Kerala
കോട്ടയം: പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പോലീസിൽ പരാതി നൽകി.
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലറായ ബിജു മാത്യൂസ് ചൊവ്വാഴ്ച ചെയർപേഴ്സന്റെ ക്യാബിനിൽ കയറിയെന്നും അതിനുശേഷമാണ് ഫയലും വാച്ചും കാണാതായതെന്നുമാണ് ആരോപണം.
അതേസമയം നഗരസഭ അധ്യക്ഷയുടെ പരാതി കൗൺസിലർ ബിജു മാത്യൂസ് തള്ളി. കഴിഞ്ഞദിവസം യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വച്ച് കൗൺസിലർമാരായ ബിനു പുളിക്കകണ്ടവും സഹോദരൻ ബിജു പുളിക്കകണ്ടവും കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് മോഷണ പരാതിയും എത്തുന്നത്. കൈയേറ്റം ചെയ്ത കേസിൽ മഹസർ തയാറാക്കാൻ എത്തിയ പോലീസുകാർക്കൊപ്പം നഗരസഭയിൽ പോവുക മാത്രമാണ് ചെയ്തതെന്നും ബിജു മാത്യൂസ് പറഞ്ഞു.
മുൻപ് പാലാ നഗരസഭയിൽനിന്നും എയർപോഡ് മോഷണം പോയിരുന്നു. അന്ന് ആരോപണ വിധേയനായ കൗൺസിലറായിരുന്നു ബിനു പുളിക്കണ്ടം. ഇന്ന് വീണ്ടും മോഷണ ആരോപണം ഉയരുമ്പോൾ കേസിൽ പരാതിക്കാരി ബിനു പുളിക്കകണ്ടത്തിന്റെ മകളായ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം ആണ്.
യുഡിഎഫ് പിന്തുണയിൽ ചെയർപേഴ്സൺ ആയ സ്വതന്ത്ര അംഗം ദിയാ ബിനു കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി നൽകിയതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധിയാണ്.
Kerala
കോഴിക്കോട്: മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. റവന്യൂ ഇന്‍സ്പെക്ടര്‍ ധന്യ ജയറാമിനാണ് പരിക്കേറ്റത്. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയതായിരുന്നു സ്ത്രീ.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയിൽപ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു.
ഓഫീസിലെ ഫയലുകൾ ഇവർ വലിച്ചെറിയുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്റ്റാഫുകൾക്കും പരിക്കേറ്റിട്ടുണ്ട്.
District News
ഒറ്റപ്പാലം: വേനലിന്റെ വറുതിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായികൊണ്ടിരിക്കെ ഇതിന് പരിഹാരം കാണേണ്ട നഗരസഭ മുൻ വർഷം ചെയ്ത താത്കാലിക പദ്ധതിപോലും വേണ്ടെന്നുവെച്ചതായി ആക്ഷേപം.
കഴിഞ്ഞ വേനലിൽ ഏറെ ഉപകാരപ്പെട്ടിരുന്ന തോടുകളിൽ താത്കാലികമായി നിർമിച്ചിരുന്ന തടയണകളുടെ നിർമാണമാണ് ഇത്തവണ അധികൃതർ വേണ്ടന്ന് വെച്ചത്.
കണ്ണിയംപുറം, കിഴക്കേതോടുകളിൽ വേനലാവുന്നതിനുമുമ്പ് കെട്ടിയിരുന്ന തടയണകളാണ് നഗരസഭ ഇത്തവണ സ്ഥാപിക്കാതിരുന്നത്.ഈ തടയണകൾ കിണറുകളിൽ വെള്ളം നിലനിർത്തുന്നതിനും കാർഷികാവശ്യത്തിനും ഗുണകരമായിരുന്നു.കുടിവെള്ളത്തിന് ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടെയാണ് തോടുകളിലെ വെള്ളവും വറ്റിയിരിക്കുന്നത്.
കണ്ണിയംപുറത്ത് പനമണ്ണ തോട്ടുപാലം, ലക്ഷംവീടിനുസമീപം, തിരുവോർത്ത് പാറ, പൂക്കാട്ടുകുറുശി, കിഴക്കേതോട്ടിൽ കോലോത്ത്കുന്ന് കുടിവെള്ളപദ്ധതിക്ക് സമീപം എന്നിവടങ്ങളിലാണ് എല്ലാവർഷവും തടയണ നിർമിക്കാറുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ മണൽചാക്കുകൾ നിറച്ചാണ് തടയണകൾ കെട്ടാറുള്ളത്. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്നുള്ള വെള്ളവും തടയണയിൽ സംഭരിക്കാൻ കഴിയുമായിരുന്നു.വേനലെത്തിയാൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളാണ് കണ്ണിയംപുറം, പനമണ്ണ മേഖലകൾ.
