അഖിൽ സത്യൻ സംവിധാനം ചെയ്ത സർവം മായ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ അമളി പങ്കുവച്ച് നടി ഷൈനി സാറ. സ്ഥലത്ത് എത്തിയപ്പോഴാണ് തിയതി മാറിപ്പോയെന്നും പരിപാടി കഴിഞ്ഞെന്നും മനസിലായതെന്ന് അവർ പറയുന്നു.
ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഞായറാഴ്ച ചാക്കോളാസ് പവലിയനിൽ എത്തിയപ്പോഴാണ് പരിപാടി ഇന്നലെ കഴിഞ്ഞു എന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത്.
തന്റെ മറവിയിൽ താരം തന്നെ സ്വയം പരിഹസിക്കുമ്പോഴും ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത ഷൈനിയെ നിരാശപ്പെടുത്താതെ സംവിധായകൻ അഖിൽ സത്യൻ വിജയ ഷീൽഡ് വീട്ടിലെത്തിച്ചു നൽകി.
ഷൈനി സാറയുടെ കുറിപ്പ് വായിക്കാം
‘‘കൂട്ടുകാരേ, ഒരബദ്ധം പറ്റീട്ടാ. ‘സർവം മായ’യുടെ സക്സസ് സെലിബ്രേഷനുള്ള ക്ഷണം എനിക്കും കിട്ടി. സന്തോഷമായി ഞായറാഴ്ചയാകാൻ കാത്ത് കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നു. ഞാൻ ഒരുങ്ങിക്കെട്ടി പുറപ്പെട്ടു. നിവിൻ പോളിയെ കാണാം, ഡെലൂലുവിനെ കാണാം. ഷീൽഡ് കിട്ടും. അടിപൊളി. സന്തോഷം സന്തോഷം. അങ്ങനെ സൂർത്തുക്കളെ ഞാൻ ചാക്കോളാസ് പവലിയനിൽ ഊബറിൽ എത്തുന്നു.
സെക്യൂരിറ്റി ചോദിക്കുന്നു.‘മാഡം,ഏത് പ്രോഗ്രാമിനാണ് വന്നത് ?’ , ‘സർവം മായ’, ഞാൻ പറഞ്ഞു തീർക്കുന്നേനു മുന്നേ പുള്ളി മാഡം ആ പരിപാടി ഇന്നലെ ആയിരുന്നു. അടിപൊളി ഡ്രൈവർ നാസിയുടെ കമന്റ്. ഞാനുറക്കെ ചിരിച്ചു( ഉള്ളിൽ കരഞ്ഞു ). നാസി നോമ്പു തുറക്കാനുള്ള പാകത്തിന് വീട്ടിലേക്കുള്ള യാത്രയിൽ ആയിട്ടു പോലും തിരിച്ചെന്നെ വീട്ടിൽ കൊണ്ടാക്കി.
എന്റെ തെറ്റാണ് എന്റെ മാത്രം തെറ്റാണ് എല്ലാം. ഇതിപ്പോ പല തവണയായി ഡേറ്റ് മാറിപ്പോകൽ. വയസാകുന്നേന്റെ ആണെന്നെങ്ങാനും പറഞ്ഞാൽ കൊല്ലും ഞാൻ. ഡോക്ടർ പറഞ്ഞല്ലോ ആബ്സെന്റ് മൈൻഡ് ആണെന്ന്.
ഇനി ശ്രദ്ധിച്ചോളാം സാറേ. ചിത്രത്തിൽ ആർമാദിക്കാൻ തുള്ളിച്ചാടി പുറപ്പെട്ട ലെ ഞാൻ, എന്റെ ദുരന്തമറിഞ്ഞ് ഷീൽഡ് വീട്ടിലെത്തിച്ചു തന്ന സംവിധായകൻ അഖിൽ സത്യനും ആദർശിനും ഒരുപാട് നന്ദി സ്നേഹം ഉമ്മ.’’ഷൈനി സാറയുടെ വാക്കുകൾ.