കൊച്ചി: നിലവിലെ സ്ഥാനാർഥിപ്രഖ്യാപനപ്രകാരം പെൺപോരിന് അങ്കം കുറിച്ച എറണാകുളം ജില്ലയിലെ ഏക മണ്ഡലമാണ് തൃക്കാക്കര. കേരളത്തിന്റെ മഹിതപൈതൃകം ഇഴചേർന്ന തൃക്കാക്കരയുടെ മണ്ണിൽ, ചരിത്രത്തിലാദ്യമായി നിയമസഭയിലേക്കുള്ള മത്സരത്തിന് ഇടതു വലതു മുന്നണികൾ വനിതാ സാരഥികളെ കളത്തിലിറക്കുന്നത് പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.
രണ്ടാമൂഴത്തിനിറങ്ങുന്ന കോണ്‍ഗ്രസിലെ ഉമാ തോമസും കന്നിയങ്കത്തിന് ഇറങ്ങുന്ന സിപിഎമ്മിലെ അഡ്വ. പുഷ്പാദാസും തമ്മിലാണ് ഇവിടെ മത്സരം.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം അല്പം വൈകിയെങ്കിലും സിറ്റിംഗ് എംഎല്‍എയായ ഉമാ തോമസ് തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായിക്കഴിഞ്ഞു. തൃക്കാക്കര എംഎല്‍എയായിരുന്ന ഭര്‍ത്താവ് പി.ടി. തോമസിന്റെ മരണത്തെതുടര്‍ന്ന് 2022ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഉമാ തോമസ് കോണ്‍ഗ്രസിന്റെ ഏക വനിതാ പ്രതിനിധിയായി പതിനഞ്ചാം കേരള നിയമസഭയിലെത്തിയത്. സിപിഎമ്മിലെ ഡോ. ജോ ജോസഫിനെ 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ പരാജയപ്പെടുത്തിയത്.
കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ വീണു പരിക്കേറ്റ ഉമ തോമസ് മാസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം മണ്ഡലത്തിലും പൊതുരംഗത്തും സജീവമായി. തന്റെ മണ്ഡലത്തില്‍ ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ് അവർ.
കോൺഗ്രസിന്റെ കുത്തക സീറ്റെന്നറിയപ്പെടുന്ന തൃക്കാക്കരയിൽ 2021ലും 2022ലും ഡോക്ടർമാരെ കളത്തിലിറക്കിയായിരുന്നു സിപിഎമ്മിന്റെ പരീക്ഷണങ്ങൾ.
രണ്ടും പാളിയതിനെത്തുടർന്നാണ്, ഇക്കുറി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗമായ അഡ്വ. പുഷ്പാദാസിനെ മത്സരിപ്പിക്കുന്നത്. സജീവ പ്രവർത്തകയെ മൽസരിപ്പിക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടുതുമുന്നണി. നിയമസഭയിലേക്ക് കന്നിയങ്കത്തിന് ഇറങ്ങുന്ന പുഷ്പാദാസ് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് വരുന്നത്. മൂന്നര പതിറ്റാണ്ടു മുമ്പേ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയെന്ന പ്രത്യേകതയുമുണ്ട്.സംവിധായകൻ അഖിൽ മാരാരാണ് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി.