തൃശൂർ: ഡെങ്കിപ്പനി, എലിപ്പനി, വെസ്റ്റ് നൈൽ പനി, ജപ്പാൻ ജ്വരം, ഷിഗെല്ല, മറ്റു വയറിളക്കരോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരേ അതീവജാഗ്രത പുലർത്തണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി. ശ്രീദേവി അറിയിച്ചു. പൊതുജനങ്ങളുടെ കൃത്യമായ ശ്രദ്ധയും ഉറവിടനശീകരണവുംവഴി മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കൂവെന്നും ആരോഗ്യവകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
കൊതുകുജന്യ രോഗങ്ങൾ തടയാൻ
• വെള്ളക്കെട്ടുകൾ ഒഴിവാക്കുക: വീടിനകത്തും പുറത്തും (ചെടിച്ചട്ടികൾ, ഫ്രിഡ്ജ്, എസി ട്രേകൾ, ടയറുകൾ, ചിരട്ടകൾ എന്നിവയിൽ) വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
• പാത്രങ്ങൾ മൂടിവയ്ക്കുക: കുടിവെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൊതുകുവലയോ തുണിയോ ഉപയോഗിച്ചു മൂടുക.
• സുരക്ഷ ഉറപ്പാക്കുക: കക്കൂസ് വെന്റ് പൈപ്പുകളിൽ വലകെട്ടുക. ഉറങ്ങുമ്പോൾ കൊതുകുവലയോ കൊതുകുനാശിനികളോ ഉപയോഗിക്കുക.
എലിപ്പനി: തുടക്കത്തിലേ ചികിത്സിക്കാം
• പ്രതിരോധമരുന്ന്: മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവരും, ഓടകളിലും വെള്ളക്കെട്ടുകളിലും ജോലിചെയ്യുന്നവരും ആരോഗ്യകേന്ദ്രങ്ങളിൽനിന്നു സൗജന്യമായി ലഭിക്കുന്ന ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കുക.
• ലക്ഷണങ്ങൾ: പേശിവേദനയോടുകൂടിയ കടുത്ത പനി ശ്രദ്ധിക്കുക.
• സ്വയംചികിത്സ അരുത്: പനി ബാധിച്ചാൽ ഉടൻ ഡോക്ടറെ കാണുക. മലിനജലവുമായി സമ്പർക്കമുണ്ടായ വിവരം ഡോക്ടറോടു മറക്കാതെ പറയുക.
വയറിളക്കരോഗങ്ങൾ:ശ്രദ്ധിക്കേണ്ടവ
• തിളപ്പിച്ചാറിയ വെള്ളം: കുടിവെള്ളസ്രോതസുകൾ അണുവിമുക്തമാക്കുക. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക.
• പാനീയചികിത്സ: വയറിളക്കം കണ്ടാൽ തുടക്കത്തിൽതന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒആർഎസ് എന്നിവ നൽകുക.
• ഭക്ഷണശുചിത്വം: പഴകിയതും തണുത്തതുമായ ആഹാരം ഒഴിവാക്കുക. ഭക്ഷണസാധനങ്ങൾ എപ്പോഴും അടച്ചുസൂക്ഷിക്കുക.
ഓർക്കുക
ജലദോഷം, പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ നിസാരമായി കാണരുത്. സ്വയംചികിത്സ പൂർണമായും ഒഴിവാക്കി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുക.