കോഴിക്കോട്: കേരള കോൺഗ്രസ് - എം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു. പാർട്ടിയും മുന്നണിയും തന്നെ ചതിച്ചെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ കേരള കോൺഗ്രസ് എമ്മിന് നൽകിയ കുറ്റ്യാടി സീറ്റിൽ സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചത് മുഹമ്മദ് ഇഖ്ബാലിനെയായിരുന്നു.
എന്നാൽ സിപിഎം പ്രാദേശിക എതിർപ്പിനെ തുടർന്ന് മാറിക്കൊടുത്തു. അതിന് പകരമായി ഇത്തവണ കുറ്റ്യാടിയോ പേരാമ്പ്രയോ നൽകുമെന്ന് സിപിഎം നേതൃത്വം ഉറപ്പു നൽകിയിരുന്നു. ഇതോടെ മുഹമ്മദ് ഇഖ്ബാൽ പേരാമ്പ്രയിൽ ക്യാമ്പ് ചെയ്തു പ്രവർത്തനവും നടത്തിയിരുന്നു. എന്നാൽ പേരാമ്പ്ര വിട്ടു നൽകാൻ സിപിഎം തയാറായില്ല.
സിൽക്ക് ചെയർമാൻകൂടിയായ മുഹമ്മദ് ഇഖ്ബാൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2011 ലും 2016 ലും മുഹമ്മദ് ഇഖ്ബാൽ പേരാമ്പ്രയിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.