ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡുമായി (ഏക വ്യക്തി നിയമം-യുസിസി) ബന്ധപ്പെട്ടു ദേശീയതലത്തിൽ രൂപരേഖ തയാറാക്കുന്നതിനുപകരം ഉത്തരാഖണ്ഡ് മാതൃകയിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സമാന നിയമങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സൂചന.
കേന്ദ്രസർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പായി 2029ഓടെ എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ യുസിസി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
രാജ്യവ്യാപകമായി ഏക വ്യക്തി നിയമം നടപ്പാക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമാണ്. ഇതിനാവശ്യമായ കരട് രൂപരേഖ തയാറാക്കാൻ ജസ്റ്റീസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള 22-ാം നിയമ കമ്മിഷനെ കേന്ദ്രസർക്കാർ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ കമ്മിഷന്റെ കാലാവധി 2024 ഓഗസ്റ്റിൽ അവസാനിച്ചതോടെ അന്തിമരേഖ കേന്ദ്രസർക്കാരിനു കൈമാറാൻ സാധിച്ചില്ല.
എന്നാൽ 22-ാം നിയമ കമ്മിഷൻ രാജ്യവ്യാപക യുസിസി ചട്ടക്കൂടിനായി ശിപാർശ ചെയ്ത പ്രധാന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഉത്തരാഖണ്ഡ് സർക്കാർ 2025ൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയത്.
ഏകീകൃത സിവിൽ കോഡ് രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് ഉത്തരാഖണ്ഡിലാണ്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭകൾ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ബിൽ പാസാക്കിയെങ്കിലും രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല.