തലയാഴം(വൈക്കം): കൊയ്തു ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ലിലെ ഈർപ്പത്തിലെ കിഴിവിന്‍റെ പേരിൽ തർക്കുമുന്നയിച്ചു മില്ലുകാർ നെല്ല് സംഭരിക്കാൻ തയാറാകാത്തതിനാൽ ആയിരം ടണ്ണോളം നെല്ല് പാടത്തു കിടക്കുന്നു. തലയാഴം,കല്ലറ പഞ്ചായത്തുകളെ വേർതിരിക്കുന്ന കെവി കനാലിന്‍റെ ഇരുവശങ്ങളിലുള്ള പാടശേഖരങ്ങളിലാണ് നെല്ല് കെട്ടിക്കിടക്കുന്നത്.
മുണ്ടാറിലെ കിണറ്റുകര, തട്ടാപറമ്പ്, പറമ്പൻകരി, തമ്പാൻ ബ്ലോക്ക്, 54ബ്ലോക്ക്, ജോണി ബ്ലോക്ക്, കങ്ങഴ കോളനി ബ്ലോക്ക്, മുണ്ടാർ ഒന്ന്, തലയാഴത്തെ മുണ്ടാർ അഞ്ച്, മുപ്പത് തുടങ്ങി 11 പാടശേഖരങ്ങളിലെ 300 ഓളം കർഷകരുടെ നെല്ലാണ് എട്ട് മുതൽ 10 വരെ കിഴിവ് വേണമെന്ന മില്ലുകാരുടെ വിലപേശൽ മൂലം പാടത്തു കിടക്കുന്നത്.
ഇരട്ടിച്ചെലവ്
കനാലിനേക്കാൾ താഴ്ന്ന നിലങ്ങളായതിനാൽ ഉറവ വന്നു നെല്ല് നനഞ്ഞു നശിക്കാതിരിക്കാൻ പാടശേഖര സമിതികൾ കൊയ്ത്തു കഴിഞ്ഞിട്ടും അധിക തുക നൽകി മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചാണ് നെല്ല് സംരക്ഷിക്കുന്നത്. ഡിസംബർ 20 മുതൽ കൊയ്ത നെല്ലാണ് കെട്ടിക്കിടക്കുന്നത്. പാഡി ഓഫീസർ നെല്ല് സംഭരിക്കുമെന്ന് അറിയിച്ച സ്വകാര്യ മില്ലിന്‍റെ ഏജന്‍റ് ഇന്നലെത്തോടെ നെല്ല് സംഭരണം അവസാനിച്ചെന്നു കർഷകരെ അറിയിച്ചതോടെ കർഷകർ കടുത്ത ആശങ്കയിലാണ്.
വെള്ളപ്പൊക്കത്തെത്തുടർന്നു വൈകിയാണ് ഈ പാടശേഖരങ്ങളിൽ വിത നടന്നത്. വിതച്ചപ്പോൾ കടുത്ത ചൂട് മൂലം വിത ഉരുകി നശിച്ചിടത്തുനിന്നാണ് കർഷകർ കൃഷി പരിരക്ഷിച്ചെടുത്തത്. 18- 20 ക്വിന്‍റലിനിടയിൽ വിളവ് ലഭിച്ചെങ്കിലും നെല്ല് സംഭരണം അവതാളത്തിലായതു കർഷകർക്കു വലിയ തിരിച്ചടിയായി. സമീപ പാടശേഖരങ്ങളിൽ മൂന്ന്, അഞ്ച് കിലോ കിഴിവിൽ നെല്ല് സംഭരിച്ചപ്പോഴാണ് ഇവിടെ പുതിയ ആവശ്യമുന്നയിച്ചു സംഭരണം നിർത്തിയത്. നെല്ല് സംഭരണം തടസപ്പെട്ടതോടെ നെല്ല് ഉണക്കിയും മൂടിയിട്ടും കർഷകർ ദിവസങ്ങളായി പാടത്തു തുടരുകയാണ്.
കർഷകരെ വട്ടം ചുറ്റിക്കുന്നു
അപ്പർ കുട്ടനാട്ടിൽ ഏതാനും വർഷങ്ങളായി കൊയ്ത് കഴിഞ്ഞു നെല്ല് സംഭരണം അനശ്ചിതത്വത്തിലാക്കുന്നത് കർഷകർക്ക് ഏറെ ദുരിതവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുകയാണ്. നെല്ല് സംഭരണം സമയബന്ധിതമായി നടത്താൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗവും കർഷകനുമായ ടി.ജെ. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. നെല്ല് പാടത്ത് ദിവസങ്ങളായി സൂക്ഷിക്കുന്നത് അധിക പണച്ചെലവും കർഷകർക്കു കഷ്ടപ്പാടും സമ്മാനിക്കുകയാണ്. ഇനിയും നെല്ല് സംഭരിക്കാൻ നടപടിയെടുത്തില്ലെങ്കിൽ സമരരംഗത്തേക്ക് ഇറങ്ങുമെന്ന് പാടശേഖര സമിതി ഭാരവാഹികളായ ജോസ് ചെറുവള്ളി, ടി.ജെ. സെബാസ്റ്റ്യൻ, ജോമോൻ ജോൺ, അജി,ഭാസ്കരൻ, സുമേഷ് തുടങ്ങിയവർ പറഞ്ഞു.