നഗരസഭയുടെ സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്ന് വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും വേനലിന്റെ കാഠിന്യത്തിൽ ഇടക്കിടെ തടസപ്പെടാറുണ്ട്. ചില പാടശേഖരസമിതികൾ തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കാറുണ്ടായിരുന്നത്. പച്ചക്കറി കൃഷിക്കും ആശ്രയം ഈ വെള്ളം തന്നെയായിരുന്നു. ഇപ്പോൾ തോട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് മോട്ടോർവെച്ച് പമ്പ് ചെയ്താണ് ചിലർ കൃഷിക്ക് ഉപയോഗിക്കുന്നത്.
ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയ പാലം നിർമിക്കുന്നതിനാലാണ് ഇത്തവണ തടയണകൾ കെട്ടാതിരുന്നതെന്ന വിചിത്രമായ മറുപടിയാണ് ഇക്കാര്യത്തിൽ നഗരസഭ അധികൃതരുടേത്.
District News
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലില്‍ ഉദ്യോഗസ്ഥര്ക്കെതിരേ മോഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിരത്തി കൗണ്‍സിലര്‍മാര്‍.
വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരുടെ മുറികളില്‍ പതിപ്പിച്ചിരുന്ന മുന്‍കാല ചെയര്‍പേഴ്സണ്‍മാരുടെ പേരും കാലാവധിയും രേഖപ്പെടുത്തിയിരുന്ന ബോര്‍ഡ് കാണാനില്ലെന്ന പരാതിയാണ് ആദ്യം കൗണ്‍സിലില്‍ ഉയര്‍ന്നത്.
തേക്ക് തടിയില്‍ തീര്‍ത്തിട്ടുള്ള ബോര്‍ഡ് വില പിടിപ്പുള്ളതാണെന്നും ആ ബോര്‍ഡ് കൈക്കലാക്കിയവരെ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും കൗണ്‍സിലര്‍ സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. താന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നപ്പോള്‍ 198 കസേരകള്‍ വാങ്ങിച്ചുവെന്നും ഇപ്പോള്‍ നൂറെണ്ണം പോലും നഗരസഭയില്‍ കാണാന്‍ സാധ്യതയില്ലെന്നും കൗണ്‍സിലര്‍ ആര്. അജിത ആരോപിച്ചു. എസ്.എസ്. ജയകുമാര്‍ ചെയര്‍മാനായിരുന്ന സമയത്ത് നടത്തിയ ലേല സാമഗ്രികള്‍ നഗരസഭയില്‍ നിന്നും ലേലം പിടിച്ചവര്‍ അറിയാതെ അപ്രത്യക്ഷമായ സംഭവം കൗണ്‍സിലര്‍ സലിം വിവരിച്ചു.
കെട്ടിടങ്ങളുടെ നന്പര് നല്‍കുന്നതിലെ അപാകത, നഗരസഭയിലെത്തുന്ന ഉപഭോക്താക്കളോട് ധിക്കാരത്തോടെയുള്ള പെരുമാറ്റം, അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിലെ സ്കേറ്റിംഗ് റിങ്ക് സ്വകാര്യ വ്യക്തിക്ക് ഉപയോഗിക്കാന്‍ നല്‍കിയതിലെ അനാസ്ഥ എന്നിങ്ങനെ വിവിധ പരാതികള്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്ക്കെതിരേ കൗണ്‍സിലില്‍ ഉയര്‍ന്നു.
26 പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഈ സാന്പത്തിക വര്‍ഷം ആരംഭിക്കേണ്ടതുണ്ടന്നു നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര് ഹീബ കൗണ്‍സിലിനെ അറിയിച്ചു. ഡിപിസി ചേര്‍ന്നാലേ ഇതു സംബന്ധിച്ച നടപടികള്‍ നടക്കുകയുള്ളൂ. ഈ പ്രവൃത്തികളുടെ കരാര്‍ തയാറാക്കുന്പോള്‍ പദ്ധതി പൂര്‍ത്തിയാക്കുന്ന കാലാവധി സംബന്ധിച്ചും കരാറില്‍ വ്യക്തമാക്കിയിരിക്കണം.
അടുത്ത ദിവസം തന്നെ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കോണ്ട്രാക്ടര്മാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്. കരാര്‍ ഏറ്റെടുത്തിട്ടും പണി കൃത്യമായി പൂര്‍ത്തിയാക്കാത്ത കോണ്ട്രാക്ടര്മാരുടെ ലിസ്റ്റ് നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹീബ പറഞ്ഞു.
Kerala
കൊച്ചി: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രപരിസരത്തെ ഭൂമി നഗരസഭയ്ക്കു കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ.
സാംസ്കാരിക നിലയം സ്ഥാപിക്കാന്‍ 31.8 സെന്റ് ഭൂമി കൊട്ടാരക്കര നഗരസഭയ്ക്ക് മൂന്നു വര്‍ഷത്തേക്കു പാട്ടത്തിന് നല്‍കാനുള്ള ഫെബ്രുവരി 20ലെ റവന്യു വകുപ്പിന്റെ ഉത്തരവാണ് ജസ്റ്റീസുമാരായ വി.രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.
ഹിന്ദു ഐക്യവേദി ഭാരവാഹികളായ വി. സുരേഷ്, ഗോപാലകൃഷ്ണന് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Kerala
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കേസെടുത്ത് പോലീസ്. പീഡനം, എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്.
നിലവിൽ ഒളിവിലാണ് പ്രശോഭ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്.
മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.
Kerala
പാലക്കാട്: നഗരസഭ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് കൗൺസിലറെ ഒഴിവാക്കി. കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് യുഡിഎഫ് കൗൺസിലർ പ്രശോഭിനെ ഒഴിവാക്കിയത്.
കൗൺസിൽ യോഗം ആരംഭിച്ച് 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിംഗ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഗുളിക വാങ്ങാൻ പോയതിനാലാണ് വൈകിയതെന്ന് പ്രശോഭ് വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. .
Kerala
തിരുവല്ല: നഗരസഭാധ്യക്ഷയായി കേരള കോണ്‍ഗ്രസിലെ എസ്. ലേഖ തെരഞ്ഞെടുക്കപ്പെടും. വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ കെ.വി. വര്‍ഗീസിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
നഗരസഭ 21 ാം വാര്‍ഡിനെയാണ് ലേഖ പ്രതിനിധീകരിക്കുന്നത്. കെ.വി. വര്‍ഗീസ് നഗരസഭ മുന്‍ ചെയര്മാന് കൂടിയാണ്. പത്താംവാര്‍ഡ് പ്രതിനിധിയാണ് കെ.വി. വര്‍ഗീസ്.
നാലുവര്‍ഷം ലേഖയ്ക്ക് ചെയര്മാന് സ്ഥാനം ലഭിക്കും. പിന്നീട് മുസ് ലിംലീഗിലെ ജ്യോതി വിജയന് അധ്യക്ഷയാകും. വൈസ് ചെയര്മാന് സ്ഥാനത്ത് രണ്ടാം ടേമില്‍ സാറാമ്മ ഫ്രാന്‍സിസ് എത്തും.
പന്തളത്ത് കൃഷ്ണകുമാരി
പന്തളം: പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മിലെ എം.ആര്. കൃഷ്ണകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 34 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 14 അംഗങ്ങളാണുള്ളത്.
11 അംഗങ്ങളുള്ള യുഡിഎഫ് സുനിത വേണുവിനെയാണ് മത്സരിപ്പിക്കുന്നത്. ഒമ്പതംഗങ്ങളുള്ള ബിജെപി മുന്‍ അധ്യക്ഷ സുശീല സന്തോഷിനെയും മത്സരിപ്പിക്കുന്നു.
Kerala
അടൂര്‍: യുഡിഎഫ് ഭരണത്തിലെത്തിയ അടൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിലെ റീന ശാമുവേല്‍ അധ്യക്ഷയാകും. വൈസ് ചെയര്മാന് സ്ഥാനത്തേക്ക് ഡി. ശശികുമാറിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അടൂര്‍ നഗരസഭയിലെ വീതംവയ്പ് അവസാനം രമ്യതയിലെത്തിയത്. സീനിയര്‍ കൗണ്‍സിലറായ റീനാ ശാമുവേല്‍ അഞ്ചുവര്‍ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മൂന്നുവര്‍ഷമായി പരിമിതപ്പെടുത്തിയപ്പോള്‍ സ്ഥാനം രാജിവയ്ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.
ചര്‍ച്ചകള്‍ക്കൊടുവില്‍ റീനയ്ക്ക് ആദ്യ മൂന്നുവര്‍ഷവും പിന്നീടുള്ള ഓരോ വര്‍ഷം പ്രീതു ജഗത്, മുംതാസ് എന്നിവര്‍ക്കായി നല്‍കും. വൈസ് ചെയര്മാന് സ്ഥാനം ആദ്യം ഡി. ശശികുമാറിനാണ്. പിന്നീട് ബിജു വര്‍ഗീസ് സ്ഥാനത്തെത്തും.
13 ാം വാര്‍ഡ് കൗണ്‍സിലറായ റീന ശാമുവേല്‍ ഇത് മൂന്നാംതവണയാണ് കൗണ്‍സിലറാകുന്നത്. 12 ാം വാര്‍ഡ് കൗണ്‍സിലറായ ശശികുമാറിന്റെ കൗണ്‍സിലര്‍ സ്ഥാനത്തെ നാലാം ടേമാണ്.
District News
വൈക്കം: നഗരസഭയിൽ 13 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ യുഡിഎഫ് സ്വതന്ത്രരെ കൂടെക്കൂട്ടി ഭരണത്തിലേറാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ആകെയുള്ള 27 സീറ്റിൽ യുഡിഎഫ് -13, എൽഡിഎഫ് -ഏഴ്, എൻഡിഎ -മൂന്ന്, എൽഡിഎഫ് സ്വതന്ത്രർ-രണ്ട്, സ്വതന്ത്രർ -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
കേവല ഭൂരിപക്ഷത്തിന്14 അംഗങ്ങൾ വേണമെന്നിരിക്കേ രണ്ടു സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് അനിവാര്യമാണ്.കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണം സുഗമമാകണമെങ്കിൽ സ്വതന്ത്ര അംഗങ്ങളെ കൂടെ നിർത്താനുള്ള തന്ത്രങ്ങൾ യുഡിഎഫ് നേതൃത്വം മെനയുകയാണ്.
കഴിഞ്ഞ തവണയും വലിയ ഒറ്റക്കക്ഷിയായിമാറി യുഡിഎഫ് ഭരണം നേടിയിരുന്നു.
Kerala
തിരുവനന്തപുരം: പന്തളം നഗരസഭയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടപ്പോൾ എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
എൽഡിഎഫിന് 14 സീറ്റാണ് ലഭിച്ചത്. യുഡിഎഫിന് 11 സീറ്റും ബിജെപിക്ക് ഒന്‍പത് സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണ പാലക്കാടിന് പുറമെ എൻഡിഎ അധികാരത്തിലുണ്ടായിരുന്ന മുനിസിപ്പാലിറ്റിയാണ് പന്തളം.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണം ഉറപ്പിച്ച് എൻഡിഎ. ഒരു സീറ്റിന്റെ ലീഡിലാണ് ഭരണം ഉറപ്പിച്ചത്. എൻഡിഎയ്ക്ക് 21 സീറ്റാണ് ലഭിച്ചത്.
രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് 20 സീറ്റാണ് കിട്ടിയത്. മൂന്നമതുള്ള യുഡിഎഫിന് 12 സീറ്റാണുള്ളത്.
District News
സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റിയിലെ റോഡുകൾ തകർന്നതോടെ ദുരിത്തിലായി യാത്രക്കാർ.തൊടുവെട്ടി, തേലംപറ്റ റോഡുകൾ ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായി. തൊടുവെട്ടി റോഡ് തകർന്നിട്ട് പത്തു വർഷത്തോളമായെന്ന് നാട്ടുകാർ പറഞ്ഞു. പലഭാഗത്തും ടാർ മുഴുവനായും ഇളകി.
ടാറിംഗ് പോയതോടെ റോഡിന്റെ വശങ്ങളിൽ പലയിടത്തും അപകടകരമായ ഉയരവ്യത്യാസമാണ്. വാർഡിലെ കൗണ്‍സിലർമാരോട് പരാതി പറഞ്ഞിട്ടും ഗുണമൊന്നുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീഴുന്നത് സ്ഥിരമാണ്.
ബത്തേരി ടൗണിൽ തിരക്കേറുന്പോൾ ദേശീയപാത 776 ലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്ന പാതകൂടിയാണിത്. മൈസൂരു ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്ക് ബത്തേരിയിലെ തിരക്കൊഴിവാക്കി ഊട്ടി റോഡിലേക്ക് എത്താവുന്ന വഴി കൂടിയാണിത്.
ആശുപത്രി, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിലേക്കു കുട്ടികളടക്കം ഒട്ടേറെ ആളുകൾ ദിവസേന സഞ്ചരിക്കുന്നതും ഇതുവഴിയാണ്. ഒട്ടനവധി ഉന്നതികൾ ഉള്ള ഈ പ്രദേശത്തെ റോഡ് അടിയന്തരമായി പുനരുദ്ധരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.