ന്യൂഡൽഹി: വിദ്യാർഥിസമരത്തിലെ പോലീസ് ആക്രമണവുമായി ബന്ധപ്പെട്ട ഹർജിയിൽ താൻ നടത്തിയ പരാമർശങ്ങൾ ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. സമരക്കാർക്കെതിരേ പോലീസ് അതിക്രമം നടക്കുന്നുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ബുധനാഴ്ച ചീഫ് ജസ്റ്റീസ് വിസമ്മതിച്ചുവെന്നായിരുന്നു മാധ്യമറിപ്പോർട്ടുകൾ.
എന്നാൽ അത്തരത്തിൽ യാതൊരു ഹർജിയും കോടതിക്കുമുന്പിൽ വന്നിരുന്നില്ലെന്നും കേവലം ഒരു പരാമർശം മാത്രമാണു നൽകിയിരുന്നതെന്നും ചീഫ് ജസ്റ്റീസ് ഇന്നലെ തുറന്ന കോടതിയിൽ വ്യക്തമാക്കി. വിഷയം ഒരു അഭിഭാഷകൻ വാമൊഴിയായി ഉന്നയിച്ചതിനെത്തുടർന്ന് രജിസ്ട്രിയുമായി ബന്ധപ്പെട്ട് പരിശോധിച്ചതിൽനിന്ന് യാതൊരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്നു വ്യക്തമായതായി ചീഫ് ജസ്റ്റീസ് പറഞ്ഞു.
വസ്തുതകൾ പരിശോധിക്കാതെ ഉത്തരവാദിത്വമില്ലാതെ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ചയും നീറ്റ് തട്ടിപ്പും മുൻനിർത്തി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്നും പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അഭിഭാഷകൻ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ഇല്ലാത്ത ഹർജിയിൽ കോടതിയുടെ സമയം കളയരുതെന്നും ദൃശ്യങ്ങൾ കാണാൻ തങ്ങൾക്കു താത്പര്യമില്ലെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റീസിന്റെ പരാമർശങ്ങൾ തെറ്റായ രീതിയിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.