വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഞാറയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയുടെ പുനർ പ്രവർത്തനത്തിനായി കഴിഞ്ഞ ഭരണസമിതി വകയിരുത്തിയ 25 ലക്ഷം രൂപ വക മാറ്റി ചെലവഴിച്ചെന്ന ആരോപണവുമായി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് രംഗത്ത്. മാത്രമല്ല ഇതുമൂലം മോർച്ചറി പ്രവർത്തിക്കാനാകാതെ ഇപ്പോഴും അടച്ചുപൂട്ടിയ നിലയിലാണെന്നും പ്രതിപക്ഷ നേതാവായിരുന്ന അഗസ്റ്റിൻ മണ്ടോത്ത് പറഞ്ഞു.
പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങിക്കുന്നതിനും മോർച്ചറിയുടെ ഇലക്ട്രിക് വർക്കുകൾ നടത്തുന്നതിനുമായിരുന്നു 25 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചത്. ഇവിടെ നേരത്തെ പോസ്റ്റ്മോർട്ടങ്ങൾ നടന്നിരുന്നതാണ്. എന്നാൽ കെട്ടിടം ജീർണിച്ചതും ഉപകരണങ്ങൾ ഇല്ലാതെ വന്നതും മൂലം മോർച്ചറി അടച്ചുപൂട്ടി. ഇതോടെ വൈപ്പിൻ മേഖലയിൽ നിന്നുള്ള മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി നഗരത്തിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥ വന്നു.
ഈ സാഹചര്യത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി 35 ലക്ഷം രൂപ ചെലവ് ചെയ്ത് ആദ്യമേ മോർച്ചറി കെട്ടിടം പുനർനിർമിച്ചു. തുടർന്നാണ് സാമഗ്രികൾ വാങ്ങാൻ 25 ലക്ഷം വേറെ അനുവദിച്ചത്. എന്നാൽ പുതിയ ഭരണസമിതിയുടെ അനാസ്ഥമൂലം വൈപ്പിൻ നിവാസികൾക്ക് മൃതദേഹങ്ങളുമായി ഇന്നും നഗരത്തിലെ സർക്കാർ ആശുപത്രികൾ കയറി ഇറങ്ങേണ്ട ഗതികേട് തുടരുകയാണ്.