Health
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും.
തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്.
ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന "നൈട്രേറ്റ് മിശ്രിതങ്ങൾ' തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം.
ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ.
പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു.
വേദനസംഹാരികൾ പതിവാക്കിയാൽ
വേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും.
ചിലപ്പോൾ ശക്തമായ ’റീബൗണ്ട് ഹെഡ്എയ്ക്’ ഉണ്ടാകും. ചില ആന്റി ബയോട്ടിക്ക് മരുന്നുകൾ തലവേദനയുണ്ടാക്കും. തലവേദനയ്ക്കായി പലരും കൂടുതലായി ഉപയോഗിക്കുന്ന പാരസെറ്റാമോൾ ഗുളികകളുടെ ദുർവിനിയോഗം വൃക്കകളിൽ അപചയം ഉണ്ടാക്കാറുണ്ട്.
ഫെനാസെറ്റിൻ കിഡ്നി എന്ന് ഈ വൃക്കരോഗത്തെ വിളിക്കുന്നു. തലവേദനയുണ്ടാകുന്പോൾ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊന്നാണ് വിവിധ ബാമുകൾ നെറ്റിയിൽ പുരട്ടുക എന്നത്.
ബാം പുരട്ടുന്പോൾ ആ ഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത നീറ്റലും മറ്റും കാരണം മൈഗ്രേൻ കുറഞ്ഞുവെന്നു തോന്നാറുണ്ട്. ’കൗണ്ടർ ഇറിറ്റന്റ്’ പ്രയോഗത്തിലൂടെയാണ് ഈ ആശ്വാസം ലഭിക്കുന്നതും. താത്കാലിക ആശ്വാസം മാത്രമാണ് ബാമിൽ നിന്ന് ലഭിക്കുന്നത്.
അമിതവെട്ടവും ഒച്ചയും
ചിലർക്ക് മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത്, കൂടുതൽ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം കേൾക്കുക തുടങ്ങിയ കാര്യങ്ങൾ അരോചകമായി അനുഭവപ്പെടാറുണ്ട്. അതിന്റെ കാരണം പരിശോധിക്കാം.
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു.
അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്റെ കാഠിന്യം വർധിക്കുന്നു.
Health
മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിൻ സ്റ്റെമിലെ സവിശേഷഭാഗങ്ങൾ അസാധരണമായി ഉത്തേജിപ്പിക്കപ്പെടുന്നു. തന്മൂലം ഓക്കാനവും ഛർദിയും ഉണ്ടാകുന്നു. ചിലർക്ക് ഛർദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.
പ്രത്യേകിച്ച് കുട്ടികളിൽ മ്രൈഗേൻ ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛർദി ഉണ്ടാകുന്നത്.
പരിഹാരവും വ്യക്തിപരം
ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി. ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക. പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളിൽ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക.
അങ്ങനെ താങ്കൾക്ക് ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാൻ ശ്രമിക്കുക.
മൈഗ്രേനും കാഴ്ചയും
ഒഫ്താൽമോപ്ലോജിക് മൈഗ്രേൻ മൂലം നേത്രങ്ങളിൽ വേദനയും ഒപ്പം ഛർദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാൽ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾക്ക് തളർച്ചയും വീക്കവുമുണ്ടാകുന്നു.
ഒന്നോ രണ്ടോ ദിവസങ്ങൾ തലവേദന ദീർഘിക്കാം. മൈഗ്രേൻ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു. ഇഡിയോപതിക് ഇൻട്രാക്രേനിയൻ ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിൽ കഠിനമായ കണ്ണുവേദനയുണ്ടാകാം. ഒപ്പം തലവേദനയും.
