിഞ്ഞു. പക്ഷേ, പശ്ചിമേഷ്യയിലുടനീളം നാശമുണ്ടാകുന്നതൊഴിവാക്കാൻ നയതന്ത്രപരിഹാരം തേടുന്നതാകും നല്ലത്” എന്ന് അരാഗ്ചി പറഞ്ഞതായാണ് റിപ്പോർട്ട്.
ഇതേത്തുടർന്നാണ് സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ട്രംപുമായി ഫോണിൽ സംസാരിച്ചത്. ഖത്തർ, ഒമാൻ രാജ്യങ്ങളും ആക്രമണം പുനരാരംഭിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. ഇറാനെ ആക്രമിക്കാനുള്ള നീക്കം റദ്ദാക്കിയതായി ഓഗസ്റ്റ് രണ്ടിനാണ് ട്രംപ് അറിയിച്ചത്. ഇറാനുമായി ഉടൻ കരാറിനു സാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
International
ടെഹ്റാൻ: അമേരിക്ക - ഇറാൻ സംഘർഷം അവസാനിക്കുന്നതായി സൂചന. മേഖലയിലെ വെടിനിർത്തൽ ധാരണ പോലും അനിശ്ചിതത്വത്തിലാക്കിയ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയതായി രാജ്യാന്തര മാധ്യമമായ 'ആക്സിയോസ്' റിപ്പോർട്ട് ചെയ്തു.
സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി നാളെ ഖത്തറിലെ ദോഹയിൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടന്നേക്കുമെന്നാണ് വിവരം. വെടിനിർത്തലിന് പിന്നാലെ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത സൈനിക സംഘർഷങ്ങൾക്കൊടുവിലാണ് പുതിയ നയതന്ത്ര നീക്കം. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ കപ്പലാക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ സിരിക്, ഖഷം ദ്വീപുകളിലെ പത്ത് കേന്ദ്രങ്ങളിൽ അമേരിക്ക മിസൈൽ വർഷിച്ചിരുന്നു.
ഇതിന് മറുപടിയായി ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പട താവളത്തിലും കുവൈത്തിലെ അലി അൽ സലിം വ്യോമതാവളത്തിലും ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രണ്ട് ദിവസമായി നടന്ന സംഘർഷത്തിൽ എട്ട് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് തകരാർ സംഭവിച്ചതായി ഇറാൻ അവകാശപ്പെടുകയും ചെയ്തിരുന്നു.
International
ടെഹ്റാൻ: ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലായുള്ള അമേരിക്കയുടെ 21 കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇറാന്റെ പ്രത്യാക്രമണം.
ബഹ്റൈനിലെ ഫിഫ്ത്ത് ഫ്ലീറ്റ് താവളം ഇറാൻ ആക്രമിച്ചു. ഇറാന്റെ ആക്രമണമുണ്ടായെന്ന് കുവൈത്തും സ്ഥിരീകരിച്ചു. ജോർദാനിൽ അമേരിക്കയുടെ എഫ് 35 ഫൈറ്റർ ജെറ്റ് ഹാങ്ങർ ഇറാൻ ലക്ഷ്യം വച്ചു. യുഎസിന്റെ ഒരു എംക്യു 9 ഡ്രോൺ തകർത്തു എന്നും ഇറാൻ അവകാശപ്പെട്ടു.
ബഹ്റൈനിൽ ഇന്ന് രണ്ടുതവണ മുന്നറിയിപ്പ് സൈറണ് മുഴങ്ങി. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണ് നൽകിയിരിക്കുന്ന നിർദേശം. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ കുവൈത്ത് സേന ആവശ്യപ്പെട്ടു. ജോർദാനിലെ വ്യോമതാവളത്തിലെ എഫ്-35 ഫൈറ്റർ ജെറ്റ് ഹാംഗറുകൾ, ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെ ബേസിലെ നാല് നിർണായക ലക്ഷ്യങ്ങൾ മിസൈലുകൾ ആക്രമിച്ച് നശിപ്പിച്ചതായി ഇറാന്റെ ഐആർജിസി പുറത്തുവിട്ട പ്രസ്താവനയിൽ അവകാശപ്പെട്ടു.
തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഹെലികോപ്റ്റർ ഇറാൻ സൈന്യം വെടിവച്ചിട്ടതാണ് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിന് തുടക്കമിട്ടത്. ഇതിന് പ്രതികാരമായാണ് ഇറാനിലെ തെക്കൻ ദ്വീപുകൾ ലക്ഷ്യമാക്കി യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. സിരിക്കിലെ രണ്ട് ജലസംഭരണികൾ അമേരിക്ക തകർത്തതായും ഇറാൻ റിപ്പോർട്ട് ചെയ്തിരുന്നു.
National
ന്യൂഡല്ഹി: പശ്ചിമേഷ്യൻ സമാധാനത്തിനായി ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാന് കഴിയുമെന്ന് ഇറേനിയന് വിദേശകാര്യ മന്ത്രി അരാഗ്ചി.
ഹോര്മുസ് കടലിടുക്കിലൂടെ എല്ലാ കപ്പലുകളും കടത്തിവിടാന് ഇറാന് തയാറാണ്. കടലിടുക്കിലെ സ്ഥിതി ഇപ്പോള് വളരെ സങ്കീര്ണമാണെന്നും അദ്ദേ ഹം കൂട്ടിച്ചേര്ത്തു.
പശ്ചിമേഷ്യന് പ്രതിസന്ധിയില് ചര്ച്ചയിലൂടെയുള്ള ഒത്തുതീര്പ്പല്ലാതെ മറ്റൊരു പരിഹാരവുമില്ല. പാക്കിസ്ഥാന്റെ മധ്യസ്ഥത ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഇറാന് ഒരിക്കലും ആണവായുധങ്ങള് ആഗ്രഹിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.
ബ്രിക്സ് കോൺക്ലേവിനായി ന്യൂഡൽഹിയിലെത്തിയതായിരുന്നു അരാഗ്ചി.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള രണ്ടാം ഘട്ട ചർച്ചകൾക്ക് കളമൊരുങ്ങുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, മധ്യസ്ഥ ചർച്ചകൾക്കായി പാകിസ്ഥാൻ നയതന്ത്ര സംഘം ഇന്ന് ഇറാനിലെത്തും.
ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ ഫലപ്രദമായില്ലെങ്കിലും, അയൽരാജ്യം എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് ഇറാനെ ചർച്ചാ മേശയിലെത്തിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. നിലവിലെ വെടിനിർത്തൽ പ്രയോജനപ്പെടുത്തി എത്രയും വേഗം അമേരിക്കയുമായി നിർണായക ചർച്ചകൾ തുടങ്ങണമെന്ന് പാക് സംഘം ആവശ്യപ്പെടും. രണ്ട് ദിവസത്തിനുള്ളിൽ ഇറാനുമായി ചർച്ച തുടങ്ങുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. ആണവ വിഷയത്തിൽ ധാരണയിലെത്തിയാൽ ഇറാന് വലിയ സാമ്പത്തിക അവസരങ്ങൾ നൽകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും വ്യക്തമാക്കിയിട്ടുണ്ട്.
യുറേനിയം ശേഖരം കൈമാറാനും ആണവ പദ്ധതികളിൽ നിന്ന് പിന്നോട്ടു പോകാനും ഇറാൻ തയ്യാറാകുമോ എന്നതാണ് സമാധാന ചർച്ചകളുടെ പ്രധാന കടമ്പ. അങ്ങനെ സംഭവിച്ചാൽ ഇറാൻ നേരിടുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങൾ അമേരിക്ക നീക്കം ചെയ്തേക്കും. ചർച്ചകൾക്കായി പാക് സംഘം ടെഹ്റാനിലെത്തുന്നത് പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള വലിയൊരു ചുവടുവെപ്പായാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. ഈ വാരാന്ത്യത്തോടെ ചർച്ചകൾ സംബന്ധിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
International
ടെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. സമാധാന ചർച്ചകൾക്കിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വന്ന് 24 മണിക്കൂർ തികയും മുൻപാണ് ഈ നിർണായക നീക്കം.
പാകിസ്ഥാന്റെ സഹകരണത്തോടെ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാർ ഇതോടെ അനിശ്ചിതത്വത്തിലായി. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലെബനനിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലെബനനിൽ ആക്രമണം തുടർന്നതാണ് ഇറാനെ പ്രകോപിപ്പിച്ചത്.
ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാത അടച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. സമാധാന ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലേക്ക് തിരിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. സുരക്ഷാ സാഹചര്യം വിലയിരുത്തി അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധം ഒരു മാസം പിന്നിടവേ അമേരിക്ക പശ്ചിമേഷ്യയിലേക്ക് വീണ്ടും വിമാനവാഹിനി അയയ്ക്കുന്നു.
80നു മുകളിൽ യുദ്ധവിമാനങ്ങൾ വഹിക്കുന്ന യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് എന്ന കപ്പൽ ഉടൻ യാത്രതിരിക്കുമെന്നാണ് സൂചന.
മിസൈൽ നശീകരണ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ഡോണൾഡ് കുക്ക്, യുഎസ്എസ് മേസൺ എന്നീ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്കു തിരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. യുഎസ്എസ് റോസ് എന്ന മറ്റൊരു യുദ്ധക്കപ്പൽ അമേരിക്കയിൽനിന്ന് യാത്ര തിരിച്ചിട്ടുണ്ടെങ്കിലും ഇതെങ്ങോട്ടാണു പോകുന്നത് എന്നതിൽ വ്യക്തതയില്ല.
യുഎസ്എസ് ജെറാൾഡ് ഫോർഡ്, യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്നീ രണ്ട് വിമാനവാഹിനികൾ നിലവിൽ ഇറാനെതിരായ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലും ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മതിയായ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് രാജ്യം ഊർജ മേഖലയിൽ സ്വയംപര്യാപ്തതം ആകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള എണ്ണ വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ നേരത്തെ തന്നെ കരുതലായി വലിയ തോതിൽ ക്രൂഡ് ഓയിൽ ശേഖരിച്ചിട്ടുണ്ട്. അതിനാൽ ഉടനടി ഒരു പ്രതിസന്ധി രാജ്യത്തുണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, എഥനോൾ മിശ്രിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് വഴി ഇന്ത്യയെ ഊർജ സ്വതന്ത്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യുദ്ധം മൂലം ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളികൾ നേരിടുമ്പോൾ ഭാരതം കരുതലോടെയാണ് മുന്നോട്ട് പോകുന്നതെന്നും, വിതരണ ശൃംഖലകൾ തടസ്സപ്പെടാതിരിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
International
ദുബായ്: പശ്ചിമേഷ്യയിലേക്ക് അധികമായി മൂന്നു യുദ്ധക്കപ്പലുകളും 2500 മറീനുകളെയും അമേരിക്ക വിന്യസിക്കും. സാൻ ഡീയേഗോ തുറമുഖത്തുനിന്നാണ് യുഎസ്എസ് ബോക്സർ അടക്കമുള്ള യുദ്ധക്കപ്പലുകൾ എത്തുകയെന്നാണു റിപ്പോർട്ട്.
11-ാം മറീൻ എക്സെഡിഷണറി യൂണിറ്റിലെ മറീനുകളെയാണു വിന്യസിക്കുക. ഇറാനിലെ ഹോർമുസ് കടലിടുക്കും തന്ത്രപ്രധാന ഖാർഗ് ദ്വീപും പിടിച്ചെടുക്കുകയെന്നതാണു ലക്ഷ്യം.
2,200 മറീനുകളും യുദ്ധവിമാനങ്ങളുമായി ജപ്പാനിൽനിന്ന് അമേരിക്കയുടെ യുഎസ്എസ് ട്രിപ്പൊളി എന്ന യുദ്ധക്കപ്പലും എത്തിക്കൊണ്ടിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ തന്നെയാണ് അമേരിക്കയുടെ പടപ്പുറപ്പാട്. ഇതിനു സഹായിക്കാൻ നാറ്റോ രാജ്യങ്ങളോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭ്യർഥിച്ചെങ്കിലും ആരും അനുകൂല മറുപടി നൽകിയില്ല.
എന്നാൽ ജപ്പാൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, നെതർലാൻഡ്സ്, ഇറ്റലി എന്നീ രാജ്യങ്ങൾ ഹോർമുസിന്റെ സുരക്ഷയ്ക്കായി യോജിച്ചുപ്രവർത്തിക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കുകയും ട്രംപ് ഇതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി.
International
വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിൽ എത്രയുംവേഗം വെടിനിർത്തൽ സാധ്യമാക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. അക്രമം ഒരിക്കലും നീതിയിലേക്കോ സമാധാനത്തിലേക്കോ നയിക്കില്ലെന്നും ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവേ മാർപാപ്പ ചൂണ്ടിക്കാട്ടി.
“മധ്യേഷ്യയിലെ ക്രൈസ്തവരുടെയും എല്ലാ സന്മനസുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ഈ സംഘർഷത്തിന് ഉത്തരവാദികളായവരോട് ഞാൻ അഭ്യർഥിക്കുന്നു: തീയണയട്ടെ, സംഭാഷണത്തിന്റെ പാതകൾ വീണ്ടും തുറക്കപ്പെടട്ടെ”-മാർപാപ്പ പറഞ്ഞു. ലബനനിലെ അവസ്ഥ ദയനീയമാണെന്നു പറഞ്ഞ മാർപാപ്പ, എല്ലാ ലബനീസ് പൗരന്മാരുടെയും പൊതുനന്മയ്ക്കായി രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരങ്ങൾ കാണാൻ അധികാരികളെ സഹായിക്കുന്ന സംഭാഷണത്തിന്റെ പാതകൾ തുറക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയായി പശ്ചിമേഷ്യയിലെ ജനങ്ങൾ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ്. ആയിരക്കണക്കിനു നിരപരാധികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടിവന്നു. സ്കൂളുകൾ, ആശുപത്രികൾ, പാർപ്പിട മേഖലകൾ എന്നിവയ്ക്കുനേരേയുള്ള ആക്രമണങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ പ്രാർഥനയിൽ ഓർമിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.
International
ദുബായ്/ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒൻപത് ദിവസം പിന്നിടുമ്പോൾ ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടത് 1332 പേർ. തെക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 83 കുട്ടികളടക്കം 394 പേരും കൊല്ലപ്പെട്ടു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കൻ ലബനനിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യത്തിലെ രണ്ടു പേർ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയശേഷം ഇസ്രയേൽ സൈനികർ കൊല്ലപ്പെടുന്നത് ആദ്യമാണ്.
ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു രണ്ട് പേർ മരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു വിവരം. 12 പേർക്കു പരിക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
കുവൈത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ദുബായിൽ കാറിനു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. ബഹ്റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരയും ആക്രമണമുണ്ടായത് ഗൾഫ് മേഖലയിൽ ആശങ്ക പരത്തി.
ഇറാനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായി. ഇറാനിലെ വ്യവസായ മേഖലയിൽ ആക്രമണം ഇതാദ്യമാണ്.
NRI
ബെര്ലിന്: ഇസ്രയേല് - ഇറാന് സൈനിക നീക്കം ശക്തമായതോടെ യൂറോപ്പില് നിന്നുള്ള എയര് ഇന്ത്യ സര്വീസുകള് വലിയ പ്രതിസന്ധിയില്. ഇറാന് വ്യോമാതിര്ത്തി അടച്ചതും മിസൈല് ആക്രമണ ഭീഷണിയും കാരണം ലണ്ടന്, പാരീസ്, ഫ്രാങ്ക്ഫര്ട്ട് തുടങ്ങിയ നഗരങ്ങളില് നിന്നുള്ള വിമാനങ്ങള് സുരക്ഷിത പാതകളിലൂടെ തിരിച്ചുവിടുകയാണ്.
∙ സര്വീസുകള് വെട്ടിക്കുറച്ചു പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലെ സര്വീസുകളില് എയര് ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്.
∙ റദ്ദാക്കല്: ഇസ്രയേലിലേക്കും ഇറാനിലേക്കും സമീപ രാജ്യങ്ങളിലേക്കുമുള്ള ഭൂരിഭാഗം സര്വീസുകളും താത്കാലികമായി നിര്ത്തിവച്ചു.
∙ യാത്രാ സമയം: ഇറാന് വ്യോമാതിര്ത്തി ഒഴിവാക്കി ചുറ്റിക്കറങ്ങി പറക്കേണ്ടി വരുന്നത് ലണ്ടന് - ഡല്ഹി, ലണ്ടന് - കൊച്ചി തുടങ്ങിയ സര്വീസുകളുടെ യാത്രാ സമയം ഗണ്യമായി വര്ധിപ്പിച്ചിട്ടുണ്ട്. ഇത് അധിക ഇന്ധന ചെലവിനും കാരണമാകുന്നു.
∙ പ്രത്യേക സര്വീസുകള്: ഗള്ഫ് മേഖലയില് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന് എയര് ഇന്ത്യ 23 പ്രത്യേക സര്വീസുകള് ഇന്ന് നടത്തുന്നുണ്ടെങ്കിലും യൂറോപ്യന് റൂട്ടുകളില് നിയന്ത്രണം തുടരുകയാണ്.
∙ യാത്രക്കാര് ശ്രദ്ധിക്കാന് യൂറോപ്പില് നിന്ന് നാട്ടിലേക്ക് വരാനിരിക്കുന്നവരും തിരിച്ചു പോകാനിരിക്കുന്നവരുമായ പ്രവാസികള് വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധിക്കണമെന്ന് എയര് ഇന്ത്യ അറിയിച്ചു.
നിലവില് വിമാനങ്ങള് റദ്ദാക്കിയ യാത്രക്കാര്ക്ക് ടിക്കറ്റ് തുക പൂര്ണ്ണമായും തിരികെ നല്കാനോ അല്ലെങ്കില് സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ ഉള്ള സൗകര്യം എയര് ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
∙ സുരക്ഷയ്ക്കാണ് മുന്ഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് സര്വീസുകള് ക്രമീകരിക്കുന്നത്. സംഘര്ഷ മേഖലയ്ക്ക് മുകളിലൂടെ വിമാനങ്ങള് പറക്കില്ലെന്ന് എയര് ഇന്ത്യ ഉറപ്പ് നല്കിയിട്ടുണ്ട്.
