ന്യൂഡൽഹി: മുൻ കരസേനാ മേധാവി റിട്ടേർഡ് ജനറൽ എം.എം. നരവനെയുടെ ആത്മകഥയെച്ചൊല്ലിയുള്ള വിവാദങ്ങളെത്തുടർന്ന്, വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് 20 വർഷത്തെ 'കൂളിംഗ് ഓഫ് പീരിയഡ്' ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.
ജനറൽ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയായ'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിലെ ഭാഗങ്ങൾ രാഹുൽ ഗാന്ധി ലോക്സഭയിൽ ഉദ്ധരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. 2020-ൽ കിഴക്കൻ ലഡാക്കിൽ നടന്ന ഇന്ത്യ-ചൈന അതിർത്തി തർക്കത്തെക്കുറിച്ചുള്ള അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് പുസ്തകത്തിലുള്ളത്.
പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ പുസ്തകം ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. എന്നാൽ ഇതിനിടെ പുസ്തകത്തിന്റെ പിഡിഎഫ് ഓൺലൈനിൽ ചോർന്നത് വലിയ വിവാദമായി. പകർപ്പവകാശ ലംഘനത്തിനും മറ്റും ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിരമിച്ച ഉന്നത ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. സൈനിക തലപ്പത്തുള്ളവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിരമിച്ച് 20 വർഷം കഴിയാതെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന നിയമം കൊണ്ടുവന്നേക്കും.
അധികാരത്തിലിരുന്നപ്പോൾ കൈകാര്യം ചെയ്ത അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പുറത്തുപോകുന്നത് തടയാനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നീക്കം.
കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ചർച്ചയായതായും പുതിയ ചട്ടങ്ങൾ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.