തൃശൂർ: ജാമ്യത്തിലിറങ്ങി ഒളിവിൽപോയ കൊലപാതകക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. നെന്മണിക്കര മടവാക്കര സ്വദേശി കുന്നൻവീട്ടിൽ കൊച്ചുപോൾ എന്നുവിളിക്കുന്ന രവി (63) യെയാണ് ഒല്ലൂരിൽനിന്ന് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
2024 നവംബർ ഒന്നിനാണു കേസിനാസ്പദമായ സംഭവം. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ രവി ബന്ധുവായ പോൾ എന്നയാളെ മരക്കട്ടകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊക്കാലെ അടയ്ക്ക മാർക്കറ്റ് റോഡിന്റെ തെക്കുവശത്തുള്ള കെട്ടിടത്തിനുള്ളിലാണ് കൊലപാതകം നടന്നത്. കേസിൽ ഇയാളെ കോടതി റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ പ്രതി കേരളംവിട്ട് ഒളിവിൽ പോകുകയായിരുന്നു.
ഇയാൾ തിരിച്ചെത്തിയെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പിടികൂടിയത്. ഇൻസ്പെക്ടർ കിരണ്‍ സി. നായർ, സബ് ഇൻസ്പെക്ടർമാരായ റെജിൻരാജ്, വരുണ്‍, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ധനേഷ്, അജ്മൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.