ജര്മനിയില് നിന്നുള്ള എയര് ഇന്ത്യ സര്വീസുകള്ക്ക് യാത്രാ സമയം വര്ധിക്കും, പ്രവാസികള് ശ്രദ്ധിക്കുക. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ജര്മനിയില് നിന്നുള്ള എയര് ഇന്ത്യ സര്വീസുകളെയും കാര്യമായി ബാധിച്ചു തുടങ്ങി.
ഇറാന്റെ വ്യോമാതിര്ത്തി ഒഴിവാക്കി വിമാനങ്ങള് തിരിച്ചുവിടുന്നതിനാല് ജര്മ്മനിയില് നിന്നുള്ള യാത്രക്കാര്ക്ക് കൂടുതല് സമയം വിമാനത്തിലിരിക്കേണ്ടി വരും.
∙ ജര്മനിയിലെ നിലവിലെ സ്ഥിതി ഫ്രാങ്ക്ഫര്ട്ട്, മ്യൂണിക്ക് എന്നിവിടങ്ങളില് നിന്ന് ഡല്ഹിയിലേക്കും മുംബൈയിലേക്കും നിലവില് എയര് ഇന്ത്യ സര്വീസുകള് നടത്തുന്നുണ്ടെങ്കിലും താഴെ പറയുന്ന മാറ്റങ്ങള് ശ്രദ്ധിക്കുക:
∙ യാത്രാ സമയം: ഇറാന് വ്യോമാതിര്ത്തി പൂര്ണ്ണമായും ഒഴിവാക്കി ഈജിപ്ത്, സൗദി അറേബ്യ അല്ലെങ്കില് മധ്യേഷ്യ വഴി ചുറ്റിക്കറങ്ങി പറക്കുന്നതിനാല് ഒന്ന് മുതല് രണ്ട് മണിക്കൂര് വരെ അധിക സമയം യാത്രയ്ക്കായി വേണ്ടിവരും.
∙ സര്വീസ് മാറ്റങ്ങള്: സംഘര്ഷം കടുക്കുന്ന സാഹചര്യത്തില് സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങള് അവസാന നിമിഷം റദ്ദാക്കാനോ സമയം മാറ്റാനോ സാധ്യതയുണ്ട്.
∙ കണക്ഷന് വിമാനങ്ങള്: ഗള്ഫ് രാജ്യങ്ങള് വഴി കണക്ഷന് ഫ്ലൈറ്റുകളില് (ഉദാഹരണത്തിന് എമിറേറ്റ്സ്, ഇത്തിഹാദ്) നാട്ടിലേക്ക് പോകാനിരുന്ന പല പ്രവാസികളും നിലവില് ജര്മനിയില് കുടുങ്ങിക്കിടക്കുകയാണ്.
ഇവര്ക്കായി എയര് ഇന്ത്യ പ്രത്യേക ക്രമീകരണങ്ങള് ആലോചിക്കുന്നുണ്ട്.
∙ യാത്രക്കാര് ചെയ്യേണ്ടത് ഫ്ലൈറ്റ് സ്ററാറ്റസ് പരിശോധിക്കുക: എയര് ഇന്ത്യയുടെ വെബ്സൈറ്റോ മൊബൈല് ആപ്പോ വഴി നിങ്ങളുടെ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക.
റീഫണ്ട്/റീ ബുക്കിംഗ്: വിമാനങ്ങള് റദ്ദാക്കപ്പെടുകയാണെങ്കില് അധിക ചെലവില്ലാതെ തീയതി മാറ്റാനോ ടിക്കറ്റ് തുക തിരികെ വാങ്ങാനോ എയര് ഇന്ത്യ സൗകര്യം നല്കുന്നുണ്ട്.
മുന്കൂട്ടി എത്തുക: വിമാനത്താവളങ്ങളിലെ തിരക്കും പരിശോധനകളും കണക്കിലെടുത്ത് നേരത്തെ തന്നെ ചെക്ക്ഇന് കൗണ്ടറുകളില് എത്താന് ശ്രമിക്കുക.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്പ് എയര്ലൈനുകളുടെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക.
ഫ്ലൈറ്റുകള് റദ്ദാക്കപ്പെട്ടാല് ടിക്കറ്റ് തുക പൂര്ണമായും തിരികെ ലഭിക്കാനോ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ യാത്രക്കാര്ക്ക് അവകാശമുണ്ട്.
Kerala
കൊച്ചി: ഗള്ഫ് രാജ്യങ്ങളിലേക്ക് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില് നിന്നും 12 സര്വീസുകള് മാത്രം. പശ്ചിമേഷ്യന് സംഘര്ഷാവസ്ഥയെ തുടര്ന്ന് റദ്ദാക്കിയ വിമാന സര്വീസുകള് പുനരാംരഭിച്ചിരുന്നു. എന്നാല് കുവൈറ്റ്, ബഹ്റൈന് തുടങ്ങിയ രാജ്യങ്ങളില് ഇറാന് അക്രമണം തുടരുന്ന പശ്ചാത്തലത്തില് സര്വീസുകള് ഇന്ന് വെട്ടിച്ചുരിക്കിയിരിക്കുകയാണ്.