വിഷ്വൽ ഓറ
കൂടാതെ മൈഗ്രേനു മുന്നോടിയായി ഉണ്ടാകുന്ന ഒരു അനുഭവത്തെ തുടർന്നു കാഴ്ചയ്ക്ക് തകരാർ അനുഭവപ്പെടുന്നു. കാഴ്ച കുറയുക, കണ്ണിൽ ഇരുട്ട് പടരുക, പലതരം വിസ്മയകരമായ കാഴ്ചകൾ കാണുക ഇവയൊക്കെ വിഷ്വൽ ഓറയുടെ സവിശേഷതകളാണ്.
കൂടാതെ ട്രൈജെമിനൽ ഓട്ടേടെമിക് റ്റെഫാൻജിയ എന്ന തലവേദനയോടൊപ്പം ഉണ്ടാകുന്ന രോഗാവസ്ഥയിൽ ഒരു വശത്തെ കണ്ണിന് ചുവപ്പുനിറമുണ്ടാകുകയും കണ്ണുനീർ ധാരധാരയായി ഒഴുകുകയും ശക്തമായ വേദനയുണ്ടാകുകയും ചെയ്യുന്നു.
സെറോടോണിൻ
മൈഗ്രേനു പിന്നിലെ ഏറ്റവും പ്രധാന കാരണം തലച്ചോറിലെ സവിശേഷ രാസവസ്തുവായ ’സെറോട്ടോണി’ന്റെ അപര്യാപ്തത തന്നെ.അതായത്, സെറോട്ടോണിന്റെ അളവിലെ അസന്തുലിതാവസ്ഥ. മസ്തിഷ്ക സംവേദന പ്രവർത്തനങ്ങളിലേക്കുള്ള ഒരു പാലമാണെന്ന് പറയാം സെറോട്ടോണിൻ.
വിഷാദാവസ്ഥ, ഉത്കണ്ഠ, ഉറക്കക്കുറവ്, വയറുവേദന തുടങ്ങിയവ അനുഭവപ്പെടുന്പോൾ സെറോട്ടോണിൻ അളവിൽ വ്യതിയാനമുണ്ടാകുന്നു. സെറോട്ടോണിൻ പെട്ടെന്നു കുറയുമ്പോൾ മൈഗ്രേൻ ഉണ്ടാകുന്നു. അപ്പോൾ അതു പരിഹരിക്കുകയാണ് സുപ്രധാന നടപടി.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
മൈഗ്രേൻ എന്ന വാക്ക് ഫ്രഞ്ചുഭാഷയിൽനിന്ന് ഉദ്ഭവിച്ചതാണ്. കഴിഞ്ഞ 20 വർഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നടന്നത്. ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റി നിർദേശിച്ച തരംതിരിവുകളാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്.
പ്രധാനമായി 13 തരം തലവേദനകൾ. അതിന്റെ ഉപശീർഷകങ്ങളാകട്ടെ 70 തരം. എന്നാൽ തലവേദനയുണ്ടാക്കുന്ന കാരണങ്ങളുടെ വെളിച്ചത്തിൽ അതിനെ രണ്ടായി തിരിക്കാം - പ്രൈമറിയും സെക്കൻഡറിയും.
പ്രൈമറി ഹെഡെയ്ക്ക്
പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെൻഷൻ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റർ തലവേദനയും ഈ വിഭാഗത്തിൽപ്പെടും.
കാരണമുള്ള തലവേദന
എന്നാൽ ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കൻഡറി ഹെഡെയ്ക്.
മെനിഞ്ചൈറ്റിസ്, എൻസെഫാലൈറ്റിസ്, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറൽ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വർധിച്ച പ്രഷർ, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങൾ, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകൾ വിവിധ തീവ്രതയിൽ സെക്കൻഡറി ഹെഡെയ്ക് ഉണ്ടാക്കുന്നു.
മൈഗ്രേൻ തുടങ്ങുന്നത്...
