കൊല്ലം: ഓണക്കാലത്ത് വര്‍ധിച്ചുവരുന്ന പാല് ഉപഭോഗത്തിന്റെ പശ്ചാത്തലത്തില്‍, പൊതുജനങ്ങള്‍ക്ക് പാലിന്റെയും പാലുത്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസില്‍നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആദിച്ചനല്ലൂര്‍ ക്ഷീരസംഘം പ്രസിഡന്റ് സജി സാമുവല്‍ അധ്യക്ഷനായി. ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ (ഇന്‍ചാര്‍ജ്) ജി. സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഖ നായര്‍, ക്ഷീരസംഘം പ്രസിഡന്റുമാരായ ബി.അനില്‍കുമാര്‍, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
24 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രവര്‍ത്തനം. പൊതുജനങ്ങള്‍ കൊണ്ടുവരുന്ന പാല് സാമ്പിളുകള്‍ പരിശോധിച്ച് ഗുണനിലവാര വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം, സുരക്ഷിതമായ പാല് ഉപഭോഗം, പാല് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും സെന്ററിലൂടെ ലഭിക്കും. ഫോണ്‍: 9207506388.