കൊച്ചിയിലേക്ക് അഞ്ചു സര്വീസുകളും കൊച്ചിയില് നിന്നും ഏഴു സര്വീസുകളുമാണ് ഇന്ന് നടക്കുക. എന്നാല് ഇന്നലെ 24 സര്വീസുകളാണ് നെടുമ്പാശേരിയില് നടന്നത്. കൊച്ചിയിലേക്ക് 14 സര്വീസുകളും കൊച്ചിയില് നിന്നും 10 സര്വീസുകളും നടന്നിരുന്നു.
ഇന്ന് രാവിലെ 9.55ന് റാസല്ഖൈമയിലേക്കാണ് കൊച്ചിയില് നിന്നും ആദ്യ സര്വീസ് നടന്നത്. ഉച്ചയ്ക്ക് 1.35ന് മസ്കറ്റില് നിന്നുള്ള വിമാനമാണ് കൊച്ചിയില് ആദ്യം എത്തുക. 6.40ന് ദുബായില് നിന്നുള്ള വിമാനവും 6.45ന് ഷാര്ജയില് നിന്നുള്ള വിമാനവും 6.50ന് റിയാദില് നിന്നുള്ള വിമാനവും 7.25ന് റാസല്ഖൈമയില് നിന്നുള്ള വിമാനവും കൊച്ചിയിലെത്തും.
ദുബായ്, മസ്കറ്റ്, ഷാര്ജ, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയില് നിന്നുള്ള മറ്റ് സര്വീസുകള്. മസ്കറ്റിലേക്ക് മൂന്നു വിമാനങ്ങള് ഇന്ന് ചാര്ട്ട് ചെയ്തിട്ടുണ്ട്. ബഹ്റൈന് തലസ്ഥാനമായ മനാമയില് ഹോട്ടലുകളും അപ്പാര്ട്ട്മെന്റുകളും ലക്ഷ്യമിട്ട് ഇറാന് ആക്രമണം നടത്തി. പ്രിന്സ് സുല്ത്താന് എയര് ബേസിന് നേരെ മിസൈല് അക്രമണം ഉണ്ടായി.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം അത്യാവശ്യമാണെന്നും സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി പറഞ്ഞു.
ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ. ആഗോള പ്രതിസന്ധികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.
International
കുവൈത്ത്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ കുവൈത്തിൽ ഡ്രോണ് അവശിഷ്ടം വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം. കുവൈത്ത് തലസ്ഥാന മേഖലയിലാണ് സംഭവം. ആക്രമണത്തില് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു.
ഇതോടെ, കുവൈത്തിൽ വിവിധ സ്ഫോടനങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. ചൊവ്വാഴ്ച, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം, നിരവധി ആക്രമണം ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്താനിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയത്.
പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച സർക്കുലർ സിബിഎസ്ഇ ഇന്ത്യൻ സ്കൂളുകൾക്കും അതാത് രാജ്യങ്ങളിലെ എംബസികൾക്കും അയച്ചിട്ടുണ്ട്. അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോഗം ചേരും.
തുടർന്ന് ഏഴുമുതലുള്ള പരീക്ഷകളുടെ കാര്യത്തിലും തീരുമാനം അറിയിക്കും. യുദ്ധത്തെ തുടർന്ന് രണ്ടാം തീയതിയിലെ പരീക്ഷയും മാറ്റിവച്ചിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇറാൻ, ഇസ്രായേൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷ മേഖലയിലുള്ള മലയാളികൾക്കായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് കൺട്രോൾ റൂം തുറന്നത്. 011-23747079, 011-23742320, +91-9310443880 എന്നീ കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടം.
വിവിധ ജിസിസി രാജ്യങ്ങളിലെ എംബസികളുമായി സർക്കാർ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുന്ന പക്ഷം പുതിയ തീരുമാനങ്ങളും നിർദേശങ്ങളും ഉടനടി അറിയിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഈ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസികൾ ആരംഭിച്ച ഹെൽപ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
എംബസി ഓഫ് ഇന്ത്യ, അബുദാബി: 800-46342 ടോൾ ഫ്രീ നമ്പർ, വാട്സ് ആപ്പ് : +971543090571. എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946, എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തർ: +974-55647502.
എംബസി ഓഫ് ഇന്ത്യ, ബഹറിൻ: 0097339418071 എന്നിങ്ങനെയാണ് നമ്പറുകൾ. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: യുദ്ധസാഹചര്യം കണക്കിലെടുത്ത്ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റിവെച്ചത്.
ബഹറിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
അഞ്ചാം തീയതി മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ ചൊവ്വാഴ്ച നടത്തുന്ന സാഹചര്യ അവലോകനത്തിന് ശേഷം ബോർഡ് തീരുമാനമെടുക്കും.
International
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടിയെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. യുഎൻ സുരക്ഷാ സമിതി യോഗത്തിലായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം.
ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളും അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചില്ല.
പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങൾ പാഴാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ ആദ്യം ഫ്രാൻസും പിന്നീട് ബഹ്റിനും തുടർന്ന് റഷ്യയുമാണ് സംസാരിച്ചത്.
ആദ്യം സംസാരിച്ച ഫ്രാൻസ് സംഘർഷമല്ല പരിഹാരമെന്ന നിലപാടാണ് സ്വീകരിച്ചത്. നയതന്ത്ര തലത്തിൽ ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന് വ്യക്തമാക്കിയ ഫ്രാൻസ്, ആണവ-ബാലിസ്റ്റിക് മിസൈൽ വിഷയങ്ങളിൽ സദുദ്ദേശത്തോടെ ഇറാൻ ചർച്ചകളെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഇറാന്റെ ആക്രമണം നേരിട്ട ബഹ്റിൻ യോഗത്തിൽ നിലപാട് കടുപ്പിച്ചു. ഇറാൻ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നും ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തിയത് ഭീരുത്വമെന്നും കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇറാന്റെ സൈനിക നടപടി ഭീഷണിയാണെന്നും ബഹ്റിൻ വാദിച്ചു.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യന് രാജ്യങ്ങളിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്ദേശപ്രകാരം മലയാളികൾക്കായി നോര്ക്ക റൂട്ട്സ് ഹെല്പ് ഡെസ്ക് പ്രവര്ത്തനം ആരംഭിച്ചു.
സഹായം ആവശ്യമുള്ള കേരളീയര്ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെല്പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില് നിന്നും) എന്നിവയില് ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്യാവുന്നതാണ്. ഇന്ത്യന് പൗരന്മാര് അതാത് രാജ്യങ്ങളിലെ ഇന്ത്യന് എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്ദേശങ്ങള് പാലിക്കേണ്ടതുമാണ്.
അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ അടിയന്തരമായി പാലിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. അബുദാബിയിൽ നടത്തിയ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. രണ്ട് മിസൈലുകളെ തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബഹ്റൈനിലും യുഎഇയിലും കുവൈറ്റിലും യുഎസ് സേനാ കേന്ദ്രങ്ങൾക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. ബഹ്റൈനിലും അബുദാബിയിലും നിരവധി സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. യുഎസ് നേവി താവളം സ്ഥിതിചെയ്യുന്ന ബഹ്റൈനിലെ ജുഫൈറിലും ശക്തമായ ആക്രമണമുണ്ടായി.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായി. പൗരന്മാരോട് എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
International
വാഷിംഗ്ടൺ ഡിസി: മിഡിൽ ഈസ്റ്റിലേക്ക് രണ്ടാമതൊരു വിമാനവാഹിനിക്കപ്പൽ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇസ്രേലി മാധ്യമങ്ങളായ ചാനൽ 12നും ആക്സിയോസിനും നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ അമേരിക്ക വളരെ കഠിനമായ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യയിൽ വീണ്ടുമൊരു സംഘർഷം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും ചർച്ചകൾ പുനരാരംഭിക്കാൻ തയാറെടുക്കവെ ട്രംപ് നടത്തിയ പ്രസ്താവന അഭ്യൂഹങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ കഴിഞ്ഞയാഴ്ച മിഡിൽ ഈസ്റ്റിൽ എത്തിയിരുന്നു.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതിന്റെയും ആണവ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെയും പശ്ചാത്തലത്തിൽ ഇറാനിൽ അമേരിക്ക ഏതുസമയവും ആക്രമണം നടത്തിയേക്കാമെന്ന ആശങ്ക പരത്തിയെങ്കിലും ഇറാൻ ചർച്ചയ്ക്കു തയാറാകുകയും ഒമാനിൽ ഇറാൻ-അമേരിക്ക ചർച്ച നടക്കുകയും ചെയ്തതോടെ സംഘർഷഭീതി ഒഴിവായിരുന്നു. ഇതിനിടയിലാണ് വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തുവന്നിട്ടുള്ളത്.
അതേസമയം, ഇറാൻ- യുഎസ് സംഘർഷത്തിൽ നിർണായകമായേക്കാവുന്ന കൂടിക്കാഴ്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിലെത്തി. രാത്രി വൈകി ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. യുഎസ്- ഇറാൻ അനൗദ്യോഗിക ചർച്ചകളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും തടയുന്നതിനൊപ്പം ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്ന കരാറിനായി ആ രാജ്യത്തിനുമേൽ സമ്മർദം ചെലുത്തുകയെന്നതാണ് ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്കു പിന്നിലെ പ്രധാന അജൻഡ.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനു ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ, അത് എപ്പോഴാണെന്നു വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിനു തയാറാകുമെന്നു ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു ലോകം കാണും...' ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. തുർക്കിയും സമാനമായ മധ്യസ്ഥനീക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാൻ മന്ത്രിക്ക് ഉപരോധം
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്നു എന്നാരോപിച്ച് ഇറാന്റെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ആയിരക്കണക്കിനു സമാധാനകാംക്ഷികളായ പ്രക്ഷോഭകരുടെ കൊലപാതകത്തിന് ഉത്തരവാദി മൊമേനി നയിക്കുന്ന സേനയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ അടിച്ചമർത്തലുകളുമാണ് പുതിയ സംഘർഷങ്ങൾക്കു തുടക്കമിട്ടത്.
പഴയ ആണവ കരാറിൽനിന്നു പിന്മാറിയ ട്രംപ്, ഇറാന്റെ മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും പൂർണമായും തടയുന്ന പുതിയൊരു കരാർ ഒപ്പിടാൻ ഇറാനെ നിർബന്ധിക്കുകയാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ "ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' പോലെയുള്ള സൈനിക നടപടികൾ ഇനിയും ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്നു.
International
ദുബായ്: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലെത്തി. ഏബ്രഹാം ലിങ്കൺ എന്ന കൂറ്റൻ വിമാനവാഹിനി, മിസൈൽ നശീകരണ കപ്പലുകളായ ഫ്രാങ്ക് ഇ. പീറ്റേഴ്സൺ, സ്പ്രുവൻസ്, മൈക്കിൾ മർഫി എന്നീ കപ്പലുകളാണിവ. പശ്ചിമേഷ്യയിലുള്ള മറ്റു യുഎസ് യുദ്ധക്കപ്പലുകൾക്കൊപ്പം ഇവയും ചേരും.
ജനകീയ പ്രതിഷേധത്തെ അടിച്ചമർത്തുന്ന ഇറാനെതിരേ വേണ്ടിവന്നാൽ അമേരിക്ക സൈനികനടപടിക്കു മുതിരുമെന്നാണു സൂചന. ഇറാനെ ലക്ഷ്യമിട്ട് വൻ കപ്പൽപ്പട പുറപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യയിൽ സംഘർഷം ആളിക്കത്തുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഇറാൻ പറഞ്ഞിട്ടുള്ളത്. അതേസമയം, ഇറാനെതിരായ സൈനിക നടപടികൾ അമേരിക്കയ്ക്കൊപ്പം ചേരില്ലെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ഇറാന്റെ പിന്തുണയോടെ പശ്ചിമേഷ്യയിൽ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളും ആക്രമണ ഭീഷണി മുഴക്കി. ഇറാനെതിരായ യുദ്ധം വിനോദയാത്രയാകില്ലെന്ന് ഇറാക്കിൽ പ്രവർത്തിക്കുന്ന കതെയ്ബ് ഹിസ്ബുള്ള പറഞ്ഞു.
സംഘർഷസാധ്യതയ്ക്കിടെ ഇറേനിയൻ കറൻസിയായ റിയാലിന്റെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്നലെ ഒരു അമേരിക്കൻ ഡോളറിന് 15 ലക്ഷം ഇറേനിയൻ റിയാൽ ആയിരുന്നു മൂല്യം.
കറൻസി മൂല്യം കുത്തനെ താഴുന്നതും സന്പദ്വ്യവസ്ഥയുടെ തകർച്ചയും പരിഹരിക്കാൻ കഴിയാത്തതിന്റെ പേരിലാണ് ഡിസംബർ അവസാനം ഇറാനിലുടനീളം ജനകീയ പ്രക്ഷോഭമുണ്ടായത്.
പ്രക്ഷോഭത്തിൽ മരിച്ചവർ 6,126 ആയെന്ന് അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി ഇന്നലെ അറിയിച്ചു. ഇതിൽ 5,777 പേർ പ്രക്ഷോഭകർ, 214 സുരക്ഷാ ഭടന്മാർ, 86 കുട്ടികൾ, പ്രക്ഷോഭവുമായി ബന്ധമില്ലാത്ത 49 സിവിലിയന്മാർ എന്നിങ്ങനെയാണ് ഈ സംഖ്യ. ഇറേനിയൻ ഭരണകൂടം അറസ്റ്റ് ചെയ്തവരുടെ സംഖ്യ 41,800 ആയും ഉയർന്നിട്ടുണ്ട്.