പ്രാഥമിക വിഭാഗത്തിൽപ്പെട്ട തലവേദനയിൽ രോഗലക്ഷണങ്ങളുടെ കാഠിന്യംകൊണ്ട് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മൈഗ്രേൻതന്നെ. സ്ത്രീകളിൽ 16 ശതമാനം പേരിലും പുരുഷന്മാരിൽ ആറു ശതമാനം പേരിലും മൈഗ്രേൻ ഉണ്ടാകാറുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ബ്രെയിൻ സ്റ്റെം, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങളിലെ ഘടനാപരിവർത്തനമോ വീക്കമോ മൂലമാണ് മൈഗ്രേൻ ഉണ്ടാകുന്നത്. സെറോട്ടോണിൻ എന്ന സവിശേഷ രാസപദാർഥത്തിന്റെ അഭാവം മൂലം തലയോട്ടിയിലെ രക്തക്കുഴലുകൾ സമൂലമായി വികസിക്കുന്നു.
ധമനികൾ വികസിക്കുന്പോൾ അവയെ ആവരണം ചെയ്തിരിക്കുന്ന വേദനവാഹികളായ നാഡീതന്തുക്കൾ ഉത്തേജിക്കപ്പെടുകയും തീവ്രമായ തലവേദനയുണ്ടാകുകയും ചെയ്യുന്നു. കൊടിഞ്ഞിക്ക് മുന്നോടിയായി ഉണ്ടാകുന്ന സവിശേഷ പ്രോഡ്രോമും ഓറയും ഈ രോഗാവസ്ഥയുടെ പ്രത്യേകതയാണ്.
വെട്ടിത്തിളങ്ങുന്ന പ്രകാശരശ്മികൾ, ശബ്ദം നിറഞ്ഞ അന്തരീക്ഷം കൂടാതെ മനോസംഘർഷം, ആർത്തവം, ഉറക്കക്ഷീണം, മദ്യം, ചോക്ലേറ്റ്, നിർജലീകരണം എന്നിവയെല്ലാം പല അവസരങ്ങളിൽ മൈഗ്രേന്റെ ഉദ്ദീപനത്തിന് ഹേതുവാകുന്നു.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി(മൈഗ്രേൻ) ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്.
ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്.
ശബ്ദവും വെളിച്ചവും
ഗ്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്.
ചോക്ലേറ്റ് ചിലരിൽ...
ചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു.
ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രേന് ഉത്തേജക ഘടകങ്ങളാകുന്നു.
സ്ത്രീകളിൽ
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു തന്നെയാണ് കൊടിഞ്ഞി കൂടുതലായുണ്ടാകുന്നത്. ഏഴു ശതമാനം പുരുഷന്മാർക്ക് മൈഗ്രേൻ ഉണ്ടാകുന്നതായി കാണുമ്പോൾ ഇതു സ്ത്രീകളിൽ 27 ശതമാനം പേർക്കും ഉണ്ടാകുന്നു.
ഏകദേശ കണക്കുപറഞ്ഞാൽ 3:1 എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കൗമാരമെത്തുന്നതിന് മുന്പ് ആണ്കുട്ടികൾക്കാണ് മൈഗ്രേൻ കൂടുതലായുണ്ടാകുന്നത്.
എന്നാൽ ആ പ്രായം കഴിഞ്ഞാൽ പെണ്കുട്ടികൾ തന്നെ മുന്നിൽ. നാല്പതു വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞ് സാധ്യത കുറഞ്ഞുവരും.
ആർത്തവവുമായി ബന്ധപ്പെട്ട സ്ത്രൈണ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാനകാരണം.
സ്ട്രെസ്, ഉത്കണ്ഠ, വിഷാദാവസ്ഥ, ദാമ്പത്യപ്രശ്നങ്ങൾ ഇവയൊക്കെ തരണം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവുകുറവുതന്നെ മറ്റൊരു കാരണം. ഏതു നിസാര സംഘർഷാവസ്ഥയുണ്ടാകുമ്പോൾ പോലും അവ മൈഗ്രേനിൽ കലാശിക്കുന്ന സ്ത്രീകളുണ്ട്.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.