കൗമാരക്കാർക്കായി ഗൂഗിൾ പേ അവതരിപ്പിച്ച "പോക്കറ്റ് മണി' എന്ന പുതിയ ഫീച്ചറിന്റെ പ്രചാരണത്തിനായി വ്യത്യസ്തമായ ഹ്രസ്വ സിനിമകൾ പുറത്തിറക്കി. എൻപിസിഐയുമായി സഹകരിച്ച് യുപിഐ സർക്കിൾ വഴിയാണ് ഈ നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പരസ്യ ഏജൻസിയായ ടിബിഡബ്ല്യുഎ/ലിന്റാസ് ആണ് ഈ കാമ്പയിനിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
കൗമാരക്കാർ ഡിജിറ്റൽ പേയ്മെന്റുകൾക്കായി മാതാപിതാക്കളെ ആശ്രയിക്കുന്ന ദൈനംദിന സാഹചര്യങ്ങളാണ് ഈ സിനിമകളിൽ ചിത്രീകരിച്ചിരിക്കുന്നത്. കൗമാരക്കാരുടെ യുപിഐ ഐഡി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി സുരക്ഷിതമായി ബന്ധിപ്പിക്കാൻ ഈ ഫീച്ചർ സഹായിക്കും. ഇതിലൂടെ കുട്ടികൾക്ക് സ്വന്തമായി ഇടപാടുകൾ നടത്താമെങ്കിലും ഓരോ പേയ്മെന്റിലും രക്ഷിതാക്കൾക്ക് പൂർണമായ നിയന്ത്രണവും നിരീക്ഷണവും ഉണ്ടായിരിക്കും.
പതിനഞ്ചുകാരനായ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയാണ് ഈ സിനിമകളിലെ പ്രധാന ആകർഷണം. ട്യൂഷൻ ക്ലാസുകളിൽ പോകുമ്പോഴും ഐപിഎല്ലിൽ റിക്കാർഡുകൾ തകർക്കുമ്പോഴും കൗമാരക്കാർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും ഒപ്പം അവർ പാലിക്കേണ്ട ഉത്തരവാദിത്തത്തെയുമാണ് ഗൂഗിൾ പേ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
കുട്ടികളെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ പഠിപ്പിക്കാനും പണം കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കാനും ഈ ഫീച്ചർ സഹായിക്കുമെന്ന് ടിബിഡബ്ല്യുഎ ക്രിയേറ്റീവ് പ്രസിഡന്റ് വാസുധ മിശ്ര പറഞ്ഞു.
ഐപിഎൽ 2026 സീസണിലുടനീളം ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഈ കാമ്പയിൻ സജീവമായിരിക്കും.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി യുവതലമുറയെ സാമ്പത്തിക സാക്ഷരതയിലേക്ക് നയിക്കുന്നതിൽ ഈ നീക്കം വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.